മേയര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ബിജെപി കൗണ്‍സിലര്‍മാരുടെ പേരില്‍ വധശ്രമത്തിന് കേസ്

തിരുവനന്തപുരം:കോര്‍പ്പറേഷന്‍ യോഗത്തിന് ശേഷമുണ്ടായ സംഘര്‍ഷത്തിനിടെ മേയര്‍ വി.കെ. പ്രശാന്തിനെ ആക്രമിച്ച സംഭവത്തില്‍ 20 ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 27 ആളുകളുടെപേരില്‍ വധശ്രമത്തിന് കേസെടുത്തു.

നഗരസഭാ ഓഫീസില്‍ അതിക്രമിച്ചുകയറിയ ബിജെപി കൌണ്‍സിലര്‍മാരുടെയും ആര്‍എസ്എസ് ഗുണ്ടകളുടെയും ആക്രമണത്തില്‍ പരിക്കേറ്റ മേയര്‍ വി കെ പ്രശാന്തിന് ജീവന്‍ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്. കഴുത്തിനേറ്റ മര്‍ദനം അതീവ ഗുരുതരമാണെന്നും അല്‍പ്പം മാറിയിരുന്നെങ്കില്‍ നട്ടെല്ലിന് ക്ഷതമേറ്റ് മേയറുടെ ശരീരം പൂര്‍ണമായും സ്തംഭിക്കുമായിരുന്നെന്നും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴുത്തിലെ കശേരുക്കള്‍ക്കേറ്റ ക്ഷതം ഗുരുതരമാണെന്നും ഇതിനാല്‍ നട്ടെല്ലിന് നിസ്സാരക്ഷതം സംഭവിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മദ് പറഞ്ഞു. കഴുത്തിലെ വേദന തോളിലേക്ക് ബാധിച്ചുതുടങ്ങി.

കുറച്ചുദിവസം കോളര്‍ ഉപയോഗിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. വയറിന് ചവിട്ടേറ്റതുകൊണ്ട് ആന്തരിക രക്തസ്രാവമുണ്ടോ എന്നറിയാന്‍ സിടി സ്‌കാന്‍ചെയ്തു. വലതുകണങ്കാലിന് ക്ഷതമേറ്റതിനാല്‍ മൂന്നാഴ്ചയെങ്കിലും പ്‌ളാസ്റ്റര്‍ ഉപയോഗിക്കേണ്ടിവരും. കുറഞ്ഞത് മൂന്നുമാസത്തെ വിശ്രമം വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

അപകടനില തരണംചെയ്തതിനാല്‍ ഞായറാഴ്ച മേയറെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍നിന്നുമാറ്റി മെഡിക്കല്‍ പേവാര്‍ഡില്‍ പ്രവേശിപ്പിച്ചു. ജനറല്‍ സര്‍ജറി, ഇഎന്‍ടി, ഓര്‍ത്തോ തുടങ്ങിയ വിഭാഗങ്ങളിലൈ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കുന്നുണ്ട്. പനിബാധിച്ച് ഒരാഴ്ച വിശ്രമത്തിനുശേഷം നഗരസഭയിലെത്തിയപ്പോഴാണ് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് അദ്ദേഹത്തെ മര്‍ദിച്ചത്.

ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്‍ഡിഎഫ് കൌണ്‍സിലര്‍മാരായ റസിയാബീഗം, എസ് എസ് സിന്ധു മേയറുടെ ഡഫേദാര്‍ മോഹനന്‍ എന്നിവര്‍ ഞായറാഴ്ച ആശുപത്രിവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News