അഴിമതിക്ക് കൂട്ടുനില്‍ക്കാത്തവരെ പുകച്ച് ചാടിക്കുന്ന സമീപനമാണ് കോണ്‍ഗ്രസില്‍; ഉള്‍പ്പാര്‍ട്ടി തര്‍ക്കം തീര്‍ക്കുന്നതിന് ലക്ഷങ്ങളുടെ കൈക്കൂലി; തുറന്ന് പറഞ്ഞ് കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍

കോഴിക്കോട്: അഴിമതിക്ക് കൂട്ടുനില്‍ക്കാത്തവരെ പുകച്ച് ചാടിക്കുന്ന സമീപനമാണ് കോണ്‍ഗ്രസിലെന്ന് കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍. ഉള്‍പ്പാര്‍ട്ടി തര്‍ക്കം തീര്‍ക്കുന്നതിന് വരെ ലക്ഷങ്ങളുടെ കൈക്കൂലിയെന്നും കെകെ രാമചന്ദ്രന്‍ മാസ്റ്ററുടെ ആത്മകഥയില്‍ തുറന്നുപറയുന്നു.

പാര്‍ട്ടി നശിച്ചാലും തങ്ങളുടെ സ്ഥാനമാനങ്ങള്‍ സംരക്ഷിക്കുകയെന്ന സങ്കുചിത താല്‍പ്പര്യങ്ങളാണ് ഗ്രൂപ്പ് മാനേജര്‍മാരെ നയിക്കുന്നതെന്നും വിമര്‍ശനം. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, നിങ്ങളെന്നെ ബിജെപിയാക്കി എന്ന പേരിലാണ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെകെ രാമചന്ദ്രന്‍ മാസ്റ്ററുടെ ആത്മകഥ പുറത്തിറങ്ങിയത്.
കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളെ തുറന്ന് കാണിക്കുന്നതും രൂക്ഷമായി വിമര്‍ശിക്കുന്നതുമാണ് കെകെ രാമചന്ദ്രന്‍ മാസ്റ്ററുടെ ആത്മകഥ. പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, നിങ്ങളെന്നെ ബിജെപിയാക്കി എന്ന് പേരിട്ട ആത്മകഥയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അന്തര്‍നാടകങ്ങളാണ് പ്രധാനമായും വിവരിക്കുന്നത്.

സ്വാര്‍ത്ഥ താല്‍പ്പര്യക്കാരായ ഗ്രൂപ്പ് നേതാക്കള്‍ അഴിമതിക്ക് കൂട്ടുനില്‍ക്കാത്തവരെ പുകച്ച് ചാടിക്കുകയാണെന്ന് അനുഭവം വിവരിച്ച് രാമചന്ദ്രന്‍ മാസ്റ്റര്‍ പറയുന്നു. പാര്‍ട്ടി നശിച്ചാലും സ്ഥാനമാനങ്ങള്‍ സംരക്ഷിക്കുകയെന്ന സങ്കുചിത താല്‍പ്പര്യങ്ങളാണ് ഗ്രൂപ്പ് മാനേജര്‍മാരെ നയിക്കുന്നത്. ഉള്‍പ്പാര്‍ട്ടി തര്‍ക്കം തീര്‍ക്കുന്നതിന് വരെ ലക്ഷങ്ങളുടെ കൈക്കൂലി നടക്കുന്നു.

ചാത്തമംഗലം ആര്‍ഇസി കാന്റീനിലെ സപ്ലൈയറായിരുന്ന സംസ്ഥാന ഭാരവാഹി സുല്‍ത്താന്‍ബത്തേരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക്ുളള പാര്‍ട്ടി തര്‍ക്കം തീര്‍ക്കാന്‍ ഒരു ഭാഗത്തിന് മൂന്നര ലക്ഷം രൂപ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചതായാണ് രാമചന്‍്ര മാസ്റ്ററുടെ വെളിപ്പെടുത്തല്‍.

യുഡിഎഫ് ഭരണത്തിലേറിയാല്‍ കമ്മീഷന്‍ ഏജന്റുമാരുടെ വിളയാട്ടമാണ്. കെ കരുണാകരന്‍ രാഷ്ട്രീയ മര്‍മ്മം അറിഞ്ഞ നേതാവെന്ന പറയുന്ന പുസ്തകം, 91ല്‍ കെ മുരളീധരന്‍ ഭരണഘടനാതീത ശക്തിയായി മാറിയെന്നും പറയുന്നു.

അടിയന്തരാവസ്ഥയെ പിന്തുണയ്ക്കുന്ന രാമചന്ദ്രന്‍ മാസ്റ്റര്‍ മാധ്യമങ്ങള്‍ക്ക് ഇന്ദിരാഗാന്ധി ഏര്‍പ്പെടുത്തിയ സെന്‍സറിംഗ് പാളിച്ചയാണെന്നാണ് വിലയിരുത്തുന്നത്. കേരളം ഏറെ ചര്‍ച്ച ചെയ്ത് ചാരക്കേസും ടൈറ്റാനിയം അഴിമതിയും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

നിലവിലെ കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ ലീഡര്‍ക്ക് പാരവെച്ചയാളാണെന്നും, ലീഡറുടെ സ്മരണയെപ്പോലും തള്ളിക്കളഞ്ഞ നേതാക്കളാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ വിമര്‍ശിക്കുന്നു.

രാമചന്ദ്രന്‍ മാസ്റ്ററുടെ വിമര്‍ശനങ്ങളും തുറന്നുപറച്ചിലും സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അനുരണനം സൃഷ്ടിക്കാന്‍ പോന്നവയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News