പിഎസ്ജിയില്‍ ഹാപ്പിയല്ല; പൊട്ടിക്കരഞ്ഞ് നെയ്മര്‍; കൂടുമാറ്റം ഉടനുണ്ടായേക്കും

പാരീസ്: ബാഴ്സലോണ വിട്ട് ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജിയില്‍ ചേര്‍ന്നതില്‍ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ക്ക് ദുഃഖം. സ്പാനിഷ് റേഡിയോസ്റ്റേഷന്‍ ഒന്‍ഡെ കെറോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പിഎസ്ജിയില്‍ നെയ്മര്‍ അസ്വസ്ഥനാണ്. കോച്ച് ഉനായ് എമെറിയോടും സഹതാരങ്ങളോടും നല്ല ബന്ധത്തിലല്ല. പാരീസില്‍ ജപ്പാനെതിരായ സൌഹൃദമത്സരത്തിനുശേഷം നെയ്മര്‍ കരഞ്ഞത് ശ്രദ്ധിക്കപ്പെട്ടു.

പിഎസ്ജിയിലെ അസ്വാരസ്യങ്ങളുടെ പ്രതിഫലനമാണ് നെയ്മറുടെ കരച്ചിലില്‍ കണ്ടതെന്ന് സ്പാനിഷ് റേഡിയോ പറയുന്നു.

ഫുട്ബോള്‍ താരലേലവിപണി ചരിത്രത്തിലെ റെക്കോഡ് തുകയ്ക്കായിരുന്നു നെയ്മറെ ബാഴ്സയില്‍നിന്ന് പിഎസ്ജി റാഞ്ചിയത്. കളത്തില്‍ അസാമാന്യ പ്രകടനവും പിഎസ്ജിക്കായി നെയ്മര്‍ നടത്തി. 12 കളിയില്‍ 11 ഗോള്‍ നേടി.

ഇതിനിടെയാണ് പെനല്‍റ്റി എടുക്കുന്നതുമായി ബന്ധപ്പെട്ട് ഉറുഗ്വേക്കാരന്‍ എഡിന്‍സണ്‍ കവാനിയും നെയ്മറും തമ്മില്‍ തര്‍ക്കമുണ്ടായത്. പ്രശ്നങ്ങള്‍ ഒതുക്കിയെന്നായിരുന്നു പിഎസ്ജിയുടെ വാദം.

പക്ഷേ, രണ്ടാഴ്ചയായി ഡ്രെസിങ്റൂമില്‍ നെയ്മറും സഹതാരങ്ങളും രൂക്ഷമായ ചേരിതിരിവിലാണെന്നാണ് സൂചന. കോച്ച് എമെറിയുമായി തര്‍ക്കമുണ്ടായി.

കളിക്കാരില്‍ കവാനി, ഏഞ്ചല്‍ ഡി മരിയ എന്നിവരുമായി പ്രശ്നമുണ്ടാക്കി. നെയ്മറുടെ പെരുമാറ്റം സഹിക്കാന്‍ പറ്റാത്തതാണെന്ന് ഇരുവരും കോച്ചിനോട് അഭിപ്രായപ്പെട്ടു.

ഈ അസ്വസ്ഥത നെയ്മറെ കളത്തിലും ബാധിക്കുന്നുണ്ട്. മാഴ്സെയുമായുള്ള കളിക്കിടെ ചുവപ്പുകാര്‍ഡ് കിട്ടി നെയ്മര്‍ പുറത്തായിരുന്നു. ഇതിനിടെയാണ് ബാഴ്സ വിട്ടതില്‍ നെയ്മര്‍ ഖേദിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നത്.

പാരീസില്‍ കാണികളുടെ പ്രതികരണവും മോശമായിരുന്നു. സമീപകാലത്ത് രണ്ടുതവണ ബാഴ്സയിലെ കൂട്ടുകാരായ ലയണല്‍ മെസിയെയും ലൂയിസ് സുവാരസിനെയും നെയ്മര്‍ സന്ദര്‍ശിച്ചു.

ഈ ബ്രസീലുകാരന്‍തന്നെയാണ് ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ രേഖപ്പെടുത്തിയത്. ഒടുവില്‍ ജപ്പാനെതിരായ കളിക്കുശേഷം നെയ്മര്‍ കരഞ്ഞതും അഭ്യൂഹങ്ങളെ വലുതാക്കി. പിഎസ്ജിയിലെ സഹതാരം കൈലിയന്‍ എംബാപ്പെ ആരോപണങ്ങള്‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.

അതേസമയം നെയ്മര്‍ അധികം താമസിക്കാതെ തന്നെ പി എസ് ജിയില്‍ നിന്ന് പുറത്തുവരുമെന്ന റിപ്പോര്‍ട്ടുകളും സജീവമായിട്ടുണ്ട്. റയല്‍മാഡ്രിഡിലേക്ക് കൂടുമാറാനാണ് താരത്തിന് താല്‍പര്യമെന്നാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here