ഐഎസ്എല്‍ പൂരത്തിന് നാളെ തുടക്കം; സ്വപ്‌നങ്ങളും പ്രതീക്ഷകളും പങ്കുവച്ച് മഞ്ഞപ്പടയുടെ പരിശീലകന്‍

കൊച്ചി: പ്രതിരോധത്തില്‍ വീഴ്ച വരുത്താതെ ആക്രമണശൈലിയില്‍ കളിക്കാനാകും ശ്രമമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍.

കൊച്ചിയിലെ ആരാധക പിന്തുണ കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ താരങ്ങളുടെ പരുക്കുകള്‍ വെല്ലുവിളിയാകുന്നുണ്ടെങ്കിലും ആശങ്കയില്ലെന്ന് എടികെ പരിശീലകന്‍ ടെഡി ഷെറിങ്ഹാമും പറഞ്ഞു.

കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്ഥമായി മാഞ്ചസ്റ്ററിന്റെ ആക്രമണ ഫുട്‌ബോള്‍ ശൈലിയാവും പരീക്ഷിക്കുകയെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍ പറഞ്ഞു.

മാഞ്ചസ്റ്റര്‍ രീതികള്‍ അറിയാവുന്ന ബെര്‍ബറ്റോവ്, വെസ്ബ്രൗണ്‍, പോള്‍ രുചുഗ്ബ എന്നീ താരങ്ങള്‍ ടീമിന് മുതല്‍ക്കൂട്ടാണ്. സ്വന്തം നാട്ടിലെ മത്സരത്തിലെ അവസാന ഇലവനില്‍ മലയാളികള്‍ എത്ര പേരുണ്ടെന്നറിയാന്‍ കാത്തിരിക്കണമെന്നും റെനെ പറഞ്ഞു.

കൊല്‍ക്കത്തയുടെ സൂപ്പര്‍ താരം റോബി കീന്‍ പരുക്കിന്റെ പിടിയിലായത് വെല്ലുവിളി ആയെങ്കിലും ആശങ്കയില്ലെന്ന് അമര്‍ തൊമര്‍ കൊല്‍ക്കത്ത പരിശീലകന്‍ ടെഡി ഷെറിങ്ഹാം പറഞ്ഞു. ബെര്‍ബറ്റോവും ഹ്യൂമും അടക്കമുളള ബ്ലാസ്റ്റേഴ്‌സ് ടീമിനെ കുറച്ചുകാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സീസണിലെ കലാശപോരാട്ടത്തിലെ ടീമുകള്‍ തമ്മില്‍ ഇത്തവണ ഉദ്ഘാടന മത്സരത്തില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ കൊച്ചിയില്‍ നടക്കുന്നത് ഗ്ലാമര്‍ പോരാട്ടം കൂടിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here