സര്‍ക്കാരിന് നിങ്ങളെ വിശ്വാസമില്ല; മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതാണ് ഉത്തമം; തോമസ് ചാണ്ടിക്ക് വീണ്ടും ഹൈക്കോടതിയുടെ പ്രഹരം

കൊച്ചി: കായല്‍ കൈയേറ്റ വിഷയത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മന്ത്രി ഹര്‍ജിയുമായെത്തിയതിനാണ് രാവിലെ വിമര്‍ശനമുണ്ടായതെങ്കില്‍ ഉച്ചയ്ക്ക് ശേഷം ഹര്‍ജി പിന്‍വലിക്കില്ലെന്ന തീരുമാനമാണ് ഹൈക്കോടതിയുടെ പ്രഹരത്തിന് കാരണമായത്.

ഹര്‍ജി പരിഗണിക്കണമെങ്കില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതാണ് ഉത്തമം എന്ന് ഹൈക്കോടതി ഡിവിഷന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ഒരു മന്ത്രിക്ക് താന്‍ അംഗമായ സര്‍ക്കാരിനെതിരെ എങ്ങനെ ഹര്‍ജി നല്‍കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു.

ഹര്‍ജിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ രാജിവയ്ക്കുന്നതാണ് ഉത്തമമെന്ന് ഹൈക്കോടതി ചൂണ്ടികാട്ടി. രാജിവച്ച ശേഷം കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന് നിങ്ങളെ വിശ്വാസമില്ലെങ്കില്‍ പിന്നെ തുടരുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു.

ഭൂമി കൈയേറ്റം സംബന്ധിച്ച് ആലപ്പുഴ കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.

അതേസമയം കായല്‍ കയ്യേറ്റ വിവാദവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമേറ്റുവാങ്ങിയ തോമസ് ചാണ്ടിയില്ലാതെ എന്‍ സി പിയുടെ നിര്‍ണായക യോഗം കൊച്ചിയില്‍ പുരോഗമിക്കുന്നു.

തോമസ് ചാണ്ടിയുടെ രാജിയടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യാനാണ് സാധ്യത. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമേറ്റവാങ്ങിയ സാഹചര്യത്തില്‍ എന്‍ സി പി യുടെ തീരുമാനം നിര്‍ണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here