9ാം മാസം രാജിവെച്ചിറങ്ങുമ്പോള്‍; വിവാദങ്ങളുടെ വ‍ഴികളിലൂടെ പടിയിറങ്ങി തോമസ് ചാണ്ടി

തിരുവനന്തപുരം: ഫോൺ കെണി വിവാദത്തെതുടർന്ന് 2017 മാർച്ച് 26ന് എകെ ശശീന്ദ്രൻ ഗതാഗതമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചതോടെയാണ് തോമസ് ചാണ്ടി മന്ത്രി സഭയിലേക്കെത്തുന്നത്. എന്നാൽ വിവാദങ്ങളിൽ പെട്ടതോടെ തോമസ് ചാണ്ടിക്കും മന്ത്രി പദവി ഒ‍ഴിയേണ്ടിവരികയായിരുന്നു.

2006 മുതൽ കുട്ടനാട് മണ്ഡലത്തിലെ പകരം വെയ്ക്കാനില്ലാത്ത ജന പ്രതിനിധിയാണ് തോമസ് ചാണ്ടി. 2006ല്‍ കെ കരുണാകരന്‍റെ ആശിര്‍വാദത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തോമസ് ചാണ്ടി കേരള കോണ്‍ഗ്രസിന്‍റെ ഡോ. കെ സി ജോസഫിനെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തിയത്.

പിന്നീട് മണ്ഡലത്തിൽ കേരളാ കോൺഗ്രസിനുണ്ടായിരുന്ന കുത്തക തകർത്ത് 2011ലും 2016ലും തോമസ് ചാണ്ടി നിയമസഭയിലെത്തി.

കോണ്‍ഗ്രസുകാരനായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച തോമസ് ചാണ്ടി കെ കരുണാകരന്‍റെ വിശ്വസ്ഥനെന്ന നിലയിലാണ് അധികാര രാഷ്ട്രീയത്തിലേക്കെത്തുന്നത്.

1970ല്‍ കെഎസ്‌യുവിന്‍റെ കുട്ടനാട് യൂണിറ്റ് അധ്യക്ഷനായിരുന്നു ചാണ്ടി. പിന്നീട് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വിദേശത്തടക്കം വന്‍ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തുകയും ചെയ്ത ശേഷമായിരുന്നു 1996ലെ രാഷ്ട്രീയ പുനഃപ്രവേശം.

ഇതിനിടെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചപ്പോൾ തോമസ്ചാണ്ടിയും ഒപ്പം കൂടി. പിന്നീട് കരുണാകരന്‍റെ ഡിഐസി എന്‍സിപിയില്‍ ലയിച്ചു. പക്ഷേ കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെങ്കിലും തോമസ് ചാണ്ടി എന്‍സിപിയില്‍ തുടരുകയായിരുന്നു.

പണത്തിന്‍റെ സ്വാധീനമെന്ന അരോപണം എല്ലാക്കാലത്തും തോമസ് ചാണ്ടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ശശീന്ദ്രന്‍റെ രാജിക്ക് പിന്നിൽ തോമസ് ചാണ്ടിയാണെന്ന തരത്തിലും ആക്ഷേപങ്ങൾ ഉണ്ടായി.

എന്നാൽ മാത്തൂർ ദേവസ്വത്തിന്‍റെ ഭൂമി കൈയേറിയെന്ന പരാതിയും മാർത്താണ്ഡം കായൽ കയ്യേറ്റ വിവാദവം ഉയർന്നതൊടെ ഗതാഗത മന്ത്രി സ്ഥാനത്തുനിന്നും തോമസ് ചാണ്ടിക്കും പടിയിറങ്ങേണ്ടി വന്നിരിക്കുകയാണ്.

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയതാണ് ചാണ്ടിക്ക് വലിയ തിരിച്ചടിയായത്.

അനുകൂല വിധി പ്രതീക്ഷിച്ചെത്തിയ ചാണ്ടിയെ ഹൈക്കോടതിയില്‍ കാത്തിരുന്നത് രൂക്ഷ വിമര്‍ശനങ്ങളായിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ സംസ്ഥാന മന്ത്രിതന്നെ ഹര്‍ജി സമര്‍പ്പിക്കുന്ന അപൂര്‍വ്വ സാഹചര്യമെന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്.

സര്‍ക്കാരിനെ വിശ്വാസമില്ലാത്ത വ്യക്തി മന്ത്രിയായി തുടരുന്നതെങ്ങനെയെന്നുപോലും വാക്കാല്‍ ഹൈക്കോടതി ചോദിച്ചു. ഒടുവില്‍ സുപ്രിം കോടതിയിലേക്ക് നിയമപോരാട്ടം നടത്തുമെന്ന് വ്യക്തമാക്കി ചാണ്ടി പടിയിറങ്ങുമ്പോള്‍ ശശീന്ദ്രന്‍ മന്ത്രിക്കസേരയിലേക്ക് തിരികെയെത്തുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News