കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം ഉടന്‍; അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ സമയക്രമം പ്രഖ്യാപിച്ചു; ആന്റണി ഉപാധ്യക്ഷനായേക്കും

ദില്ലി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുന്ന പാര്‍ട്ടി സംഘടനാ രീതിയുടെ സമയക്രമം പ്രഖ്യാപിച്ചു. ഡിസംബര്‍ നാലാം തിയതി അധ്യക്ഷനായുള്ള സ്ഥാനാരോഹണം നടക്കും.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സമയക്രമം തീരുമാനിച്ചു. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം ഡിസംബര്‍ നാലാം തിയതിയായിരിക്കും.

മറ്റ് സ്ഥാനാര്‍ത്ഥികളില്ലെങ്കില്‍ അന്നു തന്നെ പ്രസിഡന്റായി അവരോധിതനാകും. വോട്ടെടുപ്പ് ഉണ്ടെങ്കില്‍ സ്ഥാനാരോഹണം വൈകും. മറ്റ് സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ 16ാം തിയതി വോട്ടെടുപ്പ് നടക്കും. 19ാം തിയതി പ്രഖ്യാപനമുണ്ടാകുമെന്നും എ ഐ സി സി വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ രാഹുലിന് എതിരുണ്ടാകാനുള്ള സാധ്യതയില്ല. 20 വര്‍ഷത്തോളം കോണ്‍ഗ്രസിനെ നയിച്ച സോണിയാ ഗാന്ധി പടിയിറങ്ങുന്നതോടെയാണ് രാഹുലിന്‍റെ സ്ഥാനാരോഹണം സാധ്യമാകുന്നത്.

സീതാറാം കേസരിയില്‍ നിന്ന് 1998 ലാണ് സോണിയ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. കോണ്‍ഗ്രസിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധ്യക്ഷ പദവിയിലിരുന്നെന്ന ഖ്യാതിയും സോണിയക്ക് സ്വന്തമാണ്.

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പെ രാഹുല്‍ അധ്യക്ഷസ്ഥാനത്തെത്തുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഡിസംബര്‍ 9 , 14 തിയതികളിലാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്.

അതേസമയം ഉപാധ്യക്ഷനായി എ കെ ആന്റണിയെയാണ് പരിഗണിക്കുന്നത്. രാഹുലിന്റെ താല്‍പര്യം ആന്റണിക്ക് അനുകൂലമാണ്.

എന്നാല്‍ ആന്റണിയെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റാക്കുന്നതിനെതിരെ എ ഐ സി സി യില്‍ പടയൊരുക്കം തുടങ്ങി. പി ചിദംബരവും അഹമ്മദ് പട്ടേലുമാണ് ആന്റണിക്കെതിരായ നീക്കത്തിനു പിന്നില്‍.

സോണിയാ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ അഹമ്മദ് പട്ടേല്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ്. അമിത് ഷായടക്കമുള്ളവര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും ജയിച്ചുകയറാനായത് തന്റെ രാഷ്ട്രീയ വിജയം കൂടിയായാണ് പട്ടേല്‍ ചൂണ്ടികാണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News