“സീറോ വേസ്റ്റ് കോഴിക്കോട്” സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ്ണ മാലിന്യമുക്ത ജില്ലയാകാനൊരുങ്ങി കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട്,സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ്ണ മാലിന്യമുക്ത ജില്ലയാകുന്നു. സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയ്ക്ക് ജനുവരി 1 ന് തുടക്കമാവും. പ്ലാസ്റ്റിക് അടക്കമുളള, അജൈവ മാലിന്യങ്ങള്‍ വീടുകളില്‍ നിന്നും കടകളില്‍ നിന്നും സംഭരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങളും കൈകോര്‍ത്താണ് കോഴിക്കോട് ജില്ലയെ സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുന്ന സമഗ്ര പദ്ധതി തയ്യാറായിരിക്കുന്നത്.

പ്രകൃതിയ്ക്ക് ദോഷം ചെയ്യുന്ന അജൈവമാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനാണ് സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയില്‍ മുന്‍ഗണന. കുടുംബശ്രീ പ്രവര്‍ത്തകരായ ഹരിത കര്‍മ്മസേന അംഗങ്ങള്‍ പ്ലാസ്റ്റിക് അടക്കമുളള അജൈവമാലിന്യങ്ങള്‍ വീടുകള്‍, കടകള്‍ എന്നിവിടങ്ങില്‍ നിന്ന് എല്ലാ മാസവും ശേഖരിക്കും.

ഗ്ലാസ്, ഇരുമ്പ്, വസ്ത്രങ്ങള്‍ അടക്കമുളളവയാണ് ഇങ്ങനെ ശേഖരിക്കുക. ഇതിന് ഫീസായി ഒരു വീട്ടില്‍ നിന്ന് 40 രൂപ ഈടാക്കും. ഇതോടൊപ്പം ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കുന്നുവെന്ന് ഉറപ്പുവരുത്തും. ജില്ലാതലത്തിലെ മോണിറ്ററിംഗ് സംവിധാനം മാലിന്യ നിര്‍മ്മാര്‍ജനം ഉറപ്പുവരുത്തുമെന്ന് ജില്ലാ കളക്ടര്‍ യു വി ജോസ് അറിയിച്ചു.

ജില്ലയിലെ 70 പഞ്ചായത്തിലും അജൈവമാലിന്യ സംഭരണത്തിനായുളള സൗകര്യങ്ങള്‍ ഒരുങ്ങുകയാണ്. ബ്ലോക്ക്, നഗരസഭ എന്നിവിടങ്ങളിലാണ് സംസ്‌ക്കരണ സംവിധാനമായ സൂപ്പര്‍ മെറ്റീരിയില്‍ റിക്കവറി ഫെസിലിറ്റി സ്റ്റേഷനുകള്‍ നിലവില്‍ വരിക.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മാലിന്യ നിര്‍മ്മാര്‍ജന പ്രശ്നം വലിയൊരളവോളം പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here