മുഖ്യമന്ത്രിയുമായി തോമസ് ചാണ്ടി കൂടിക്കാഴ്ച നടത്തി; പ്രതികരിക്കാതെ ചാണ്ടിയും പീതാംബരന്‍ മാസ്റ്ററും

തിരുവനന്തപുരം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തി രൂക്ഷ വിമര്‍ശനമേറ്റുവാങ്ങിയ ഗതാഗത മന്ത്രി തോമസ് ചാണ്ടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലെത്തിയാണ് തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കണ്ടത്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്ററും തോമസ് ചാണ്ടിക്കൊപ്പം ക്ലിഫ് ഹൗസിലെത്തിയിരുന്നു.

മന്ത്രിസഭാ യോഗം ചേരാനിരിക്കെയാണ് മുഖ്യമന്ത്രി തോമസ് ചാണ്ടിയെ വിളിപ്പിച്ചത്. ദില്ലിയ്ക്ക് പോകാനിരുന്ന ചാണ്ടി യാത്ര റദ്ദാക്കിയാണ് തിരുവനന്തപുരത്തെത്തിയത്.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കാതെ ഇരുവരും മടങ്ങി. അതേസമയം അല്‍പ്പസമയത്തിനകം മന്ത്രിസഭാ യോഗം തുടങ്ങും. തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വ്യക്തമാകുന്നത്.

അതേസമയം തിരക്കിട്ട കൂടിയാലോചനകളാണ് തലസ്ഥാനത്ത് നടക്കുന്നത്. എകെജി സെന്ററില്‍ മുഖ്യമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടില്ലെന്ന നിലപാടിലാണ് എന്‍സിപി ദേശീയ നേതൃത്വം.

ഇന്നലെ രാത്രി മാധ്യമങ്ങളെ കണ്ട തോമസ് ചാണ്ടിയാകട്ടെ കായല്‍കയ്യേറ്റ വിവാദവുമായി ബന്ധപ്പെട്ടുള്ള അന്തിമ വിധി എതിരാണെന്ന് ബോധ്യമായല്‍ രാജിവയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി പരാമര്‍ശങ്ങളുടെ പേരില്‍ മാത്രം രാജിവയ്ക്കില്ലെന്നും അന്തിമവിധിയില്‍ തനിക്കെതിര വിമര്‍ശനമുണ്ടെങ്കില്‍ രാജിവെക്കുമെന്നുമാണ് ചാണ്ടി പറഞ്ഞത്. പരാമര്‍ശങ്ങള്‍ക്ക് വിധിയുമായി ബന്ധമില്ലെന്ന് സുപ്രീം കോടതി നേരത്തെ തന്നെ പറഞ്ഞതാണ്.

തനിക്കെതിരെ എല്‍ഡിഎഫില്‍ പ്രശ്‌നങ്ങളൊന്നുമില്ല. മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന വിഷയങ്ങളാണുള്ളതെന്നും ചാണ്ടി പറഞ്ഞിരുന്നു.കോടതിയുടെ വിധിപ്പകര്‍പ്പ് കൈയില്‍ കിട്ടിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here