മുസ്ലിങ്ങളെ ഭയക്കണമെന്ന സന്ദേശവുമായി ബിജെപിയുടെ പ്രചരണം; വീഡിയോ പ്രചരിക്കുന്നത് ഹിന്ദുത്വ ഗ്രൂപ്പുകളില്‍

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുസ്ലിങ്ങള്‍ക്കെതിരെ വീഡിയോയുമായി ബിജെപി പ്രവര്‍ത്തകര്‍. ബാങ്കുവിളി കേട്ട് ഭയന്നോടുന്ന പെണ്‍കുട്ടിയെയാണ് വീഡിയോയിലൂടെ ബിജെപി ചിത്രീകരിക്കുന്നത്. സോഷ്യല്‍മീഡിയയിലെ ഹിന്ദുത്വ ഗ്രൂപ്പുകളിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്.

ഗുജറാത്തില്‍ വൈകീട്ട് ഏഴിനു ശേഷം സംഭവിക്കാവുന്നത് എന്ന് എഴുതിക്കാണിച്ച ശേഷമാണ് വീഡിയോ ആരംഭിക്കുന്നത്. ഒരു പെണ്‍കുട്ടി റോഡിലൂടെ അതിവേഗത്തില്‍ ഭയപ്പെട്ട് നടക്കുന്നു.

ബാങ്കുവിളിയോട് സാമ്യമുള്ള ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കുന്നു. തുടര്‍ന്ന് അവളുടെ മാതാപിതാക്കള്‍ ഉത്കണ്ഠയോടെ വീട്ടില്‍ കാത്തിരിക്കുന്നതും കാണിക്കുന്നു.

വീട്ടിലെത്തിയ പെണ്‍കുട്ടിയെ അമ്മ ഓടിവന്ന് കെട്ടിപ്പിടിക്കുന്നു. അച്ഛന്‍ അവളെ ആശ്വസിപ്പിക്കുന്നതിനായി നെറുകയില്‍ തലോടുന്നതും വീഡിയോയില്‍ കാണാം.

തുടര്‍ന്ന് അമ്മയുടെ ചോദ്യം ഇങ്ങനെ: ഗുജറാത്തില്‍ ഇങ്ങനെ സംഭവിക്കുമോ എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?.
22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് പതിവായിരുന്നുവെന്നും അവര്‍ വന്നാല്‍ ഇത് വീണ്ടും സംഭവിക്കുമെന്നുമായിരുന്നു അച്ഛന്റെ മറുപടി. ഭയപ്പെടേണ്ടതില്ല, മോദി ഇവിടെയുണ്ട്. ആരും വരില്ലെന്നും പറഞ്ഞ് അവര്‍ മകളെ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുന്ന ഈ വീഡിയോ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കാണിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ഗോവിന്ദ് പാര്‍മര്‍ തെരഞ്ഞെടുപ്പ് കമീഷനും പൊലീസിനും പരാതി നല്‍കി. മുസ്ലിങ്ങളെ ഭയക്കണമെന്ന വ്യക്തമായ സന്ദേശമാണ് വീഡിയോ നല്‍കുന്നതെന്നും അത് പ്രചരിപ്പിക്കുന്നത് തടയണമെന്നും അഡ്വ. പാര്‍മര്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here