‘സഹോദരിയെ ആലിംഗനം ചെയ്യുന്നത് അശ്ലീലമായി തോന്നുന്നത് ബിജെപിക്കാര്‍ക്ക് മാത്രം’; ആഞ്ഞടിച്ച് ശശി തരൂര്‍

തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്‌റുവിനെ സ്ത്രീലമ്പടനാക്കി ചിത്രീകരിച്ച ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശശിതരൂര്‍ എംപി. സ്വന്തം സഹോദരിയെ ആലിംഗനം ചെയ്യുന്നത് ബിജെപിക്കാര്‍ക്ക് മാത്രമാണ് മോശമായി തോന്നുന്നതെന്ന് ശശിതരൂര്‍ പറഞ്ഞു.

സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനെയും അവരുടെ മകളെയും നെഹ്‌റു വാത്സല്യത്തോടെ ആലിംഗനം ചെയ്യുന്ന ചിത്രങ്ങള്‍ ബിജെപി ഐ.ടി വിഭാഗം തലവന്‍ അമിത് മാല്‍വിയയാണ് മോശമായി പ്രചരിപ്പിച്ച് പുറത്തു വിട്ടത്. ഇതിനെതിരെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടയാണ് വിമര്‍ശനവുമായി തരൂര്‍ രംഗത്തെത്തിയത്.

മോദി സര്‍ക്കാര്‍ വന്നതിന് ശേഷം നെഹ്‌റുവിന്റെ നയങ്ങളെ മാത്രമല്ല, സ്വകാര്യ ജീവിതത്തെയും വിമര്‍ശിക്കാന്‍ തുടങ്ങിയെന്ന് തരൂര്‍ പറഞ്ഞു.

‘സ്വന്തം സഹോദരിയെ കെട്ടിപ്പിടിക്കുന്നത് ബിജെപിക്കാര്‍ക്ക് മാത്രമാണ് മോശമായി തോന്നുക. സ്വകാര്യ ജീവിതത്തില്‍ ഒളിക്യാമറ വയ്ക്കുന്നിടം വരെ മൂല്യ ച്യൂതി നേരിടുന്ന രാഷ്ട്രീയമാണ് ബിജെപി ഇപ്പോള്‍ നടപ്പിലാക്കുന്നത്. ഹാര്‍ദിക് പട്ടേലിന്റെ മുറിയില്‍ ഒളിക്യാമറ വയ്ക്കുന്നത് ഇതിന്റെ ഭാഗമാണ്.’-തരൂര്‍ പറയുന്നു.

വികസനത്തെക്കുറിച്ചും, തൊഴിലില്ലായ്മയെക്കുറിച്ചും പറയാനില്ലാത്തതിനാലാണ് ബിജെപി ഇത്തരം രാഷ്ട്രീയം കളിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.

ഹര്‍ദിക് പട്ടേലിനെ വിമര്‍ശിക്കാന്‍ വേണ്ടിയാണ് ഐടി സെല്‍ മേധാവിയുടെ നേതൃത്വത്തില്‍ നടന്ന ഈ പ്രചരണം. നെഹ്‌റു സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച അമിത് മാളവ്യ അതിന് താഴെ ഹാര്‍ദികിന് നെഹ്‌റുവിന്റെ ചില ഡിഎന്‍എ സവിശേഷതകള്‍ ലഭിച്ചിട്ടുണ്ടെന്നും കുറിച്ചു വച്ചു.

ഹര്‍ദികിന്റേതെന്ന പേരില്‍ ഒരു സ്വകാര്യ വീഡിയോ പുറത്തു വന്ന സാഹചര്യത്തിലായിരുന്നു അമിതിന്റെ പരിഹാസം.

റഷ്യയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനെ നെഹ്‌റു ദില്ലി എയര്‍പോര്‍ട്ടില്‍ സ്വാഗതം ചെയ്യുന്നതും, വിജയലക്ഷമി അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറായി ജോലി ചെയ്തിരുന്ന കാലത്ത് അവിടെയെത്തിയ നെഹ്‌റുവിനെ അവര്‍ ആലിംഗനം ചെയ്ത് സ്വാഗതം ചെയ്യുന്നതുമായ ചിത്രങ്ങളും ചേര്‍ത്താണ് നെഹ്‌റു സ്ത്രീലമ്പടനാണെന്ന തരത്തില്‍ അമിത് മാളവ്യ ട്വീറ്റ് ചെയ്തത്.

അവസാനത്തെ ഇന്ത്യന്‍ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ ഭാര്യ എഡ്വീന മൗണ്ട്ബാറ്റണ്‍, അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ ഭാര്യ ജാക്വിലിന്‍ കെന്നഡി, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണറായിരുന്ന സൈമണിന്റെ ഭാര്യ, മൗണ്ട് ബാറ്റണ്‍എഡ്വീന ദമ്പതികളുടെ മകള്‍ പതിനെട്ടുകാരി പമേല മൗണ്ട്ബാറ്റണ്‍ എന്നിവര്‍ക്കൊപ്പമുള്ള നെഹ്‌റുവിന്റെ ചിത്രങ്ങളും അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here