കൊല്‍ക്കത്ത ചലച്ചിത്രമേള; ഡോ. ബിജു മികച്ച സംവിധായകന്‍; സൗണ്ട് ഓഫ് സൈലന്‍സ് കൈയ്യടി

23മത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഡോ. ബിജു മികച്ച സംവിധായകന്‍. സൗണ്ട് ഓഫ് സൈലന്‍സ്
എന്ന ചിത്രത്തിനാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയുടെ ബംഗാള്‍ ടൈഗര്‍ പുരസ്‌കാരമാണ് ഡോ. ബിജുവിന് ലഭിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ചിത്രങ്ങളുടെ മത്സര വിഭാഗത്തില്‍ നിന്നാണ് പുരസ്‌കാരം. ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ കൂടിയാണ് കൊല്‍ക്കത്തയില്‍ നടന്നത്. ഇറ്റാലോ സ്പിനെല്ലി, മുസ്തഫ ഫറൂഖി, ആഞ്ചെലോ ബയേണി എന്നിവരടങ്ങിയ ഇന്റര്‍നാഷനല്‍ ജൂറിയാണ് ഡോ. ബിജുവിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

നേരത്തേ മോണ്‍ട്രിയല്‍ മേളയിലും കസാഖിസ്ഥാന്‍ യുറേഷ്യ ചലച്ചിത്ര മേളകളിലേക്കും സൗണ്ട് ഓഫ് സയലന്‍സ് തെരഞ്ഞെടുത്തിരുന്നു. ബിജുവിന്റെ ആദ്യ ഇതര ഭാഷാ ചലച്ചിത്രമാണ് സൗണ്ട് ഓഫ് സയലന്‍സ്. ഇംഗ്ലീഷിന് പുറമേ പഹാഡി, ഹിന്ദി, ടിബറ്റന്‍ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

കേരളത്തില്‍ IFFKക്ക് തുടക്കമാകുന്ന ഡിസംബര്‍ 8ന് തിരുവനന്തപുരത്ത് സമാന്തരമായി സിനിമ റിലീസ് ചെയ്യും. IFFKയിലേക്ക് ചിത്രം തെരഞ്ഞെടുത്തിരുന്നില്ല. അതിനിടെയാണ് കൊല്‍ക്കത്ത മേളയില്‍ ചിത്രം മികച്ച പുരസ്‌കാരവും പ്രേക്ഷക പ്രീതിയും നേടുന്നത് എന്ന പ്രത്യേകതയുണ്ട്.

‘സ്വന്തം നാട്ടിലെ മേളയില്‍ ചിത്രം തെരഞ്ഞെടുക്കപ്പെടാത്തത് സങ്കടകരമാണ്. ഇത്തരം ഒഴിവാക്കലുകള്‍ ഇപ്പോള്‍ നിരന്തരം സംഭവിക്കുന്നത് കൊണ്ട് അതൊക്കെ അവഗണിക്കാനാണ് മനസ്സ് പറയുന്നത്.’-പുരസ്‌കാരത്തിന് ശേഷം ഡോ. ബിജു പ്രതികരിച്ചു.

ബുദ്ധ സന്യാസികളുടെ ജീവിത പശ്ചാത്തലത്തില്‍ ഒരു അനാഥ ബാലന്റെ കഥ പറയുന്ന ചിത്രമാണ് സൗണ്ട് ഓഫ് സയലന്‍സ്. ഹിമാചല്‍ താഴ് വരകളിലായിരുന്നു ചിത്രീകരണം. എകെ പിള്ളയാണ് നിര്‍മ്മാണം. എംജെ രാധാകൃഷ്ണനാണ് ക്യാമറ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel