ജയറാം ഒളിപ്പിച്ചുവെച്ച പ്രണയം കണ്ടുപിടിച്ച് ശ്രീനിവാസന്‍ താരമായി; സംഭവം ഇങ്ങനെയാണ്

മലയാള സിനിമ എല്ലാക്കാലത്തും പ്രണയങ്ങളാലും സമ്പന്നമാണ്. താരത്തിളക്കത്തില്‍ നില്‍ക്കവെ ഒട്ടേറെപ്പോര്‍ വിവാഹം കഴിച്ചിട്ടുമുണ്ട്. താരദമ്പതികളോടും മലയാളികള്‍ക്ക് വലിയ വാത്സല്യമാണ്.

അക്കൂട്ടത്തില്‍ ഏറ്റവും പ്രിയപ്പെട്ടത് ജയറാം പാര്‍വ്വതി താരദമ്പതികളാണ്. മലയാളികളുടെ പ്രിയ നടിയായി തിളങ്ങി നില്‍ക്കവെയാണ് പാര്‍വ്വതിയുടെ കഴുത്തില്‍ ജയറാം മിന്നുകെട്ടിയത്. അക്കാലത്ത് മലയാക്കരയില്‍ വലിയ ആഘോഷവുമായിരുന്നു ആ പ്രണയവും വിവാഹവും.

ഇന്ന് മലയാളത്തിലെ ഏറ്റവും മാതൃകാ താരദമ്പതികളെന്ന വിശേഷണവും ഇവര്‍ക്ക് സ്വന്തമാണ്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1992 സെപ്റ്റംബര്‍ 7 നായിരുന്നു ആ വിവാഹം.

പദ്മരാജന്റെ പ്രിയപ്പെട്ട നായകന്‍ എന്ന വിശേഷണം സ്വന്തമാക്കികൊണ്ട് 1988 ല്‍ അപരന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം വെള്ളിത്തിരയില്‍ അരങ്ങേറിയത്. പാര്‍വ്വതിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും അപരനിലൂടെ തന്നെയായിരുന്നു.

കാലം പ്രണയത്തിന്റെ വാതില്‍ തുറന്നിട്ടപ്പോള്‍ ആരും അറിയാതെ രഹസ്യമായി മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു ഇരുവരും ആ സ്‌നേഹം. അടുത്ത സുഹൃത്തുക്കളോട് പോലും പറയാതെ അതീവരഹസ്യമായി കൊണ്ടുനടന്ന ജയറാം പാര്‍വ്വതി പ്രണയം കണ്ടുപിടിച്ചത് നടന്‍ ശ്രീനിവാസനായിരുന്നു. ജയറാം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ശ്രീനിവാസന്റെ തലയില്‍ വിരിഞ്ഞ തലയണമന്ത്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സി ഐ ഡി പ്പണി. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്ന സമയത്ത് ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള സംശയം ഉടലെടുത്തിരുന്നു.

ഇക്കാര്യം സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്നെ ശ്രീനിയോട് പങ്കുവെച്ചു. ജയറാമും പാര്‍വ്വതിയുമായി പ്രണയത്തിലാണെന്ന് കേട്ടെന്നും സത്യം അറിയണമെന്നുമുള്ള ആവശ്യം ശ്രീനിയുടെ മുന്നില്‍ സത്യന്‍ അവതരിപ്പിക്കുകയായിരുന്നു.

ഷൂട്ടിംഗിനിടെ വെറും പത്ത് മിനിട്ട് മാത്രം ഞങ്ങളെ നിരീക്ഷിച്ച ശ്രീനിവാസന്റെ കൂര്‍മ്മ ബുദ്ധി സംഭവം കണ്ടുപിടിച്ചുകളഞ്ഞു. ഇക്കാര്യം ശ്രീനി സത്യന്‍ അന്തിക്കാടിനെ വിളിച്ച് പറയുകയും ചെയ്തു. ‘സത്യാ സംഗതി സത്യം തന്നെയാണ്, ഇവര്‍ തമ്മില്‍ പ്രേമത്തിലാണ്.’ ശ്രീനി വിളിച്ചിപറഞ്ഞത് ഇങ്ങനെയായിരുന്നെന്നും ജയറാം പറയുന്നു.

എങ്ങനെയാണ് പ്രണയം കണ്ടുപിടിച്ചതെന്ന് ശ്രീനിവാസന്‍ പറഞ്ഞുതന്നെന്നും ജയറാം വ്യക്തമാക്കി. ലൊക്കേഷനില്‍ പാര്‍വ്വതി ഒഴികെയുള്ള എല്ലാവരോടും നീ നന്നായി സംസാരിച്ചു, എന്നാല്‍ പാര്‍വ്വതിയോട് മാത്രം ഒരു വാക്കും മിണ്ടുന്നില്ല.

മറുവശത്ത് പാര്‍വ്വതിയും അങ്ങനെ തന്നെയായിരുന്നു. പരസ്പരം ഒരു വിഷ് പോലും ചെയ്തില്ലെന്നതും പ്രണയം ഒളിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് മനസ്സിലാക്കാന്‍ കൂര്‍മ്മ ബുദ്ധിക്കാരനായ ശ്രീനിവാസന് മനസ്സിലാക്കാന്‍ വലിയ പ്രയാസമുണ്ടായിരുന്നില്ലെന്നും ജയറാം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News