വയനാട് കേന്ദ്രീകരിച്ച് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ സുരക്ഷാസജ്ജീകരണങ്ങള്‍ ശക്തമാക്കി.ജില്ലയിലേക്കുള്ള എല്ലാ വഴികളിലും കര്‍ശനപരിശോധനയാണ് പോലീസ് നടത്തുന്നത്.
രാത്രികാല പരിശോധനകളും പോലീസ് സ്റ്റേഷനുകള്‍ക്കുള്ള സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. മലപ്പുറം കരുളായി വനത്തില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക ദിനമാണ് നവംബര്‍ 24.

ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സുരക്ഷാ സജ്ജീകരണങ്ങള്‍ പോലീസ് ശക്തമാക്കിയത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പോലീസ് സ്റ്റേഷനുകളില്‍ പഴുതടച്ചുള്ള സിസിടിവി നിരീക്ഷണവും  രാത്രികാലങ്ങളിലെ പരിശോധനകളും കര്‍ശനമാക്കിയിരിക്കുകയാണ് പോലീസ്.

ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്ന സംശയിക്കുന്ന മാവോയിസ്റ്റുകളുടെ ലുക്ക് ഔട്ട് നോട്ടീസുകള്‍ ജനങ്ങള്‍കൂടുന്ന ഇടങ്ങളിലെല്ലാം  വ്യാപകമായി പതിച്ചിട്ടുണ്ട്.സ്ഥിതിഗതികള്‍ വിലയിരുത്തുവാന്‍ കണ്ണൂര്‍ റേജ് ഐജി പി മഹിപാല്‍ യാദവ്
കഴിഞ്ഞദിവസങ്ങളില്‍ ജില്ലയിലെ മാവോവാദി സാന്നിദ്ധ്യം സ്ഥിരീകരിച്ച പ്രദേശങ്ങളടക്കം വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

അതേസമയം കഴിഞ്ഞദിവസം മാവോവാദി നേതാവ് ചന്ദ്രു മാനന്തവാടിയില്‍ നിന്ന്  ബസ് മാര്‍ഗ്ഗം കൈതക്കൊല്ലിയിലെത്തിയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുമുണ്ട്.

കര്‍ണ്ണാടക സ്വദേശിനിയായ മാവോവാദി നേതാവ് ലത തിരുനെല്ലി പോലീസ് സ്്‌റ്റേഷന്‍ പരിധിയിലെ തൃശ്ശിലേരിയില്‍
എത്തിയതായും പോലീസ് പറയുന്നു.ഇവര്‍ക്കായി പരിശോധനയും പോലീസ് നടത്തിയിരുന്നെങ്കിലും മറ്റുവിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
സുരക്ഷാപരിശോധനകള്‍ കര്‍ശനമായി തുടരുന്നതിനിടെയാണ് ഇവര്‍ വയനാട്ടിലെത്തിയത്.