തകര്‍ന്നടിയുന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥ: ക്വാഡ് താങ്ങാകുമോ

അമേരിക്കയുടെ ആഗോള ആധിപത്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് ആ രാജ്യത്തിന്റെ കടുത്ത ആരാധകര്‍പോലും സമ്മതിക്കുന്ന കാര്യമാണ്. അതുകൊണ്ട് ലോകമേധാവിത്വത്തില്‍നിന്ന് അമേരിക്ക സ്വമേധയാ പിന്‍മാറുമെന്ന് ധരിക്കേണ്ടതില്ല. എന്നുമാത്രമല്ല, ഏതുവിധേനയും തങ്ങളുടെ അധീശത്വം നിലനിര്‍ത്താന്‍ ആവുന്നതെല്ലാം ചെയ്യാനും തയ്യാറാകും. തകരുന്ന സാമ്രാജ്യത്വ-മേധാവിത്വശക്തികള്‍ എല്ലാക്കാലത്തും ഇതുതന്നെയാണ് ചെയ്തതും. ഇപ്പോള്‍അമേരിക്ക ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നതും അത്തരമൊരു പ്രവൃത്തിയിലാണ്. ആഗോളരാഷ്ട്രീയത്തില്‍ ഉയര്‍ന്നുവരുന്ന രാജ്യങ്ങളെ എന്തുതന്ത്രം ഉപയോഗിച്ചും ചെറുത്തുകൊണ്ടാണ് തങ്ങളുടെ ക്ഷയിക്കുന്ന മേധാവിത്വശക്തിയെ താങ്ങിനിര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ട്രംപിന്റെ ഏഷ്യ പസിഫിക് സന്ദര്‍ശനവും അതുനല്‍കുന്ന രാഷ്ട്രീയസന്ദേശവും.

ആഗോളമേധാവിത്വം വഹിക്കുന്ന ഒരു രാജ്യം മറ്റൊരു രാജ്യത്തെയും ആ പദവിയിലേക്ക് ഉയര്‍ന്നുവരാന്‍ അനുവദിക്കില്ലെന്ന് അമേരിക്കന്‍ രാഷ്ട്രീയതന്ത്രജ്ഞനായ ജോണ്‍ മിയര്‍ ഷീമര്‍ ‘മഹാശക്തി രാഷ്ട്രീയത്തിന്റെ ദുരന്തം’” എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു രാജ്യം ഉയര്‍ന്നുവന്നാല്‍ സഖ്യരാജ്യങ്ങളുടെ സഹായത്താല്‍ ആ രാജ്യത്തെ ചുറ്റിവളഞ്ഞ് രാഷ്ട്രീയമായും സൈനികമായും സാമ്പത്തികമായും തടയാന്‍ ശ്രമിക്കും. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പ്രസിഡന്റായിരിക്കെ ബരാക് ഒബാമ തുടങ്ങിവച്ച “ഏഷ്യന്‍ അച്ചുതണ്ട്” (ഏഷ്യ പിവട്ട്) പദ്ധതി. ഇത്തരം ചില പദ്ധതികളും ആശയങ്ങളും ട്രംപിന്റെ ഏഷ്യ പസഫിക് യാത്രയില്‍ സജീവമായി ഉയര്‍ന്നുവരികയുണ്ടായി. ഇതില്‍ ഏറ്റവും പ്രധാനം പുതുതായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന “ഇന്തോ-പസഫിക്” എന്ന ആശയമാണ്.

2006 മുതല്‍ 2007വരെ ജപ്പാന്റെ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ഷിന്‍സോ ആബെ മുന്നോട്ടുവച്ചതാണ് “ഇന്തോ-പസഫിക്” എന്ന ആശയം. ഇന്ത്യന്‍ മഹാസമുദ്രവും ശാന്തസമുദ്രവും അടങ്ങുന്ന അതിവിപുലമായ മേഖലയെ സ്വതന്ത്രവും തുറന്നതുമാക്കുകയെന്നതാണ് “ഈ സങ്കല്‍പ്പത്തിന്റെ ഊന്നല്‍. “ഇന്തോ-പസഫിക്” എന്ന ആശയം മുന്നോട്ടുവയ്ക്കുന്ന ഷിന്‍സോ ആബെയുടെ മനസ്സിലിരിപ്പ് ഇതാണ്: ഈ മേഖലയെ ചൈനയുടെ സ്വാധീനത്തില്‍നിന്നു മുക്തമാക്കുക; അതിന് അമേരിക്ക നേതൃത്വം നല്‍കുക. പൂര്‍വേഷ്യ, ദക്ഷിണ പൂര്‍വേഷ്യ മേഖലയിലെ സ്വാധീനശക്തിയായി വളരുന്ന ചൈനയെ, ഇന്ത്യന്‍ മഹാസമുദ്ര- ശാന്തസമുദ്ര മേഖലകളില്‍ സ്ഥിതിചെയ്യുന്ന രാഷ്ട്രങ്ങളെക്കൂടി ഉള്‍പ്പെടുത്തി തടയുകയെന്നതാണ് “ഇന്തോ-പസഫിക്” മുന്നോട്ടുവയ്ക്കുന്ന തന്ത്രം. ഈ ആശയത്തോട് ഓസ്ട്രേലിയയും ഇന്ത്യയും താല്‍പ്പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു. 2004ല്‍ പ്രസിദ്ധീകരിച്ച ഇന്ത്യയുടെ നാവികസിദ്ധാന്തത്തില്‍ത്തന്നെ ഈ രണ്ടു മഹാസമുദ്രങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു നയത്തിലേക്കു മാറേണ്ടതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ഇന്ത്യ തുടരുന്ന “കിഴക്കുനോക്കി”നയം ഈ ആശയത്തിന് ഊന്നല്‍ നല്‍കുന്നുമുണ്ട്.

ഒബാമ തുടങ്ങിയതെല്ലാം തനിക്ക് അസ്വീകാര്യമാണെന്ന് സൂചിപ്പിക്കാന്‍ കൂടിയാണ് ട്രംപ് ഏഷ്യന്‍ അച്ചുതണ്ട് എന്ന പഴയവീഞ്ഞിനെ “ഇന്തോ-പസഫിക്” എന്ന പുതിയ കുപ്പിയില്‍ നിറയ്ക്കുന്നത്. “ഏഷ്യന്‍ അച്ചുതണ്ട് പദ്ധതി വിശദീകരിച്ചുകൊണ്ട് 2011ല്‍ അന്നത്തെ അമേരിക്കന്‍ വിദേശസെക്രട്ടറിയായിരുന്ന ഹിലരി ക്ളിന്റണ്‍ എഴുതിയ “’അമേരിക്കയുടെ പസഫിക് സെഞ്ച്വറി’” എന്ന ലേഖനം “ഇന്തോ-പസഫിക്”എന്ന ആശയംതന്നെയാണ് അവതരിപ്പിച്ചത്. ഇപ്പോള്‍ ട്രംപ് ഈ ആശയം ശക്തമായി അവതരിപ്പിക്കുന്നതിന് പല ലക്ഷ്യങ്ങളുണ്ട്. ഇന്ത്യയെ കൂടുതല്‍ സജീവമായി അമേരിക്കന്‍ കൂട്ടായ്മയിലേക്ക്കൊണ്ടുവരുകയെന്നതാണ് ഒരു ലക്ഷ്യം.

ട്രംപിന്റെ ഏഷ്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട മൂന്നുകാര്യങ്ങള്‍ പരിശോധിച്ചാല്‍ മറ്റൊരു ലോകശക്തിയായി വളര്‍ന്നുവരുന്നതില്‍നിന്ന് ചൈനയെ തടയുക എന്ന ലക്ഷ്യം അതിനുണ്ടെന്ന് വിലയിരുത്താനാകും. അവ മൂന്നും ചൈനയെ ചുറ്റിവളയുക എന്ന ലക്ഷ്യമിട്ടുകൊണ്ട് ആവിഷ്കരിച്ച “ഏഷ്യന്‍ അച്ചുതണ്ട് പദ്ധതി കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഉദ്ദേശിച്ചുള്ളതുമാണ്. ആദ്യത്തേത്, മുന്‍കാലങ്ങളില്‍ ഈ പ്രദേശത്തെ സൂചിപ്പിക്കാന്‍ സാധാരണ ഉപയോഗിക്കുന്ന പേരില്‍ ഇപ്പോള്‍ ബോധപൂര്‍വം വരുത്തിയിരിക്കുന്ന വ്യത്യാസമാണ്. “ഏഷ്യ പസഫിക്” എന്നതിനു പകരം ഇപ്പോള്‍ എല്ലാ പ്രസംഗങ്ങളിലും ട്രംപ് ഉള്‍പ്പെടെയുള്ളവരും മാധ്യമങ്ങളും ഉപയോഗിക്കുന്നത് “ഇന്തോ-പസഫിക്” എന്ന പേരാണ്.

എന്താണ് ഈ സംജ്ഞാമാറ്റംനല്‍കുന്ന സൂചന? ഇന്ത്യന്‍ മഹാസമുദ്രതീര രാജ്യമായ ഇന്ത്യയും ഇന്ത്യന്‍ മഹാസമുദ്രവും ശാന്തസമുദ്രവും അതിരിടുന്ന ഓസ്ട്രേലിയയും ഉള്‍പ്പെടെയുള്ള കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണയോടെ ഒബാമ മുന്നോട്ടുവച്ച “ഏഷ്യന്‍ അച്ചുതണ്ട് പദ്ധതി ശക്തമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ പേരുമാറ്റം. രണ്ടാമത്തേത്, “ഇന്തോ-പസഫിക്” എന്ന വിപുലീകൃത ആശയത്തിന്റെ സ്ഥാപനവല്‍ക്കരണം ലക്ഷ്യമാക്കിയുള്ള നീക്കമാണ്. അതിന്റെ ആദ്യഘട്ടം അമേരിക്കയുടെ നേതൃത്വത്തില്‍ ജപ്പാനും ഓസ്ട്രേലിയയും ഇന്ത്യയും ഉള്‍ക്കൊള്ളുന്ന ചതുര്‍രാഷ്ട്രസഖ്യം (ക്വാഡ്) രൂപീകരിക്കലാണ്. ഫിലിപ്പീന്‍സില്‍ നവംബര്‍ പന്ത്രണ്ടിനുനടന്ന ആസിയന്‍ സമ്മേളനത്തിലും അടുത്തദിവസം നടന്ന ഈസ്റ്റ് ഏഷ്യന്‍ ഉന്നതതലസമ്മേളനത്തിലും ഈ ആശയത്തെ അടിസ്ഥാനമാക്കി നാലുരാഷ്ട്രങ്ങളും ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയുണ്ടായി. ഇത് ചൈനയെ അയല്‍രാജ്യങ്ങളുടെ സഹായത്തോടെ ഏഷ്യയില്‍ത്തന്നെ ചുറ്റിവരിയാനുള്ള അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും നീക്കത്തിന്റെ ഭാഗമാണ്. ചൈന ഈ നീക്കത്തെ ഒരു ഏഷ്യന്‍ നാറ്റോയുടെ രൂപീകരണമെന്നാണ് വിശേഷിപ്പിക്കുന്നത്.

മൂന്നാമത്തേത്, “ഇന്തോ-പസഫിക്” എന്ന ആശയത്തിന്റെ സൈനികവല്‍ക്കരണമാണ്. ആയുധവ്യാപാരവും സംയുക്ത സൈനികാഭ്യാസവുമാണ് ഇതിന്റെ പ്രത്യേകത. ചൈനയെ സൈനികമായി ചുറ്റിവളയുന്നതിനും അമേരിക്കയുടെ ഏഷ്യന്‍ സഖ്യശക്തികള്‍ക്ക് ആത്മവിശ്വാസം പകരുന്നതിനുമായാണ് സംയുക്ത സൈനികാഭ്യാസങ്ങള്‍ സംഘടിപ്പിക്കുന്നത്. അമേരിക്കയും ഇന്ത്യയും ജപ്പാനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘മലബാര്‍ അഭ്യാസങ്ങള്‍ ഇതിന്റെ ഭാഗമാണ്. ട്രംപിന്റെ സന്ദര്‍ശനം നടന്നുകൊണ്ടിരിക്കുമ്പോള്‍ പടിഞ്ഞാറേ ശാന്തസമുദ്രമേഖലയില്‍ നടന്ന സംയുക്ത നാവികാഭ്യാസം ഇതിന്റെ തെളിവാണ്. പത്തുവര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇത്തരമൊരഭ്യാസത്തിന് അമേരിക്കയുടെ മൂന്ന് വിമാനവാഹിനിക്കപ്പലുകള്‍ പങ്കെടുക്കുന്നത്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ 19-ാം കോണ്‍ഗ്രസിന് തൊട്ടുപിന്നാലെ നടന്ന ട്രംപിന്റെ ഏഷ്യന്‍സന്ദര്‍ശനം അമേരിക്കയുടെ ശോഷിക്കുന്ന സ്വാധീനത്തെ വീണ്ടെടുക്കാനും സഖ്യശക്തികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുനല്‍കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാല്‍ ചൈനയും അമേരിക്കയും ഒപ്പുവച്ച 253 ബില്യണ്‍ ഡോളറിന്റെ കരാറുകളും ഷി ജിന്‍പിങ്ങിനോട് ട്രംപ് പുലര്‍ത്തിയ സൌഹൃദമനോഭാവവും ചൈനയ്ക്കെതിരായ നീക്കങ്ങളില്‍ അമേരിക്കന്‍ പിന്തുണ സംബന്ധിച്ച് സഖ്യരാജ്യങ്ങള്‍ക്ക് ആത്മവിശ്വാസമല്ല പകരുന്നത്. എന്നുമാത്രമല്ല, നാളുകള്‍ ചെല്ലുംതോറും ആഗോളതലത്തില്‍ ചൈനയ്ക്ക് അംഗീകാരം ഏറിവരുകയും അമേരിക്കയ്ക്ക് വന്‍ശക്തിപദവി നഷ്ടമാകുകയുമാണ്. വണ്‍ ബെല്‍റ്റ്, വണ്‍ റോഡ്’ പദ്ധതിക്കും ചൈനയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിനും ലഭിച്ച അംഗീകാരം അതിനുള്ള തെളിവാണ്.

അമേരിക്ക പിന്നോട്ടുപോകുമ്പോള്‍ ചൈന ആഗോളരാഷ്ട്രീയത്തിന്റെ നെറുകയിലേക്ക് വളരെവേഗം ഉയര്‍ന്നുവരുന്ന കാഴ്ചയ്ക്കാണ് ലോകം ഇന്ന് സാക്ഷ്യംവഹിക്കുന്നത്. ട്രംപിന്റെ ഏഷ്യ സന്ദര്‍ശനത്തെ വിലയിരുത്തിക്കൊണ്ട് കിഴക്കനേഷ്യന്‍ പണ്ഡിതനും എഴുത്തുകാരനുമായ റിച്ചാര്‍ഡ് ഹേദാരിയന്‍ സൌത്ത് ചൈനാ മോര്‍ണിങ് പോസ്റ്റ്’ ദിനപ്പത്രത്തില്‍ എഴുതിയത് ഇപ്പോഴത്തെ ലോകസാഹചര്യത്തിന്റെ നേര്‍ചിത്രമാണ്. “ട്രംപ് ഏഷ്യയിലേക്ക് പോയത് ആഗോളരാഷ്ട്രീയത്തിലെ അമേരിക്കയുടെ മേധാവിത്വം സ്ഥാപിച്ചെടുക്കാനാണ്. പക്ഷേ, അദ്ദേഹം അവിടുന്ന് തിരിച്ചുവരുന്നതാകട്ടെ തകരുന്ന ഒരു വന്‍ശക്തിയുടെ തളരുന്ന നേതാവായാണ്.” ഊര്‍ധശ്വാസം വലിക്കുന്ന ഏഷ്യയിലെ അമേരിക്കന്‍ മേധാവിത്വത്തിന് പുതിയ കച്ചിത്തുരുമ്പാണ് “ഇന്തോ-പസഫിക്” എന്ന പുതിയ ആശയം.

(കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ: ജോസഫ് ആന്‍റണി ദേശാഭിമാനിയില്‍ എ‍ഴുതിയ ലേഖനം)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News