അജ്ഞാത മൃതദേഹത്തെ പിന്തുടര്‍ന്ന് അന്വേഷണം; തെളിയിച്ച് രണ്ടു കൊലക്കേസുകള്‍; തെളിവ് നശിപ്പിക്കാന്‍ പ്രതി ‘ദൃശ്യം’ സിനിമ കണ്ടത് 17 തവണ

ആലപ്പുഴ: തകഴിയില്‍ അജ്ഞാത മൃതദേഹത്തെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ടു കൊലക്കേസുകള്‍ തെളിയിച്ച് പോലീസ്.

ദൃശ്യം സിനിമയില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ട് തെളിവുകള്‍ ഓരോന്നായി മായ്ക്കാന്‍ ശ്രമിച്ച പ്രതിയെ വിദഗ്ദമായാണ് പോലീസ് കുടുക്കിയത്. കൊലപാതകങ്ങളിലൊന്നിലെ അന്വേഷണമാവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയുമാണ് പ്രതി.

കഴിഞ്ഞ സെപ്തംബര്‍ 19നാണ് തകഴിയിലെ റെയില്‍വേട്രാക്കിന് സമീപം അസ്ഥികൂടം കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിനൊടുവില്‍ ഇത് എടത്വ പച്ച സ്വദേശി ലിന്റോയുടേതാണെന്ന് കണ്ടെത്തി. പച്ച സ്വദേശി തന്നെയായ മധുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് പോലീസ് ലിന്റോയ്ക്ക് നുണപരിശോധനയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.

ഇക്കാര്യങ്ങള്‍ ബന്ധപ്പെടുത്തി നടത്തിയ അന്വേഷണമാണ് മധുവിന്റെ കൊലപാകത്തിലെ ചുരുളുകള്‍ അഴിച്ചത്. ഇരു കൊലപാതകങ്ങളുടെയും പ്രതിയായ ഇരുപത്തിയഞ്ചുകാരനായ മോബിന്‍ മാത്യൂവിനെ പോലീസ് അറസ്റ്റു ചെയ്തു.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ:

പച്ച സ്വദേശികളായ മധുവും ലിന്റോയും മോബിനും സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 19 ന് മൂവരും സുഹൃത്തുക്കളോടൊപ്പം മദ്യപിയ്ക്കുന്നതിനിടെ മോബിനും മധുവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് മറ്റു സുഹൃത്തുക്കള്‍ പിരിഞ്ഞശേഷം ടോര്‍ച്ചിന് തലയ്ക്കടിച്ച് കഴുത്തില്‍ കേബിള്‍ വയര്‍ മുറുക്കി മധുവിനെ കൊലപ്പെടുത്തുകയായിരുന്നു.

പോലീസ് പലവട്ടം മൊഴിയെടുത്തെങ്കിലും തങ്ങള്‍ക്ക് കൃത്യത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച,് ഇരുവരും അക്ഷോഭ്യരായി പിടിച്ചു നിന്നു. കേസന്വേഷണത്തിന് വേഗത പോരെന്നാരോപിച്ച് ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ച് പ്രക്ഷോഭങ്ങളും നടത്തി. ഒടുവില്‍ ലിന്റോയ്ക്ക് പോലീസ് നുണപരിശോധനയ്ക്ക് നോട്ടീസ് നല്‍കി.

ഇതോടെ ഇയാള്‍ സത്യം വെളിപ്പെടുത്തുമെന്ന് ഭയന്ന മോബിന്‍ ലിന്റോയെ വക വരുത്തി റെയില്‍വേട്രാക്കില്‍ ഉപേക്ഷിയ്ക്കുകയായിരുന്നു. അസ്ഥികൂടം കാണുന്നതിന് മൂന്നു മാസം മുമ്പ് കൊല്ലപ്പെട്ട് ലിന്റോയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. ഒളിയിടത്തില്‍ ആഴ്ചകളോളം താമസിപ്പിച്ച ശേഷമാണ് മോബിന്‍ കൂട്ടുപ്രതിയെ വകവരുത്തിയത്.

കൊലപാതകങ്ങള്‍ക്ക് മുമ്പും പിമ്പുമായി ദൃശ്യം സിനിമ 17 വട്ടം കണ്ട മോബിന്‍ ഇരുകൊലപാതകങ്ങളിലെയും തെളിവുകള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചു. സാഹചര്യതെളിവുകളും ഫോണ്‍ സംഭാഷങ്ങളുടെ തെളിവുകളുമെല്ലാം അനുകൂലമാക്കാന്‍ നീക്കം നടത്തി.

ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയായി പ്രവര്‍ത്തിയ്ക്കുമ്പോള്‍ തന്നെ പെരുമാറ്റ ദൂഷ്യത്തേത്തുടര്‍ന്ന് ബന്ധുക്കളാണ് മധുവിനെ കൊന്നതെന്ന് പ്രചാരണം നടത്തി. കൃത്യം നടന്ന ദിവസം എട്ടുമണിയ്ക്ക് മുമ്പ് താന്‍ സ്ഥലം വിട്ടതായി പോലീസിന് മൊഴി നല്‍കണമെന്നും സുഹൃത്തുക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഒടുവില്‍ പിടിയ്ക്കപ്പെടുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ കേസ് ക്രൈബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നതിനുളള നീക്കവും നടത്തി. ഇത് സംബന്ധിച്ച് ഉത്തരവായെങ്കിലും അന്വേഷണം ആരംഭിച്ചിരുന്നില്ല.ര ണ്ടാം കൊലപാതകത്തിന് സഹായം ചെയ്ത മോബിന്റെ ബന്ധുകൂടിയായ ജോഫിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News