എസ്എഫ്‌ഐ സമരത്തിന് മുന്നില്‍ മുട്ടുമടക്കി പൊന്നാനി എംഇഎസ് കോളേജ്; 92 ദിവസത്തെ സമരം വിജയകരം

മലപ്പുറം: പൊന്നാനി എംഇഎസ് കോളേജില്‍ 92 ദിവസമായി എസ്എഫ്‌ഐ നടത്തിവന്ന സമരത്തിന് വിജയം. അകാരണമായി പുറത്താക്കിയ 26 വിദ്യാര്‍ഥികളേയും തിരിച്ചെടുക്കുമെന്ന് മാനേജ്‌മെന്റിന്റെ ഉറപ്പിന്റെ പുറത്താണ് സമരം അവസാനിച്ചത്.

കലാലയ രാഷ്ട്രീയത്തിന് നിരോധനം ഏര്‍പ്പെടുത്തിയുള്ള ഹൈക്കോടതി ഉത്തരവ് വന്നതിന് ശേഷവും പൊന്നാനി എംഇഎസ് കോളേജില്‍ എസ്എഫ്‌ഐ നടത്തിയ വന്ന സമരമാണ് ഇപ്പോള്‍ വിജയം കണ്ടത്.

അകാരണമായി പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കുക,ആരോപണ വിധേയരായ അധ്യാപകരെ സസ്‌പെന്റ് ചെയ്യുക, കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എസ്എഫ്‌ഐ നിരാഹാര സമരം ആരംഭിച്ചത്. വിദ്യാര്‍ഥികളുടെ ആവശ്യങ്ങളോട് മാനേജ്‌മെന്റ് അനുകൂല സമീപനം സ്വീകരിച്ചതോടെയാണ് സമരം വിജയത്തിലേക്ക് വഴിമാറിയത്.

കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി മാനേജ്‌മെന്റ് ചര്‍ച്ച നടന്നിരുന്നു. മന്ത്രിതല ചര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍ക്ക് അനുകൂല തീരുമാനങ്ങള്‍ കൈക്കൊണ്ടെങ്കിലും മാനേജ്‌മെന്റ് അംഗീകരിച്ചിരുന്നില്ല. ഈ പാശ്ചതലത്തില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ഇന്ന് കോളേജിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മാനേജ്‌മെന്റ് ഇന്ന് സ്റ്റാഫ് കൗണ്‍സില്‍ ചേര്‍ന്ന് വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു.

ഇതോടെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത 15 വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. പുറത്താക്കിയ 11 വിദ്യാര്‍ഥികളില്‍ 8 പേരെ തിരിച്ചെടുത്തു. ബാക്കി മൂന്ന് പേര്‍ക്ക് മറ്റു കോളേജുകളില്‍ അഡ്മിഷന്‍ നല്‍കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

കൂടാതെ ചില അധ്യാപകര്‍ വിദ്യാര്‍ഥികളോട് പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതായി മാനേജ്‌മെന്റിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിര നടപടിയെടുക്കുമെന്നും മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

നേരത്തെ എസ്എഫ്‌ഐ നടത്തിവന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ കോളേജ് അധികൃതര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിക്കുമ്പോഴാണ് പഠനം തടസ്സപ്പെടുത്തും വിധം ധര്‍ണയോ സമരമോ നടത്തുന്ന വിദ്യാര്‍ഥികളെ താത്കാലികമായി പുറത്താക്കാന്‍ പ്രിന്‍സിപ്പലിനും മറ്റ് അധികാരികള്‍ക്കും അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടത്.

യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ സമര്‍പ്പിച്ച യുയുസി, വൈസ് ചെയര്‍മാന്‍ നോമിനേഷന്‍ അകാരണമായി അധികൃതര്‍ തള്ളിയതാണ് സമരത്തിനാധാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News