പേടിസ്വപ്നമായ ആ കുപ്രസിദ്ധ കുറ്റവാളി അന്തരിച്ചു

ഇറ്റലിക്കാരുടെ പേടിസ്വപ്നമായ കുപ്രസിദ്ധ കുറ്റവാളി സാല്‍വത്തോറ ടോട്ടോ റീന (87) അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് വടക്കന്‍ ഇറ്റലിയിലെ പാര്‍മയില്‍ ജയില്‍ ആശുപത്രിയിലായിരുന്നു റീനയുടെ മരണം.

രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനായതിനെത്തുടര്‍ന്ന് ആരോഗ്യം ക്ഷയിച്ച റീന കുറച്ചുനാളായി അബോധാവസ്ഥയിലായിരുന്നു. തടവില്‍ കഴിയുന്നതിനിടെയാണ് ടോട്ടോ റീന ആശുപത്രിയിലായത്.

എഴുപതുകളില്‍ ഇറ്റലിയെ വിറപ്പിച്ച കുപ്രസിദ്ധ ക്രിമിനല്‍ സംഘമായ സിസിലിയന്‍ മാഫിയയുടെ തലവനായിരുന്നു ടോട്ടോ റീന. നൂറ്റമ്പതിലേറെ കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ള ഇയാളുടെ പേരില്‍ 26 ജീവപര്യന്തം തടവുകളാണ് വിധിച്ചിട്ടുള്ളത്.

ഇറ്റലിയിലെ അഭിഭാഷകരേയും പൊലീസ് ഉദ്യേഗസ്ഥരേയും വധിക്കുന്നതില്‍ മുഖ്യ ആസൂത്രകനായിരുന്നു ഇയാള്‍.

1993ല്‍ സിസിലിയില്‍വെച്ചാണ് ഇയാള്‍ പിടിയിലായത്. 1992ല്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പ്രമുഖ മജിസ്‌ട്രേറ്റുകള്‍ കൊല്ലപ്പെട്ടതോടെയാണ് മാഫിയ സംഘങ്ങള്‍ക്കെതിരേ അധികൃതര്‍ നടപടി ശക്തമാക്കിയത്.

പതിമൂന്നാം വയസില്‍ പിതാവ് മരിച്ചതോടെ റീന കുറ്റ ക്യത്യങ്ങളുടെ ലോകത്ത് എത്തുകയായിരുന്നു. കുപ്രസിദ്ധ മാഫിയാ സംഘമായ കോസനോസ്ട്രയുടേയും തലവനായിരുന്നു ഇയാള്‍.

സിസിലിയന്‍ മാഫിയയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ നേതാക്കളില്‍ ഒരാളായാണ് റീനയെ വിലയിരുത്തുന്നത്.
ക്രൂരതയുടെ പര്യായമായ റീനയ്ക്ക് പിശാചെന്നും തലവന്‍മാരുടെ തലവനെന്നും വിളിപ്പേരുകളുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here