മരണത്തിലേക്ക് വേഗത്തില്‍ നടന്നുപോകുന്നവര്‍; കേരളത്തിലെ ഡോക്ടര്‍മാര്‍ പെട്ടെന്ന് മരിയ്ക്കുന്നുവോ? ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

മനുഷ്യര്‍ക്ക് രോഗം വന്നാല്‍ അത് കണ്ടെത്തുകയും പിന്നെ അതിനെ ചികിത്സിച്ച് ഭേഗമാക്കുകയും ചെയ്യുന്നവരാണല്ലോ നമ്മുടെ ഡോക്ടര്‍മാര്‍. പലരേയും മരണത്തില്‍ നിന്ന് തിരിച്ച് കൊണ്ടുവരുന്ന കൈപ്പുണ്യത്തിന്റെ ഉടമകള്‍.

കേരളത്തിലെ ആരോഗ്യ രംഗത്തെ കുതിപ്പ് ലോക രാഷ്ട്രങ്ങളെ പോലും അതിശയിപ്പിക്കുന്നത് എന്നത് തര്‍ക്കമില്ലാത്ത വസ്തുത.അതുകൊണ്ട് തന്നെ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിലെ ആയുര്‍ദൈര്‍ഘ്യവും.

ഇതിനെല്ലാം വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന നമ്മുടെ ഡോക്ടര്‍മാരുടെ അവസ്ഥയെ കുറിച്ച് അറിയേണ്ടെ? സാധാരണക്കാരായ രോഗികളേക്കാള്‍ പെട്ടെന്ന് മരണത്തിലേക്ക് നടന്നു പോകുന്നവരാണ് നമ്മുടെ ഡോക്ടര്‍മാര്‍ എന്ന് കേള്‍ക്കുമ്പോള്‍ ആരും ഒന്നു ഞെട്ടിപ്പോകും.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ചാപ്റ്റര്‍ നടത്തിയ പഠനത്തില്‍ ആണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നത്. കേരളത്തിലെ സാധാരണ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യത്തേക്കാള്‍ കുറവാണ് ഡോക്ടര്‍മാരുടേത്. ഒന്നും രണ്ടും അല്ല്, ഏതാണ്ട് 13 കൊല്ലങ്ങളുടെ വ്യത്യാസം എന്നതും ഐഎംഎയുടെ പഠനത്തില്‍ പറയുന്നു. ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 67.9 വര്‍ഷമാണ്.

മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുള്ള കേരളത്തില്‍ ഇത് 74.9 വര്‍ഷമാണ്. പക്ഷേ ഡോക്ടര്‍മാര്‍ മാത്രം ഇത്രകാലം ജീവിക്കുന്നില്ല എന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ശരാശരി മലയാളി 74.9 വയസ്സുവരെ ജീവിക്കുമ്പോള്‍ കേരളത്തിലെ ഡോക്ടര്‍മാരുടെ ആയുര്‍ ദൈര്‍ഘ്യം വെറും 61.75 വര്‍ഷം മാത്രമാണ്.

2007 മുതല്‍ 2017 വരെയുള്ള കണക്കുകളാണ് കങഅ പഠനത്തിനായി പരിശോധിച്ചിട്ടുള്ളത്.ഐഎംഎയുടെ സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡോക്ടര്‍മാരെ സംബന്ധിച്ചായിരുന്നു പഠനം. പതിനായിരത്തോളം ഡോക്ടര്‍മാരാണ് ഈ പദ്ധതിയില്‍ ഉള്ളത്. അതില്‍ 282 പേര്‍ ആണ് പഠന കാലയളവില്‍ മരിച്ചിട്ടുള്ളത് എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. മരണ കാരണത്തെ കുറിച്ചും പഠനത്തില്‍ ചില കണ്ടെത്തലുകള്‍ ഉണ്ട്.

മരിച്ചവരില്‍ 87 ശതമാനം പേരും പുരുഷന്‍മാരാണ്. 13 ശതമാനം വനിത ഡോക്ടര്‍മാരും. ഇതില്‍ 27 ശതമാനം പേരും മരിച്ചത് ഹൃദയസംബന്ധിയായ രോഗങ്ങള്‍ മൂലം ആണ്. 25 ശതമാനം പേരുടെ മരണ കാരണം അര്‍ബുദം ആയിരുന്നു. രണ്ട് ശതമാനം പേര്‍ അണുബാധയേറ്റാണ് മരിച്ചത്. ഒരു ശതമാനം പേര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ അമിത സമ്മര്‍ദ്ദം ആണ് ഡോക്ടര്‍മാരുടെ ആയുര്‍ദൈര്‍ഘ്യം കുറയുന്നതിനുള്ള പ്രധാന കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. ജോലി ഭാരവും ജോലി സമയവും മറ്റുള്ളവരെ അപേക്ഷിച്ച് ഡോക്ടര്‍മാരുടേത്, വളരെ അധികമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. കടുത്ത മാനസിക സമര്‍ദ്ദം തന്നെ പ്രധാന വില്ലന്‍ എന്നതും പഠന റിപ്പോര്‍ട്ടില്‍ അടിവരയിടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here