ന്യൂഡും സെക്സി ദുര്‍ഗയും ചലച്ചിത്രമേളയില്‍ നിന്നൊ‍ഴുവാക്കിയതില്‍ പ്രതിഷേധിച്ച് ജൂറി തലവന്‍ സുജോയ് ഘോഷ് രാജിവെച്ചു; പ്രതിഷേധം അലയടിക്കുന്നു

പനാജി:ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്ഐ)യുടെ ജൂറി തലവൻ സുജോയ് ഘോഷ് രാജിവെച്ചു. ചലച്ചിത്രമേളയിൽനിന്നു സനൽകുമാർ ശശിധരന്റെ ‘എസ് ദുർഗ’യും മറാത്തി സംവിധായകൻ രവി ജാദവിന്റെ ‘ന്യൂഡും’ പിൻവലിച്ചതിൽ പ്രതിഷേധിച്ചാണ് രാജി.

വാർത്താവിതരണ- പ്രക്ഷേപണ മന്ത്രാലയം ഇടപെട്ടാണ് ഇന്ത്യൻ പനോരമ വിഭാഗത്തിൽനിന്നു ചിത്രങ്ങൾ പിൻവലിച്ചതെന്ന അഭ്യൂഹം ശക്തമായിരിക്കെയാണു സംവിധായകൻ കൂടിയായ സുജോയ് ഘോഷ് രാജി വച്ചത്

13 അംഗ ജൂറിയുടെ തലവനായിരുന്നു ഘോഷ്. ‘കഹാനി’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കുള്ള ചിത്രങ്ങളെല്ലാം തിരഞ്ഞെടുത്തത്.

മന്ത്രാലയത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണു രാജിയെന്നു സുജോയ് ഘോഷ് വ്യക്തമാക്കി.
നവംബർ 20 മുതൽ 28 വരെയാണു ചലച്ചിത്രമേള. നവംബർ ഒൻപതിനു ഫീച്ചർ–നോൺ ഫീച്ചർ വിഭാഗത്തിലെ ഇന്ത്യൻ പനോരമ ചിത്രങ്ങളുടെ പുറത്തിറക്കിയപ്പോഴാണു രണ്ടു ചിത്രങ്ങൾ ഒഴിവാക്കിയതായി കണ്ടെത്തിയത്.

സെപ്റ്റംബർ 20നു സർക്കാരിനു കൈമാറിയ പട്ടികയാണു ചലച്ചിത്രമേള ആരംഭിക്കുന്നതിന് ഏതാനും ദിവസം മുൻപു മാത്രം പുറത്തുവിട്ടത്.

ജൂറി തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അംഗീകരിച്ചാണ് അന്തിമറിപ്പോർട്ട് പുറത്തിറക്കുന്നത്.

തങ്ങളോടു ചർച്ച ചെയ്യാതെ രണ്ടു ചിത്രങ്ങളും മന്ത്രാലയം പിൻവലിച്ചതിൽ ഏതാനും ജൂറി അംഗങ്ങൾ നേരത്തേത്തന്നെ പ്രതിഷേധം വ്യക്തമാക്കിയിരുന്നു. എന്നാൽ മന്ത്രാലയം ഇതിന്മേൽ നിശ്ശബ്ദത പാലിക്കുകയായിരുന്നു. അതിനിടെയാണു ഘോഷിന്റെ രാജി.

ഒട്ടേറെ രാജ്യാന്തര ചലച്ചിത്രമേളകളിൽ അംഗീകാരം നേടിയ ചിത്രമാണ് എസ് ദുർഗ. ആദ്യം നൽകിയ ‘സെക്സി ദുർഗ’ എന്ന പേരു വിവാദമായതിനെത്തുടർന്നാണു ‘എസ് ദുർഗ’യിലേക്കു മാറിയത്. മന്ത്രാലയത്തിന്റെ ഈ നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്നു സനൽകുമാർ പറഞ്ഞു.

ഒരു ആർട് സ്കൂളിലെ ന്യൂഡ് മോഡലായ യുവതിയുടെ ജീവിത സംഘർഷങ്ങളുടെ കഥ പറയുന്ന ചിത്രമാണു ‘ന്യൂഡ്’. ഈ ചിത്രമായിരുന്നു ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രവും.

തന്റെ ചിത്രം ഒഴിവാക്കിയതിനുള്ള കാരണം വ്യക്തമാക്കാനെങ്കിലും മന്ത്രാലയം തയാറാകണമെന്നു രവി ജാദവ് ആവശ്യപ്പെട്ടു. ഇക്കാര്യം കാണിച്ചു മന്ത്രാലയത്തിനു കത്തെഴുതും. സംഭവത്തിൽ കനത്ത പ്രതിഷേധവും അദ്ദേഹം രേഖപ്പെടുത്തി.

പുതിയ സാഹചര്യത്തിൽ വിനോദ് കാപ്രി സംവിധാനം ചെയ്ത ഹിന്ദി സിനിമ ‘പിഹു’വായിരിക്കും ഇന്ത്യൻ പനോരമയിലെ ഉദ്ഘാടനചിത്രം. 153 എൻട്രികളിൽനിന്ന് അഞ്ചു മുഖ്യധാരാ സിനിമകൾ ഉൾപ്പെടെ 26 ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയിലേക്കു തിരഞ്ഞെടുത്തിരിക്കുന്നത്. നോൺ ഫീച്ചർ വിഭാഗത്തിൽ 16 ചിത്രങ്ങളുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here