അടിയന്തരാവസ്ഥക്കാലത്ത് കെ കരുണാകരന്‍ നേരിട്ട് സിനിമ കാണാന്‍ വന്നു; പിന്നെ തലങ്ങും വിലങ്ങും സെന്‍സര്‍ കത്രികവച്ചു; കരുണാകരന്‍ സര്‍ക്കാര്‍ തന്നെ അവാര്‍ഡ് നല്‍കി

അത് ഒരു സ്വപ്നമല്ല. ചരിത്രമാണ്. ഒരു കാലത്തിന്റെ സാഹസിക സമരജീവിതമാണ്. മലയാളസിനിമയിലേക്ക് കമ്മ്യൂണിസ്റ്റ് ചിന്തയുടെ ഒളിപ്പോരാളികളെ പോലെ കടന്നുവന്നവരുടെ ഒരു സംഘകാലം. അതായത് കബനി നദി ചുവന്ന സിനിമാക്കാലം.

ഇന്ത്യയുടെ രാഷ്ട്രീയ അടിയന്തരാവസ്ഥക്കാലത്ത് കൈവിലങ്ങുകളും തടവറകളും ഭേദിച്ചെത്തിയ വിപ്ലവകാരികളെപ്പോലെയായിരുന്നു അന്ന് മലയാളിക്ക് മുന്നിലേക്ക് ആ സിനിമ കടന്നുവന്നത്. പോസറ്റുമോര്‍ട്ടം ടേബിളിലെന്ന പോലെ സെന്‍സര്‍ കത്രികകള്‍ തലങ്ങും വിലങ്ങും വെട്ടിയിട്ടിട്ടും സിനിമ മരിച്ചു വീണില്ല.

നാലുപതിറ്റാണ്ട് മുമ്പത്തെ മലയാളി യുവത്വം കടന്നുപോയ കഠിനമായ ആ രാഷ്ട്രീയ ഉരുള്‍പൊട്ടലുകളുടെ കാലം പറയുകയാണ് സിനിമയിലെ നായകനും പ്രശസ്ത സംവിധായകനുമായ ടിവി ചന്ദ്രന്‍.

”1975 ജൂണ്‍ 25നാണ് ബക്കര്‍ജീ കബനി നദിയുടെ ഷൂട്ട് തുടങ്ങുന്നത്. ആ ദിവസം തന്നെയാണ് ഇന്ദിരാഗന്ധി ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തികച്ചും സ്വാഭാവികമായി ആരംഭിച്ച ചിത്രീകരണം പിന്നീട് സര്‍ക്കാരിനെതിരെ ഒരു ഗൂഡപ്രവര്‍ത്തനം നടത്തുന്നത് പോലെയായി. സെന്‍സര്‍ ബോര്‍ഡ് കത്തിവെച്ച് വികൃതമാക്കിയ സിനിമ മനോഹരമായത് ബക്കര്‍ജിയുടെ കലാവൈഭവം ഒന്നു കൊണ്ട് മാത്രമാണ്. സിനിമയുെട പ്രിവ്യൂ കാണാന്‍ തിരുവനന്തപുരത്ത് കെ കരുണാകരന്‍ സകുടുംബം നേരിട്ട് വന്നത് ഓര്‍ക്കുന്നു.”

കരുണാകരന്‍ സിനിമ കണ്ട് ബക്കര്‍ജിയെ അനുമോദിക്കുകയായിരുന്നു. പിന്നെ സിനിമയ്‌ക്കെതിരെ നീങ്ങിയതും അതേ കരുണാകരസര്‍ക്കാരായിരുന്നു. ചെന്നൈയില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് സിനിമ കാണാന്‍ വന്നവരെ അത് കാണിച്ചു കൊടുക്കാനുള്ള ചുമതല എനിക്കും പവിത്രനുമായിരുന്നു. സിനിമ അവര്‍ക്ക് ബോധിച്ചു. ഇല്ലെങ്കില്‍ ആ സിനിമയുടെയും ഞങ്ങളുടെയും വിധി മറ്റൊന്നാവുമായിരുന്നു.”

1977ല്‍ കെ കരുണാകരന്റെ സര്‍ക്കാര്‍ ഏറ്റവും മികച്ച സംവിധായകനും ഏറ്റവും മികച്ച രണ്ടാമത്തെ സിനിമയ്ക്കും കബനിക്ക് അവാര്‍ഡ് പ്രഖ്യാപിച്ചു. കബനിക്ക് അവാര്‍ഡ് ലഭിച്ചപ്പോള്‍ മുഖം കോട്ടിയ അടിയന്തരാവസ്ഥാനുയായികളോട് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. ”വിപ്ലവകാരികളെ വെടിവെച്ചുകൊല്ലുമെന്നൊരു പാഠം ഈ സിനിമയിലുണ്ട്. സിനിമയ്ക്ക് അവാര്‍ഡ് കൊടുത്തത് അതിനാലാണ് !”

മലയാള സിനിമയില്‍ കലയുടെയും കലാപത്തിന്റെയും വലിയ പരിവര്‍ത്തനങ്ങളുടെ തുടക്കക്കാരനായിരുന്നു കബനിയുടെ സംവിധായകന്‍ പിഎ ബക്കര്‍. ശോഭനാ പരമേശ്വരന്‍ നായരുടെ സിനിമാ സെറ്റിലെ ഒരു സാധാരണ പ്രൊഡക്ഷന്‍ ബോയിയായി തുടങ്ങിയ പി അബൂബക്കറാണ് പിന്നീട് എഴുപതുകളിലെ നവതരംഗ സിനിമകളില്‍ ചുവന്നവിത്തുകള്‍ പാകിയ പിഎ ബക്കറായത്.

സ്റ്റുഡിയോയില്‍ വീര്‍പ്പുമുട്ടിയിരുന്ന മലയാള സിനിമ പുറമ്പോക്കുകളിലേക്ക് മോചിക്കപ്പെട്ടതും ബക്കറിലൂടെയായിരുന്നു. 1970ല്‍ പുറത്തിറങ്ങിയ പിഎന്‍ മേനോന്റെ ഓളവും തീരവും എന്ന സിനിമയുടെ നിര്‍മ്മാതാവ് പിഎ ബക്കറായിരുന്നു. മലയാളിയുടെ ദൃശ്യസംസ്‌കാരത്തിന് പുതിയ മാനങ്ങള്‍ സൃഷ്ടിച്ച ആ സിനിമയുടെ തുടര്‍ച്ച തന്നെയായിരുന്നു കബനീനദിയും.

1993 നവംബര്‍ 22നാണ് കബനിനദിയുടെ സംവിധായകന്‍ പിഎ ബക്കര്‍ ഓര്‍മ്മയായത്. പിന്നാലെ പവിത്രനും ചിന്തരവീന്ദ്രനും സലാം കാരശ്ശേരിയും വിപിന്‍ദാസും തുടങ്ങി ആ ഒരു സംഘകാലം മുഴുവനും ഓര്‍മ്മയായി. പക്ഷേ, മറവിക്കെതിരെ ഓര്‍മ്മകളുടെ സമരം പോലെ ഇടയ്‌ക്കെല്ലാം കബനിയുടെ ചുഴികളും മലരികളും കടന്നുവരുമ്പോള്‍ അതെല്ലാം പറയാന്‍ ഇവിടെ ഇപ്പോള്‍ ഇങ്ങനെ ഒരാള്‍ മാത്രം.

ടിവി ചന്ദ്രന്റെ കബനീകാല ഓര്‍മ്മകള്‍ക്കൊപ്പം കേരളാ എക്‌സ്പ്രസ് നടത്തിയ യാത്ര ഇവിടെ മു!ഴുവനായും കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News