സച്ചിന്റെ മനം കവര്‍ന്ന് ഈ തൃശൂരുകാരന്‍; ജനിതക വൈകല്യം തളര്‍ത്തിയ ശരീരം കൊണ്ട് അത്ഭുതം കാട്ടുന്ന 18 കാരനെക്കുറിച്ച് ഇതിഹാസ താരം പറയുന്നതിങ്ങനെ

കൊച്ചി: തൃശൂരുകാര്‍ക്ക് അഭയ് രാമകുമാറെന്ന 18 കാരനെ നന്നായി അറിയാം. കായിക കേരളത്തിനും അപരിചിതനല്ല അഭയ്.

ജനിതക വൈകല്യം കാരണം ഒന്നാം വയസ്സില്‍ തന്നെ ശരീരം തളര്‍ന്നു പോയ കുട്ടിയെ നോക്കി ചുറ്റും കൂടിയവര്‍ കരഞ്ഞിട്ടുണ്ടാകാം.

എന്നാല്‍ അഭയ് അങ്ങനെ കരഞ്ഞ് തീര്‍ക്കാന്‍ തയ്യാറായിരുന്നില്ല. തളര്‍ന്ന ശരീരത്തില്‍ ഒരിക്കലും തളരാത്ത മനസ്സുമായി അവന്‍ പിച്ചപെച്ചു. ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ദൈവം വരെ വാഴ്ത്തിപ്പാടുകയാണ് അഭയിന്റെ മഹത്വം.

കൈകാലുകള്‍ക്ക് ചലനം നഷ്ടപ്പെട്ട മസ്‌കുലര്‍ ഡിസ്‌ട്രോഫി രോഗത്തിന് മുന്നില്‍, വീല്‍ച്ചെറിയില്‍ തളരാതെ മുന്നേറിയ അഭയ് അത്ഭുതമാണെന്നാണ് ക്രിക്കറ്റ് ലോകത്ത് വിസ്മയം തീര്‍ത്ത ഇതിഹാസം തന്നെ സാക്ഷ്യപ്പെടുത്തുന്നത്.

അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗമായി വണ്‍ മില്യണ്‍ ഗോള്‍ പരിപാടിയില്‍ പെങ്കടുക്കാന്‍ വീല്‍ചെയറിലെത്തിയപ്പോള്‍ തൃശൂരിലെ ചേര്‍പ്പ് സ്വദേശി ഏവരുടേയും ശ്രദ്ധനേടിയിരുന്നു.

കഴിഞ്ഞ ദിവസം സച്ചിന്റെ നേതൃത്വത്തില്‍ നടന്ന മാരത്തണിനിടയ്ക്കും അവന്റെ മുഖത്തേക്ക് ക്യാമറാ കണ്ണുകള്‍ പതിഞ്ഞിരുന്നു. ഒപ്പം കേരളത്തിന്റെ ശ്രദ്ധയും.

മാരത്തണിനിടെ കണ്ട അത്ഭുതം എന്ന വിശേഷണത്തിലാണ് സച്ചിന്‍ അഭയിനെക്കുറിച്ച് വിവരിക്കുന്നത്. നമുക്കെല്ലാം പാഠമാകാന്‍ കഴിയുന്ന ജീവിതമാണ് അഭയിന്റേതെന്ന് സച്ചിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രതിബന്ധങ്ങള്‍ക്ക് മുന്നില്‍ പതറാതെ നമ്മുടെ ശേഷിക്കുമപ്പുറം കഠിനാധ്വാനം ചെയ്താല്‍ ജീവിതത്തില്‍ വിജയം നേടാമെന്ന പാഠമാണ് അഭയ് ലോകത്തിന് പകര്‍ന്നു നല്‍കുന്നതെന്നും ഇതിഹാസതാരം കുറിച്ചിട്ടുണ്ട്.

തേക്കിന്‍കാടിനെ പുളകമണിയിച്ച ഗോള്‍

ചെറുപ്പത്തില്‍ത്തന്നെ പിടികൂടിയ മസ്‌കുലര്‍ ഡിസ്‌ട്രോഫിക്കുമുന്നില്‍ ഒരു ഘട്ടത്തിലും അഭയ് തളര്‍ന്നിരുന്നിട്ടില്ല. ഫിഫ ലോകകപ്പിന് മുന്നോടിയായി തേക്കിന്‍കാട് മൈതാനത്ത് നടന്ന മാരത്തണില്‍ പങ്കെടുത്ത അഭയ് വീല്‍ചെയറില്‍ ഇരുന്ന് ഗോളടിച്ച് ഏവരുടേയും ഹൃദയം കവര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News