
തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജില്‍നിന്ന് ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെത്തിച്ച ഫാത്തിമ ലൈബയ്ക്ക് വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തും.
വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയ കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെടാത്തത്തുകൊണ്ടാണ് ഇന്നത്തേക്ക് മാറ്റിയത്. വെള്ളിയാഴ്ച രാവിലെ 9.30ന് ശസ്ത്രക്രിയ നടത്തുമെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു.
ഹൃദയധമനികള്‍ പിണഞ്ഞുകിടക്കുന്നതിനാലാണ് ഫാത്തിമയ്ക്ക് ശസ്ത്രക്രിയ നിര്‍ദേശിച്ചത്. ഗര്‍ഭാവസ്ഥയില്‍ത്തന്നെ ഇതു കണ്ടെത്തി. ശസ്ത്രക്രിയക്ക് സംവിധാനമുള്ള ആശുപത്രിയില്‍ത്തന്നെ പ്രസവം നടത്തണമെന്ന് കാസര്‍കോട് ജില്ലയിലെ സ്വകാര്യാശുപത്രി അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.
തുടര്‍ന്ന് മംഗലാപുരം, ബംഗളൂരു എന്നിവിടങ്ങളിലെ വലിയ ആശുപത്രികളെയെല്ലാം സമീപിച്ചു. ഒടുവില്‍ തിരുവനന്തപുരം എസ്എടിയിലാണ് കുഞ്ഞിനെ പ്രസവിച്ചത്.
പരിയാരം മെഡിക്കല്‍ കോളേജില്‍നിന്ന് ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ഹൃദയശസ്ത്രക്രിയക്കുവേണ്ടി ഫാത്തിമയെയുംകൊണ്ട് ആംബുലന്‍സ് തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കുതിച്ചത്. കാസര്‍കോട് ചര്‍ളടക്ക സ്വദേശിയാണ് ഫാത്തിമ. ബുധനാഴ്ച രാത്രി പരിയാരത്ത് ചികിത്സയ്‌ക്കെത്തിയപ്പോള്‍ ഉടന്‍ ശ്രീചിത്രയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് തിരുവനന്തപുരം ശ്രീചിത്രയില്‍ ഫാത്തിമയ്ക്ക് ശസ്ത്രക്രിയക്ക് സമയം അനുവദിച്ചത്. പുലര്‍ച്ചെ മൂന്നരയോടെ തിരുവനന്തപുരത്തെത്തിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വാട്‌സാപ് കൂട്ടായ്മകള്‍ കൈകോര്‍ത്തു.
പരിയാരം മെഡിക്കല്‍ കോളേജും പൊലീസും സന്നദ്ധസംഘടനകളും സാമൂഹ്യമാധ്യമങ്ങളില്‍ വിപുലമായ പ്രചാരണമാണ് നടത്തിയത്. ഫെയ്‌സ്ബുക്ക് ലൈവായും വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ കൈമാറിയും കേരളമാകെ കൈകോര്‍ത്തു.
ഫാത്തിമയുടെ പിതാവ് സിറാജ് ഷാര്‍ജയില്‍നിന്ന് അടുത്ത ദിവസം തിരുവനന്തപുരത്തെത്തും. ഉമ്മ ആയിഷയും ബന്ധുക്കളുമാണ് കൂടെയുള്ളത്. ഡോക്ടര്‍മാരായ ദീപ എസ് കുമാര്‍, ബൈജു എസ് ധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫാത്തിമയെ ചികിത്സിക്കുന്നത്.
ഐസിയുവില്‍ കഴിയുന്ന ഫാത്തിമയുടെ നിലയില്‍ പുരോഗതിയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here