മണ്ണാര്‍ക്കാട് എംഇഎസ് കോളേജില്‍ സംഘര്‍ഷമുണ്ടാക്കാന്‍ അധ്യാപകരുടെ ശ്രമം; എസ്എഫ്‌ഐ പ്രചാരണബോര്‍ഡുകളും തോരണങ്ങളും നശിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട്: മണ്ണാര്‍ക്കാട് എംഇഎസ് കോളേജില്‍ കോളേജ് യൂണിയന്റെ ഉദ്ഘാടനത്തോട്ടനുബന്ധിച്ച് സ്ഥാപിച്ച പ്രചാരണബോര്‍ഡുകളും തോരണങ്ങളും അധ്യാപകര്‍ രാത്രി നശിപ്പിച്ചു.

പരാതിയെ തുടര്‍ന്ന് കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംഭവത്തിന് പിന്നില്‍ അധ്യാപകരാണെന്ന് വ്യക്തമായത്. ക്യാമ്പസിനകത്ത് സംഘര്‍ഷമുണ്ടാക്കാനായിരുന്നു അധ്യാപകരുടെ ശ്രമമെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം.

മണ്ണാര്‍ക്കാട് എംഇഎസ് കോളേജ് യൂണിയന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കോളേജില്‍ യൂണിയന്റെയും എസ്എഫ്‌ഐയുടെയും പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പ്രചാരണ ബോര്‍ഡുകളും തോരണങ്ങളും അപ്രത്യക്ഷമായി. രാവിലെ പ്രിന്‍സിപ്പലിന് മുന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പരാതിയുമായെത്തിയതോടെയാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

കോളേജിലെ രാത്രി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് സെക്യൂരിറ്റിയുടെ സഹായത്തോടെ കോളേജിലെ അധ്യാപകര്‍ തന്നെയാണ് പ്രചാരണബോര്‍ഡുകള്‍ നശിപ്പിച്ചതെന്ന് വ്യക്തമായത്. കോളേജില്‍ സംഘര്‍ഷമുണ്ടാക്കാനും തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അക്രമരാഷ്ട്രീയം നടത്തുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു അധ്യാപകരുടേതെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ജയദേവന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആരോപണവിധേയനായ അധ്യാപകനെ സ്റ്റാഫ് അഡ്വൈസറുടെ ചുമതലയില്‍ നിന്ന് നീക്കിയിട്ടുണ്ട്. കഴിഞ്ഞ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ യൂണിയന്‍ ഭരണം പിടിച്ചെടുത്തിരുന്നു.

ഇതിനു ശേഷം എസ്എഫ്‌ഐ പ്രവര്‍ത്തകരെ പീഢിപ്പിക്കുന്ന നിലപാടാണ് അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം.

കൊടി തോരണങ്ങളും പ്രചാരണ ബോര്‍ഡുകളും നശിപ്പിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News