സിപിഐയില്‍ തര്‍ക്കം; മന്ത്രിസഭാ ബഹിഷ്കരണം പാര്‍ട്ടിയില്‍ എല്ലാവരും അറിഞ്ഞിട്ടില്ലെന്ന് കെ ഇ ഇസ്മയില്‍

ആലപ്പുഴ: തോമസ് ചാണ്ടി വിഷയവുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാത്ത വിവാദം കത്തുന്നു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ളവരുടെ വാദങ്ങള്‍ക്ക് മറുപടിയുമായി സിപിഐയുടെ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മായില്‍ രംഗത്തെത്തി.

തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്ന് ഇസ്മയില്‍ വ്യക്തമാക്കി. വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി മണിക്കൂറുകള്‍ക്കകം തന്നെ രാജിയുണ്ടായി.

മിനിമം സാവകാശം മാത്രമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എടുത്തിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടികാട്ടി. തോമസ് ചാണ്ടിക്കെതിരായ ഹൈക്കോടതി പരാമര്‍ശം വന്നതിന്റെ പിറ്റേന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തന്നെ വിട്ടുനിന്ന മനോഭാവത്തേയും അദ്ദേഹം ചോദ്യം ചെയ്തു.

സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് സിപിഐയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യുമെന്നും ഇസ്മായില്‍ വ്യക്തമാക്കി.

മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനം തന്നോടു പറഞ്ഞിരുന്നെങ്കിലും നേതൃത്വത്തില്‍ എല്ലാവരും അറിഞ്ഞിരിക്കാനിടയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

തോമസ് ചാണ്ടിയുടെ രാജിക്ക് ഇടയാക്കിയ സിറോ ജെട്ടി റോഡ് നിര്‍മാണത്തിലെ പങ്കാളിത്തത്തെക്കുറിച്ച് തുറന്നുപറയാനും ഇസ്മായില്‍ തയ്യാറായി.

റോഡ് നിര്‍മാണത്തിന് എം പി ഫണ്ട് അനുവദിച്ചത് പാര്‍ട്ടി പറഞ്ഞിട്ടാണെന്ന് അദ്ദേഹം പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here