ജനകീയാസൂത്രണവും സഹകരണപ്രസ്ഥാനവും കൈ കോർക്കണം

എല്ലാ അര്‍ഥത്തിലും ഒത്തുചേര്‍ന്നു പോകാവുന്ന രണ്ട് ജനകീയ മുന്നേറ്റങ്ങളാണ് ജനകീയാസൂത്രണവും സഹകരണപ്രസ്ഥാനവും.

അധികാര വികേന്ദ്രീകരണപ്രക്രിയയും ആസൂത്രണവും പദ്ധതി നിര്‍വഹണവുമെല്ലാം തികച്ചും ജനകീയമായി മുന്നേറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ഈ പ്രസ്ഥാനങ്ങളുടെ സംയോജനത്തില്‍ ബന്ധപ്പെട്ടവരുടെ അവഗണന തുടരുകയാണ്.

സംസ്ഥാന ഗവണ്‍മെന്റിന്റെ പദ്ധതിപ്പണത്തിന്റെ നിശ്ചിത ശതമാനം ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മാറ്റിവച്ച്വികസനക്ഷേമപ്രവര്‍ത്തനം കാര്യക്ഷമമായും സുതാര്യമായും നടപ്പാക്കുക എന്നതാണല്ലോ അധികാര വികേന്ദ്രീകരണത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത്.

സഹകരണപ്രസ്ഥാനത്തെയും സഹകരണ വകുപ്പിനെയും ഈ പ്രവര്‍ത്തനങ്ങളില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കുന്നത് യുക്തിസഹമല്ല.

ജനകീയാസൂത്രണത്തില്‍ മറ്റെല്ലാ മേഖലകള്‍ക്കും അര്‍ഹമായ ഫണ്ട് വിഹിതം മാറ്റിവയ്ക്കുമ്പോള്‍ സഹകരണമേഖലയ്ക്ക് വകയിരുത്തുന്നില്ല. ആസൂത്രണനിര്‍വഹണ പ്രവര്‍ത്തനങ്ങളിലൊന്നും സഹകരണപ്രസ്ഥാനത്തെ പങ്കെടുപ്പിക്കുന്നില്ല. പരസ്പര പൂരകങ്ങളാകേണ്ട രണ്ട് ജനകീയപ്രസ്ഥാനങ്ങളെ ഇത്തരത്തില്‍ അകറ്റിനിര്‍ത്തുന്നത് ഒരുതരത്തിലും ഗുണകരമല്ല.

ജനകീയാസൂത്രണത്തിന്റെ ആലോചനകളുടെയും പ്രാരംഭപ്രവര്‍ത്തനങ്ങളുടെയും ആദ്യഘട്ടത്തില്‍ ഈ പ്രസ്ഥാനങ്ങളെ കൂട്ടിയിണക്കേണ്ടതിന്റെ ആവശ്യകതയും അതുകൊണ്ടുണ്ടാകുന്ന പ്രയോജനങ്ങളും ഗൌരവതരമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

സഹകാരികളുടെ മേഖലായോഗങ്ങളും ഉന്നതതല ചര്‍ച്ചകളുമെല്ലാം ജനകീയാസൂത്രണത്തിന് നേതൃത്വം നല്‍കിയവരുടെതന്നെ മുന്‍കൈയില്‍ സംഘടിപ്പിക്കപ്പെടുകയും അര്‍ഥപൂര്‍ണമായ ചര്‍ച്ചകളും രൂപരേഖ തയ്യാറാക്കലുമെല്ലാം നടക്കുകയുമുണ്ടായി.

ജനകീയപങ്കാളിത്തത്തോടെ നടക്കേണ്ട വികസനപ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ ഏറ്റവും വലിയ ജനകീയപ്രസ്ഥാനമായ സഹകരണപ്രസ്ഥാനത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന പൊതുധാരണയാണ് അന്നുണ്ടായത്. എന്നാല്‍, ഈ പരിശ്രമങ്ങള്‍ പിന്നീട് മുന്നോട്ടുപോയില്ല.

ജനസംഖ്യയുടെ 80 ശതമാനത്തിലേറെ ആളുകളെ ഉള്‍ക്കൊള്ളുന്ന കേരളത്തിലെ സഹകരണപ്രസ്ഥാനം വൈപുല്യത്തില്‍ മാത്രമല്ല, കാര്യക്ഷമതയിലും സാമൂഹിക സാമ്പത്തിക വികസനത്തില്‍ വഹിച്ചിട്ടുള്ള പങ്കിന്റെ കാര്യത്തില്‍ രാജ്യത്തുതന്നെ മുന്‍പന്തിയിലാണ്.

ജനകീയപങ്കാളിത്തം, ജനാധിപത്യഭരണക്രമം, സാമൂഹികനിയന്ത്രണം, നിയമത്തിന്റെ സംരക്ഷണവും നിയന്ത്രണവും, ദാര്‍ശനിക അടിത്തറ, മൂലധന സ്വരൂപണശേഷി, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ നിരവധി സവിശേഷതകളും മഹനീയതകളുമുള്ള സഹകരണപ്രസ്ഥാനം നമ്മുടെ സമ്പദ്ഘടനയുടെ വിവിധ മേഖലയില്‍ നല്‍കിയിട്ടുള്ള സംഭാവനകളും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.

വിഖ്യാതമായ കേരള വികസനമാതൃകയെ, പുതിയൊരു തലത്തിലേക്കുയര്‍ത്തുന്നതിനും കൂടുതല്‍ ജനകീയവും സര്‍വതല സ്പര്‍ശിയുമായ വികസന പരിപ്രേക്ഷ്യം രാജ്യത്തിന് സംഭാവന ചെയ്യുന്നതിനും പ്രാപ്തമായ നമ്മുടെ ജനകീയസൂത്രണ പ്രവര്‍ത്തനങ്ങളില്‍ എല്ലാതലത്തിലും മുഖ്യപങ്കാളിയാകേണ്ട പ്രസ്ഥാനമാണ് സഹകരണപ്രസ്ഥാനമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല.

എങ്കില്‍ പിന്നെ ഈ ഏകോപനം ഉണ്ടാകാതെപോയത് എന്തുകൊണ്ട്? അതിനുള്ള കാരണങ്ങളെപ്പറ്റിയുള്ള പരിശോധനയേക്കാള്‍ പ്രധാനം ഈ കുറവുനികത്തുക എന്നതാണ്.
മുന്‍കാലങ്ങളിലെ അപാകതകള്‍ കണക്കിലെടുത്ത് പദ്ധതികള്‍ മുന്‍കൂട്ടി തയ്യാറാക്കുന്നതിനും സമയബന്ധിതമായി നടപ്പാക്കുന്നതിനും ഗവണ്‍മെന്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇച്ഛാശക്തിയോടെ നീങ്ങിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ആയിരക്കണക്കിന് സഹകാരികളുടെയും സഹകരണസ്ഥാപനങ്ങളുടെയും സഹകരണവകുപ്പ് ഉദ്യോഗസ്ഥരുടെയും കര്‍മശേഷികൂടി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഈ രംഗത്ത് കൂടുതല്‍ നേട്ടം കൈവരിക്കാന്‍ സാധിക്കും.

2018-19ലെ പദ്ധതി രൂപീകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണ്. ഇപ്പോള്‍മുതലെങ്കിലും ആസൂത്രണത്തിന്റെ മേലെത്തട്ടുമുതല്‍ താഴെയറ്റംവരെ, സഹകരണത്തിന് പ്രാധാന്യവും പരിഗണനയും നല്‍കുന്നതിനുള്ള നടപടികളുണ്ടാകണം.

ഈ രംഗത്തെ പ്രവര്‍ത്തനാനുഭവങ്ങളും പ്രായോഗിക പരിജ്ഞാനവുമുള്ള സഹകാരികളെ ബന്ധപ്പെട്ട സമിതികളില്‍ ഉള്‍ക്കൊള്ളിച്ച് അവരുടെ സേവനം ഉപയോഗപ്പെടുത്തണം. ഉല്‍പ്പാദന, വിതരണ, സംഭരണമേഖലയിലെല്ലാം വിജയകരമായി പ്രവര്‍ത്തിക്കുന്ന ധാരാളം സഹകരണസ്ഥാപനങ്ങളുണ്ട്. ഈ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്ല പ്രോജക്ടുകള്‍ ഉണ്ടാകാനും അവ ഫലപ്രദമായി നടപ്പാക്കുന്നതിനും സഹായകമാകും.

സഹകാരികള്‍ യഥാര്‍ഥ സന്നദ്ധപ്രവര്‍ത്തകരാണ്. നമ്മുടെ ഗ്രാമീണ സമ്പദ്ഘടനയുടെ നാനാരംഗങ്ങളില്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നവരാണവര്‍. പാവപ്പെട്ടവരും സാധാരണക്കാരുമായി നിത്യബന്ധമുള്ളവരാണവര്‍. പദ്ധതി നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിലും സമയബന്ധിതമായും കാര്യക്ഷമമായും അവ നടപ്പാക്കുന്നതിലും അവരുടെ സേവനങ്ങള്‍ വിലപ്പെട്ടതാണ്.

ജനകീയാസൂത്രണവും സഹകരണപ്രസ്ഥാനവും തമ്മിലുള്ള ഫലപ്രദമായ ഏകോപനത്തിന് ഗവണ്‍മെന്റുതലത്തില്‍ നയപരമായ തീരുമാനങ്ങളുണ്ടാകണം. കേരളത്തില്‍ സഹകരണപ്രസ്ഥാനം ഏറ്റവും ശക്തിപ്രാപിച്ചിട്ടുള്ളത് വായ്പാമേഖലയിലാണ്. പഞ്ചായത്തുതലത്തിലുള്ള സര്‍വീസ് സഹകരണ ബാങ്കുകള്‍ ശക്തമായ സാമ്പത്തിക സ്ഥാപനങ്ങളായി മാറിയിട്ടുണ്ട്.

കേരള സഹകരണ ബാങ്കിന്റെ രൂപീകരണമുള്‍പ്പെടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളിലൂടെ ഈ മേഖല കൂടുതല്‍ ശക്തവും കാര്യക്ഷമവുമാകാന്‍ പോകുകയുമാണ്. വന്‍തോതിലുള്ള നിക്ഷേപ സഹകരണവും ആധുനിക സാങ്കേതിക സംവിധാനങ്ങളും സാമ്പത്തികശേഷിയും വിശ്വാസ്യതയും കൈവരിച്ചുകഴിഞ്ഞ ഈ സ്ഥാപനങ്ങളെ ഗ്രാമപഞ്ചായത്തുകളുടെ ഔദ്യോഗിക ബാങ്കുകളായി അംഗീകരിക്കണം.

കേരള സഹകരണ ബാങ്ക് സംസ്ഥാന ഗവണ്‍മെന്റിന്റെ ബാങ്കാകുന്നതുപോലെ പഞ്ചായത്തുതല സഹകരണ ബാങ്കുകള്‍ പഞ്ചായത്തിന്റെ ബാങ്കായി അംഗീകരിക്കപ്പെടണം. പ്ളാന്‍ ഫണ്ട് ഉള്‍പ്പെടെയുള്ള എല്ലാ പണമിടപാടുകളും സഹകരണ ബാങ്കുകളിലൂടെയാകണം.

വികസനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പഞ്ചായത്തുകള്‍ക്ക് വായ്പകളും മറ്റ് സഹായങ്ങളും ചെയ്യുന്നതിന് സഹകരണ ബാങ്കുകള്‍ക്ക് അനുവാദം നല്‍കണം. ബ്ളോക്ക്-ജില്ലാതലങ്ങളിലും തെരഞ്ഞെടുത്ത, അനുയോജ്യമായ സഹകരണ ബാങ്കുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ഇത്തരം ഔദ്യോഗികബന്ധം സ്ഥാപിക്കണം.

കൃഷി, വ്യവസായം, ആരോഗ്യം, വനിതാക്ഷേമം, പട്ടികജാതി, പട്ടികവര്‍ഗ വികസനം, പൊതുവിതരണം തുടങ്ങിയ രംഗങ്ങളില്‍ പദ്ധതി നിര്‍വഹണ ഏജന്‍സിയായി കഴിയുന്നത്ര സഹകരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കണം. സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുകൂടി ഉത്തരവാദിത്തം നല്‍കിക്കൊണ്ട് കൂടുതല്‍ ഫലപ്രദമായും സമയബന്ധിതമായും പദ്ധതികള്‍ നടപ്പാക്കാന്‍ ഇത് സഹായിക്കും.

ഇതോടൊപ്പം, വന്‍തോതില്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനും ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സഹായിക്കുന്ന പുതിയ സഹകരണസ്ഥാപനങ്ങള്‍ വിവിധ രംഗങ്ങളില്‍ രൂപീകരിക്കുന്നതിനും നിലവിലുള്ളവയെ ശക്തിപ്പെടുത്തുന്നതിനും പ്രത്യേക പദ്ധതികള്‍ ജനകീയാസൂത്രണത്തിന്റെ ഭാഗമായി തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്യണം. ഇതിനുവേണ്ടി ആവശ്യമായ തുക പ്ളാന്‍ ഫണ്ടില്‍നിന്ന് വകയിരുത്തണം.

2018-19ലെ വകയിരുത്തലുകള്‍ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട പ്രധാന മേഖലകളുടെ നിശ്ചിത ശതമാനം ഫണ്ട് സഹകരണത്തിലേക്ക് മാറ്റാവുന്നതാണ്. സഹകരണവകുപ്പും പ്ളാനിങ് ബോര്‍ഡും ഗവണ്‍മെന്റും ആവശ്യമായ ചര്‍ച്ചകളും ആലോചനകളും നടത്തുന്നതിലൂടെ അധികത്തുക കണ്ടെത്താന്‍ കഴിയും.

ശക്തമായ ജനകീയാടിത്തറയുള്ളതും താരതമ്യേന അഴിമതിരഹിതവുമായ സഹകരണപ്രസ്ഥാനത്തെയും സഹകരണവകുപ്പിനെയും ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിന് ഒരു ന്യായീകരണവുമില്ല. അധികാരവികേന്ദ്രീകരണ പ്രക്രിയയും ജനകീയപങ്കാളിത്തത്തോടെയുള്ള വികസനപ്രവര്‍ത്തനങ്ങളും കൂടുതല്‍ ഫലപ്രദമായി മാറ്റാന്‍ സഹകരണ പ്രസ്ഥാനത്തിന്റെ പങ്കാളിത്തം വളരെ സഹായകമാകും.

സഹകരണമേഖലയെ ശക്തിപ്പെടുത്താനും ഇത് സഹായിക്കും. അതിപ്രധാനമായ ഈ വിഷയത്തിലേക്ക് ബന്ധപ്പെട്ടവരുടെയെല്ലാം ശ്രദ്ധപതിയേണ്ടിയിരിക്കുന്നു.

(പിഎസ് സി മുന്‍ ചെയര്‍മാനാണ് ലേഖകന്‍)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News