അമിത് ഷാ പ്രതിയായിരുന്ന കൊലപാതകക്കേസില്‍ അനുകൂല വിധിക്കായി ജഡ്ജിക്ക് വാഗ്ദാനം ചെയ്തത് 100 കോടി; ബിജെപി കേന്ദ്രനേതൃത്വത്തെ കുരുക്കിലാക്കി പുതിയ വെളിപ്പെടുത്തല്‍

ദില്ലി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന കൊലപാതകക്കേസില്‍ അനുകൂല വിധിക്കായി ജഡ്ജിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തല്‍.

സൊഹ്‌റാബുദ്ദീന്‍ കേസില്‍ വാദം കേട്ടിരുന്ന ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയക്ക് പണം വാഗ്ദാനം നല്‍കിയിരുന്നുവെന്ന് സഹോദരി അനുരാധ ബിയാനി പറഞ്ഞു. ‘കാരവന്‍’ മാഗസനിലെ നിരഞ്ജന്‍ ടാക്ലേയുമായി നടത്തിയ അഭിമുഖത്തിലാണ് കുടുംബത്തിന്റെ ആരോപണം.

ലോയയുടെ മരണത്തിലെ അസ്വഭാവികതയെ സംബന്ധിച്ച് കുടുംബത്തിന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹിത് ഷായാണ് ലോയക്ക് കൈക്കൂലി വാഗ്ദാനം ചെയ്തത്. കേസില്‍ അനുകൂല വിധിപ്രസ്താവിച്ചാല്‍ 100 കോടി രൂപ നല്‍കാമെന്ന് പറഞ്ഞു.

ഇക്കാര്യങ്ങള്‍ മരണപ്പെടുന്നതിന് ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് ലോയ തന്നോട് പറഞ്ഞതായി അനുരാധ ബിയാനി പറയുന്നു. ലോയയുടെ പിതാവ് ഹര്‍കിഷനും ഇതേ വെളിപ്പെടുത്തല്‍ നടത്തിയതായി ‘കാരവന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് വളരെ ചര്‍ച്ചാ വിഷയമായിരുന്ന സൊഹ്‌റാബുദ്ദീന്‍ കേസ് മാത്രമായിരുന്നു ആ സമയത്ത് ലോയ കൈകാര്യം ചെയ്തിരുന്നത്. കേസിന്റെ വിചാരണ ഒറ്റ ജഡ്ജി കേള്‍ക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. എന്നാല്‍, മൂന്നു ജഡ്ജിമാര്‍ മാറിമാറി വന്നു. കേസ് കേട്ടുതുടങ്ങി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, 2014 ജൂണില്‍ ആദ്യ ജഡ്ജി ജെ ടി ഉല്‍പതിനെ സ്ഥലംമാറ്റി.

പിന്നീടാണ് ലോയ വരുന്നത്. പതിനായിരത്തിലധികം പേജുണ്ടായിരുന്ന ചാര്‍ജ്ഷീറ്റ് വളരെ ശ്രദ്ധയോടെയായിരുന്നു ലോയ പരിശോധിച്ചിരുന്നതെന്ന് സൊഹ്‌റാബുദ്ദീന്റെ സഹോദരനു വേണ്ടി ഹാജരായിരുന്ന അഭിഭാഷകന്‍ മിഹിര്‍ ദേശായി പറഞ്ഞു.

പലപ്പോഴും അവധി ചോദിച്ചിരുന്ന അമിത് ഷാ കേസില്‍ ഹാജരാകാതിരിക്കുന്നതിനെ സംബന്ധിച്ച് ലോയ തിരക്കിയിരുന്നു. 2014 ഒക്ടോബര്‍ 31ന് കേസ് പരിഗണിക്കവെ ഹാജരാകാതിരുന്ന അമിത് ഷാ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു.

കോടതിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാത്രം ദൂരത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നിരുന്നത്. ഇത് ചൂണ്ടിക്കാട്ടിയ ലോയ, അമിത് ഷാ സംസ്ഥാനത്തിനു പുറത്താണെങ്കില്‍ മാത്രമേ അവധി അനുവദിക്കാനാവൂ എന്നും ഡിസംബര്‍ 15ന് കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകുന്ന കാര്യം ഉറപ്പാക്കണമെന്നും പറഞ്ഞു.

ഇതിനു ശേഷമാണ് 2010-2015 കാലഘട്ടത്തില്‍ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹിത് ഷാ ലോയയെ കാണണമെന്ന് ആവശ്യപ്പെടുന്നത്. സൊഹ്‌റാബുദ്ദീന്‍ കേസില്‍ അനുകൂല വിധി പുറപ്പെടുവിപ്പിക്കണമെന്ന് ലോയയുടെ മേല്‍ മോഹിത് ഷാ സമ്മര്‍ദ്ദം ചെലുത്തി. 100 കോടി രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തത്. എന്നാല്‍ ലോയ വാഗ്ദാനങ്ങളെല്ലാം നിരസിക്കുകയായിരുന്നു. ജോലി രാജിവെക്കുകയോ ട്രാന്‍സ്ഫറിനു ശ്രമിക്കുകയോ ചെയ്യുമെന്ന് ലോയ പറഞ്ഞതായി പിതാവ് ഹര്‍കിഷന്‍ പറഞ്ഞു.

ഡിസംബര്‍ ഒന്നിനാണ് ലോയയുടെ മരണ വാര്‍ത്ത വീട്ടുകാര്‍ അറിയുന്നത്. ആര്‍എസ്എസ് ആസ്ഥാനം നിലനില്‍ക്കുന്ന നാഗ്പൂറില്‍ സഹപ്രവര്‍ത്തകനായ മറ്റൊരു ജഡ്ജിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു ലോയ. തലേദിവസം രാത്രി 11 മണിയോടെ ലോയ ഭാര്യ ഷാര്‍മ്മിളയെ ഫോണ്‍ ചെയ്തിരുന്നു. 40 മിനിറ്റോളം അദ്ദേഹം ഭാര്യയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

അന്നത്തെ ദിവസത്തെ തിരക്കുകളെപ്പറ്റി സംസാരിച്ചു. നാഗ്പൂറിലെ ഗവണ്മെന്റ് ഗസ്റ്റ് ഹൗസായ രവി ഭവനില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം താനുണ്ടെന്നും ഭാര്യയോട് പറഞ്ഞു. പിറ്റേദിവസം രാവിലെ അപ്രതീക്ഷിതമായാണ് ലോയയുടെ മരണവാര്‍ത്ത വീട്ടുകാര്‍ കേള്‍ക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ലോയ മരണപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

ലോയയുടെ മരണ ശേഷം വന്ന എം ബി ഗോസവി, തന്നെ കുറ്റവിമുക്തനാക്കണമെന്ന അമിത് ഷായുടെ അപേക്ഷ ഡിസംബര്‍ 15 മുതല്‍ മൂന്നു ദിവസം കേട്ടു. ഡിസംബര്‍ 30ന് 75 പേജ് വരുന്ന വിധി പുറപ്പെടുവിച്ചു. അമിത് ഷായെ എല്ലാ കുറ്റങ്ങളില്‍ നിന്നും മുക്തനാക്കി.

ലോയയുടെ മരണം കൊലപാതകമാണെന്ന് കുടുംബാംഗങ്ങള്‍ സംശയിക്കുന്നതായി കാരവന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here