ആര്‍എസ്എസിന്റെയും ബിജെപിയുടെയും അതേ പാതയിലാണ് എസ്ഡിപിഐ; ചവറ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സിപിഐഎം

കൊല്ലം: സിപിഐഎം ചവറ ഏരിയ സമ്മേളനത്തിന്റെ സമാപനപ്രകടനത്തിന് നേരെ എസ്ഡിപിഐ നടത്തിയ ആക്രമണത്തില്‍ സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു.

രാജ്യത്ത് ബിജെപിയും ആര്‍എസ്എസും നടത്തുന്ന വര്‍ഗീയ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുന്ന സിപിഐ എമ്മിനെ ആക്രമിക്കുന്ന എസ്ഡിപിഐയുടെ നിലപാട് സംഘപരിവാര്‍ ശക്തികളുടെ വര്‍ഗീയരാഷ്ട്രീയത്തെ അവര്‍ സഹായിക്കുന്നുവെന്ന വസ്തുത ഒരിക്കല്‍കൂടി തെളിയിക്കുന്നതാണെന്ന് ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.

മാസങ്ങള്‍ക്കു മുമ്പ് നിശ്ചയിച്ച സിപിഐഎം ഏരിയ സമ്മേളന പ്രകടനത്തിനു നേരെ അക്രമികളായ ഒരു സംഘം നടത്തിയ ആക്രമണം ആസൂത്രിതമായിരുന്നു. നേരത്തെ സമയവും സ്ഥലവും നിശ്ചയിച്ച് നടത്തിയതായിരുന്നു സിപിഐഎം ഏരിയ സമ്മേളനത്തിന്റെ സമാപന പ്രകടനവും ചുവപ്പു വളന്റിയര്‍ മാര്‍ച്ചും.

അയ്യായിരത്തിലധികം പേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ഈ പ്രകടനത്തിനിടയിലേക്ക് കടന്നുകയറാന്‍ എസ്ഡിപിഐക്ക് ഒരു അവകാശവുമില്ല. എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് സിപിഐഎം പ്രകടനത്തിനു നേരെ ആക്രമണം നടത്താനുള്ള അവസരം എങ്ങനെ ഉണ്ടായി എന്നത് പൊലീസ് കൂടി വിശദീകരിക്കേണ്ട കാര്യമാണ്.

അഞ്ഞൂറോളം എസ്ഡിപിഐ പ്രവര്‍ത്തകരാണ് ബൈക്കുകളില്‍ പ്രകടനത്തിനിടയിലേക്ക് കടന്നുകയറി ആക്രമണം നടത്തിയത്. ചുവപ്പു വളന്റിയര്‍ പരേഡിന്റെ മുന്‍നിരയിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ക്കും പ്രകടനത്തില്‍ പങ്കെടുത്ത പഞ്ചായത്ത് വൈസ് പ്രസിഡന്റിനുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 15 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സമീപത്തുണ്ടായിരുന്ന വാഹനങ്ങളാകെ അടിച്ചുതകര്‍ത്തു. കടകള്‍ക്കു നേരെയും പ്രദേശവാസികള്‍ക്കു നേരെയും ആക്രമണം നടത്തി. സിപിഐഎം ജില്ലാ കമ്മിറ്റിയുടെ വാഹനവും അടിച്ചുതകര്‍ത്തു.

സംഘപരിവാറിന്റെ വര്‍ഗീയരാഷ്ട്രീയത്തെ ഫലപ്രദമായി പ്രതിരോധിക്കുന്ന പ്രസ്ഥാനമായതു കൊണ്ടാണ് സിപിഐഎമ്മിനെ ആര്‍എസ്എസും ബിജെപിയും ശത്രുവായി പ്രഖ്യാപിച്ച് ഡല്‍ഹിയിലെ എകെജി ഭവനിലേക്കടക്കം നിരവധി തവണ ആക്രമണം നടത്തിയത്. കേരളത്തില്‍ സിപിഐഎം പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തുന്നത് അവരുടെ വര്‍ഗീയരാഷ്ട്രീയത്തെ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനം ശക്തിയായി ചെറുക്കുന്നതു കൊണ്ടാണ്.

ആര്‍എസ്എസിന്റെയും ബിജെപിയുടെയും അതേ പാതയിലൂടെയാണ് എസ്ഡിപിഐയും സിപിഐഎമ്മിനെ ആക്രമിക്കുന്നതെന്ന് ചവറ സംഭവം തെളിയിക്കുന്നു.

ഇത്തരം ആക്രമണം കൊണ്ടൊന്നും ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകള്‍ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തില്‍നിന്ന് സിപിഐഎം പിന്മാറില്ല. സമാധാനപരമായി നടന്ന സിപിഐഎം റാലിയിലേക്ക് എസ്ഡിപിഐ കടന്നുകയറാനിടയാക്കിയ സാഹചര്യമടക്കം വിശദമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.

എസ്ഡിപിഐയുടെ ആക്രമണത്തില്‍ സമാധാനപരവും ജനാധിപത്യപരവുമായ രീതിയില്‍ പ്രതിഷേധിക്കുകയും ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തുകയും വേണമെന്ന് സിപിഐഎം പ്രവര്‍ത്തകരോട് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News