ദില്ലി: നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് നടി ദീപിക പദുക്കോണ്‍ പിന്‍മാറി. പത്മാവതി വിവാദങ്ങളെ തുടര്‍ന്നാണ് ദീപികയുടെ തീരുമാനമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
28ന് ഹൈദരബാദില്‍ നടക്കുന്ന ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ് പരിപാടിയില്‍ നിന്നാണ് ദീപിക പിന്‍മാറിയത്. ദീപിക പിന്‍മാറിയതായി തെലുങ്കാന സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.
പരിപാടിയിലെ ഹോളിവുഡ് ടു നോളിവുഡ് ടു ബോളിവുഡ് എന്ന സെഷനില്‍ സംസാരിക്കാമെന്നായിരുന്നു ദീപിക ഏറ്റിരുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
ദീപികയുടെ പുതിയ ചിത്രമായ പത്മാവതിക്കെതിരെ ബിജെപിയും ഹിന്ദുത്വ സംഘടനകളും തുടര്‍ച്ചയായി കൊലവിളികള്‍ നടത്തിയിരുന്നു. ദീപികയുടെ തലവെട്ടുന്നവര്‍ക്ക് പത്തുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ബിജെപി നേതാവ് രംഗത്ത് വന്നിരുന്നു.
ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരും ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും റിലീസ് ചെയ്താല്‍ തിയേറ്റര്‍ കത്തിക്കുമെന്ന് വരെ ഇവര്‍ ഭീഷണി മുഴക്കിയിരുന്നു. ദീപികയുടെ മൂക്ക് ചെത്തിക്കളയുമെന്ന ഭീഷണിയുമായി രാജസ്ഥാനിലെ കര്‍ണി സേനയും രംഗത്തെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here