നിര്‍ഭയ കേസ്; പ്രതികളുടെ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും

ദില്ലി: കൂട്ട ബലാത്സംഗകേസിലെ പ്രതികള്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. വധശിക്ഷ ശരി വച്ചതിന് എതിരായ ഹര്‍ജിയാണ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

പ്രതികളായ മുകേഷ് സിംഗ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത എന്നീ പ്രതികളാണ് പുനഃപരിശോധന ഹര്‍ജി നല്‍കിയിരിക്കുന്നത്. പ്രതികള്‍ക്ക് വിചാരണ കോടതി വധ ശിക്ഷ വിധിക്കുകയും ഹൈക്കോടതിയും സുപ്രീംകോടതിയും അത് ശരി വയ്ക്കുകയും ചെയ്തിരുന്നു.

ഇതാണ് പ്രതികള്‍ പുനഃപരിശോധന ഹര്‍ജിയിലൂടെ ചോദ്യം ചെയ്യുന്നത്. സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ് നടന്നത് എന്ന പരാമര്‍ശത്തോടെയാണ് വധശിക്ഷ സുപ്രീംകോടതി ശരി വച്ചത്. ഡിഎന്‍എ പരിശോധന, മെഡിക്കല്‍ പരിശോധന ഫലം, പെണ്‍കുട്ടിയുടെ മരണമൊഴി എന്നിവ പരിഗണിക്കുമ്പോള്‍ പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

പ്രതികള്‍ ചെയ്ത കൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വം ആണെന്ന് കോടതി വിലയിരുത്തിയിരുന്നു.

2012 ഡിസംബര്‍ 16നാണ് പെണ്‍കുട്ടിയെ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തത്. രണ്ടു ദിവസത്തിന് ശേഷം സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി. രാജ്യ വ്യാപകമായി വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവമായിരുന്നു ഇത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here