കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് മടക്കി നല്‍കണമെന്നാണ് ദിലീപിന്റെ ആവശ്യം. തന്റെ കട ഉദ്ഘാടനത്തിനായാണ് ദുബായില്‍ പോകുന്നതെന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു.
തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റെസ്റ്റോറന്റിന്റെ ദുബായ് ശാഖ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ദിലീപ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 29നാണ് ഉദ്ഘാടന ചടങ്ങ്. വിദേശത്ത് പോകുന്നതിന് പാസ്‌പോര്‍ട്ട് ആവശ്യമാണ്.
എന്നാല്‍ ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി തന്റെ പാസ്‌പോര്‍ട്ട് അങ്കമാലി കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിന് ദുബായില്‍ പോകാനായി പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ അനുമതി നല്‍കണമെന്നാണ് പ്രധാന ആവശ്യം.
85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞമാസമാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം. പാസ്‌പോര്‍ട്ട് മജിസ്‌ട്രേട്ട് കോടതിയില്‍ കെട്ടിവെക്കണം എന്നായിരുന്നു ഒന്നാമത്തെ ഉപാധി.
അതേസമയം, സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിക്കുന്നതുള്‍പ്പടെ ജാമ്യ വ്യവസ്ഥ ലംഘിക്കപ്പെടുന്നതായുള്ള ആക്ഷേപം പൊലീസിനുണ്ട്. മാത്രമല്ല, മൊഴികളിലെ പൊരുത്തക്കേടിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദിലീപിനെ അന്വേഷണസംഘം ആലുവ പൊലീസ് ക്ലബ്ബിലേക്ക് വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനിടയിലാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here