മൂന്നാര്‍ റെസ്റ്റ് ഹൗസിലെ ക്രമക്കേട്; രണ്ട് പേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്;

ഇടുക്കി: മൂന്നാര്‍ പിഡബ്യൂഡി റെസ്റ്റ് ഹൗസിലെ ക്രമക്കേടുകള്‍ക്കെതിരെ നടപടി ആരംഭിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ദേശീയ പാതയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ മൂന്നാര്‍ പിഡബ്ലിയുഡി റെസ്റ്റ് ഹൗസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകളാണ് കണ്ട് പിടിച്ചത്. റെസ്റ്റ് ഹൗസിലെ എട്ട് മുറികള്‍ 2002ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഹോട്ടല്‍ മെര്‍മെയ്ഡിന് ലീസിന് നല്‍കിയിരുന്നു.

ശേഷിക്കുന്ന മൂന്ന് മുറികളും ഈ സ്ഥാപനം തന്നെ കൈവശം വെച്ചിരിക്കുന്നതായി പരിശോധനയില്‍ വ്യക്തമായി.
ഇതോടൊപ്പം റെസ്റ്റ് ഹൗസിലെ രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ മെര്‍മെയ്ഡ് ഹോട്ടല്‍ മുറിയില്‍ നിന്നാണ് മന്ത്രി കണ്ടെടുത്തത്.

ഉദ്യോഗസ്ഥരും ഹോട്ടല്‍ നടത്തിപ്പുകാരും ചേര്‍ന്ന് സര്‍ക്കാര്‍ വക മുറികള്‍ ഉയര്‍ന്ന തുകക്ക് വാടകക്ക് നല്‍കിയിരുന്നത് വഴി വന്‍ സാമ്പത്തിക ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്. കൂടാതെ ജോലിക്കെത്താതെ ജീവനക്കാര്‍ രജിസ്റ്ററില്‍ ഹാജര്‍ രേഖപ്പെടുത്തിയിരുന്നതായും കണ്ടെത്തി.

സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍
ചെയ്ത് കേസെടുക്കാന്‍ മന്ത്രി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി പൊലീസ് റെസ്റ്റ്ഹൗസില്‍ പരിശോധന നടത്തുകയും ഏതാനും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തത്.

മെറിമെയ്ഡിന് വേണ്ടി മുറികള്‍ ലീസിനെടുത്ത വ്യക്തിക്കെതിരെയും പിഡബ്ലിയുഡി കസ്റ്റോഡിയനെതിരെയുമാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സംഭവത്തില്‍ സര്‍ക്കാരിനെ വഞ്ചിച്ചു എന്ന കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെുത്തിട്ടുളളത്. പിടിച്ചെടുത്ത രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും മൂന്നാര്‍ സിഐ വ്യക്തമാക്കി.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മനോഭാവത്തോടെ ഈ സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തിക്കാനാകില്ലെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുറ്റക്കാര്‍ക്ക് മാപ്പ് ഉണ്ടാകില്ലെന്നും മന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News