തൃശൂരില്‍ ആനയ്ക്ക് പാപ്പാന്‍മാരുടെ ക്രൂര പീഡനം; ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

തൃശൂര്‍: പുതുക്കാട് ചട്ടം പഠിപ്പിക്കുന്നതിനിടെ ആനയ്ക്ക് പാപ്പാന്‍മാരുടെ ക്രൂര പീഡനം. ഇരുമ്പു ദണ്ഡുകള്‍ ഉപയോഗിച്ച് പാപ്പാന്‍മാര്‍ കൊമ്പനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പാപ്പാന്‍മാര്‍ക്കെതിരെ കേസെടുത്തു.

രണ്ട് ദിവസം മുമ്പ് പുതുക്കാട് എത്തിച്ച കണ്ണമ്പത്തൂര്‍ സ്വദേശി സനൂപ് ചന്ദ്രന്റെ ആനയ്ക്കാണ് ഇരുമ്പു ദണ്ഡുകള്‍ കൊണ്ട് മര്‍ദ്ദനമേറ്റത്. ആനയെ ചട്ടം പഠിപ്പിക്കുന്നതിനായുള്ള ശ്രമത്തില്‍ കൊമ്പന്‍ വഴങ്ങിയിരുന്നില്ല.

ഇതോടെയാണ് പുതിയ പാപ്പാന്‍മാര്‍ ആനയെ തല്ലിയും ഉപദ്രവിച്ചും അനുസരിപ്പിക്കാനുള്ള നീക്കം നടത്തിയത്. നന്നായി വേദനയുളവാക്കാന്‍ ഇരുമ്പു ദണ്ഡുകള്‍ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. നിരന്തരമുള്ള മര്‍ദ്ദനത്തില്‍ പിന്‍ കാലുകള്‍ക്ക് പരിക്കേറ്റ ആന നിലത്തുവീണു.

നിലത്തിട്ടും മര്‍ദ്ദനം തുടര്‍ന്നതോടെ നാട്ടുകാരാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. ഇരുമ്പു ദണ്ഡുകള്‍ മര്‍ദ്ദനത്തിനിടെ ഒടിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇതേ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംഥലത്തെത്തി ആനയെ പരിശോധിച്ചു. പരിസരവാസികളില്‍ നിന്ന് മൊഴിയെടുത്ത ഇവര്‍ പാപ്പാന്‍മാര്‍ക്കെതിരെ കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News