സാധാരണക്കാരന് വീണ്ടും മോദിസര്‍ക്കാരിന്റെ ഇരുട്ടടി; ബാങ്കുകള്‍ വഴി ലഭ്യമാക്കിയിരുന്ന ആനുകൂല്യങ്ങള്‍ കൈമാറുന്നതിനുള്ള ചുമതല ഇനി കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക്

തിരുവനന്തപുരം: പാചകവാതക സബ്‌സിഡി ഉള്‍പ്പെടെ ബാങ്കുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്ന ആനുകൂല്യങ്ങള്‍ കൈമാറുന്നതിനുള്ള ചുമതല കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കൈമാറി കേന്ദ്രസര്‍ക്കാരിന്റെ ഇരുട്ടടി.

 നിങ്ങളും കോര്‍പ്പറേറ്റിന്റെ വലയിലേക്ക് പോയിരിക്കുന്നു 

പാചകവാതകത്തിന്റെ സബ്‌സിഡി ഉള്‍പ്പെടെ ബാങ്കുകള്‍ വഴി ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ ബാങ്കില്‍ ക്രെഡിറ്റായിരിക്കുന്നു എന്ന സന്ദേശം ഇനി മുതല്‍ നിങ്ങളുടെ ബാങ്കില്‍ നിന്ന് ലഭിച്ചില്ലെങ്കില്‍ നിങ്ങളും കോര്‍പ്പറേറ്റിന്റെ വലയിലേക്ക് പോയിരിക്കുന്നു എന്ന വസ്തുത തിരിച്ചറിയേണ്ടിവരും.

ബാങ്ക് അക്കൗണ്ടും ആധാര്‍ നമ്പരും നിങ്ങള്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പരുമായി ലിങ്കായതാണ് ഇതിനു കാരണം. മൊബൈല്‍ കോര്‍പ്പറേറ്റുകളുമായി അക്കൗണ്ട് ബന്ധിപ്പിച്ചതിലൂടെ ഗ്യാസ് സബ്‌സിഡി ഉള്‍പ്പെടെയുള്ളവ ഇനി ലഭ്യമാകുക മൊബൈല്‍ കമ്പനികളുടെ പണമിടപാട് സ്ഥാപനങ്ങള്‍ വഴിയാണ്.

തിരുവനന്തപുരം പാറശ്ശാല സ്വദേശി ശ്രീകണ്ഠന്‍ തന്റെ മൊബൈല്‍ ഫോണില്‍ വന്ന സന്ദേശം വായിച്ചപ്പോഴാണ് ഞെട്ടിപ്പോയത്. ഇതുവരെ ബാങ്ക് വഴി ലഭിച്ചിരുന്ന ഗ്യാസ് സബ്‌സിഡി എയര്‍ടെല്ലിന്റെ പേയ്‌മെന്റ് ബാങ്കില്‍ വന്നിരിക്കുന്നുവെന്നതായിരുന്നു മൊബൈല്‍ സന്ദേശം.

ബാങ്കുകളില്‍ സബ്‌സിഡി തുക ലഭിച്ചിരുന്നപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഏതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണനം വഴി, ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അവരുടെ കൈകളില്‍ എത്തണമെങ്കില്‍ കോര്‍പ്പറേറ്റുകളുടെ കിലോമീറ്ററുകള്‍ അകലെയുള്ള പേയ്‌മെന്റ് സെന്ററുകളിലേക്ക് അവര്‍ എത്തിച്ചേരണം എന്ന സ്ഥിതിയാണ്.

എന്നാല്‍ ഇത് ബഹുഭൂരിപക്ഷം ഉപഭോക്താക്കള്‍ക്കും ബുദ്ധിമുട്ടായിരിക്കും. അങ്ങനെ വരുമ്പോള്‍ ആനുകൂല്യ ഇനത്തില്‍, ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ട കോടികള്‍ കോര്‍പ്പറേറ്റുകളുടെ പോക്കറ്റിലേക്കായിരിക്കും എത്തുക. ഇത്തരത്തില്‍ കോര്‍പ്പറേറ്റുകളെ സഹായിക്കാനുള്ള പ്രവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.

വസ്തുതകള്‍ ഇങ്ങനെയായിരിക്കെ ഉപഭോക്താക്കള്‍ ആവശ്യപ്പെടാത്ത അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന, പുതിയ പണമിടപാട് സ്ഥാപനത്തിന്റെ കടന്നുകയറ്റത്തില്‍ കടുത്ത ആശങ്കയിലാണ് ഉപഭോക്താക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News