ആധുനിക ഫുട്‌ബോളിലെ മിന്നും താരമായ ലയണല്‍ മെസി ആരാധകരുടെ പ്രിയതാരമാണ്. ബാഴ്‌സലോണ ക്ലബും അങ്ങനെ തന്നെ. മെസിക്കാലത്തിന് മുമ്പു തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ട ടീമാണ് ബാഴ്‌സ.

റിവാള്‍ഡോയും റൊണാള്‍ഡീന്യോയുമെല്ലാം ബാഴ്‌സലോണയുടെ പകിട്ട് ആകാശത്തോളമെത്തിച്ചവരാണ്. എന്നാല്‍ ഇപ്പോള്‍ കറ്റാലന്‍ വമ്പന്‍മാര്‍ മുമ്പില്ലാത്ത വിധം പ്രതിസന്ധിയിലാണ്.

സ്‌പെയിനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയന്‍ പ്രവിശ്യയുടെ ഭാവിയെ ആശ്രയിച്ചാണ് ബാഴ്‌സയുടേയും നിലനില്‍പ്പ്. കാറ്റലോണിയ പുറത്തായാല്‍ ബാഴ്‌സ ലാലിഗയില്‍ നിന്ന് പുറത്താകും.

അതിനിടയിലാണ് അര്‍ജന്റീനന്‍ നായകന്‍ ബാഴ്‌സലോണയ്ക്ക് ശേഷം കളിക്കാനാഗ്രഹിക്കുന്ന ക്ലബിനെക്കുറിച്ച് വെളപ്പെടുത്തല്‍ നടത്തിയത്.

ബാഴ്‌സലോണ വിട്ടാല്‍ മെസി ഏത് ക്ലബ്ബിലാകും കളിക്കുക എന്ന ചോദ്യം ആരാധകരുടെയും ആശങ്കയായിരുന്നു. എന്നാല്‍ ഇതിഹാസ താരം തന്നെ ആ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിരിക്കുകയാണ്.

അഭ്യൂഹങ്ങള്‍ക്ക് ഇടം കൊടുക്കാതെയാണ് മെസിയുടെ തകര്‍പ്പന്‍ ഗോള്‍. ബാഴ്‌സലോണയില്‍ നിന്ന് പടിയിറങ്ങിയാല്‍ ലാലിഗ, ഇംഗ്ലിഷ് ക്ലബുകളൊന്നും മെസിയെ സ്വന്തമാക്കാമെന്ന് പ്രതീക്ഷിക്കേണ്ട.

ഫുട്‌ബോള്‍ ലോകത്തെ മിശിഹ അര്‍ജന്റീനിയന്‍ ക്ലബ്ബ് ന്യൂവെയില്‍സ് ഓള്‍ഡ് ബോയ്‌സിന് വേണ്ടിയേ ബാഴ്‌സയ്ക്ക് ശേഷം പന്തുതട്ടുകയുള്ളു. മിശിഹ കളി തുടങ്ങിയത് ഈ ക്ലബ്ബില്‍ ആയിരുന്നു. 1994 മുതല്‍ 6 വര്‍ഷം മെസ്സി ന്യൂവെയില്‍ ഓള്‍ഡ് ബോയ്‌സില്‍ കളിച്ചിരുന്നു.

ന്യൂവെല്ലിലേയ്ക്ക് തിരിച്ചു വരിക എന്നത് തന്റെ സ്വപ്നമാണെന്നാണ് മെസിയുടെ പ്രതികരണം. ബാഴ്‌സലോണയുമായുള്ള മെസിയുടെ കരാര്‍ 2018ല്‍ അവസാനിക്കും. ബാഴ്‌സലോണയോടുള്ള സ്‌നേഹം കൂടിയാണ് മിശിഹ തുറന്നുപറഞ്ഞിരിക്കുന്നത്.