കനത്ത മഴ; സൗദിയില്‍ ജനജീവിതം സ്തംഭിച്ചു; ഗതാഗതമേഖലയില്‍ നിയന്ത്രണം; യാത്ര മുടങ്ങി പ്രവാസികള്‍

ജിദ്ദ: സൗദിയില്‍ ഉണ്ടായ കനത്ത മഴയില്‍ പടിഞ്ഞാറന്‍ മേഖലയില്‍ ജനജീവിതം സ്തംഭിച്ചു. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദിയില്‍ ഇടിയോടു കൂടിയ മഴയുണ്ടാകുമെന്നും ജാഗ്രത വേണമെന്നും അധികൃതര്‍ തിങ്കളാഴ്ചമുതല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വെള്ളക്കെട്ടിനെ തുടര്‍ന്ന് ജിദ്ദ- മക്ക എക്‌സ്പ്രസ് ഹൈവേയില്‍ ഗതാഗതം നിര്‍ത്തിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജിദ്ദ എയര്‍പോര്‍ട്ടിലേക്ക് എത്തിപ്പെടാനാവാത്തതിനാല്‍ പലരുടെയും വിമാനയാത്ര മുടങ്ങി.

യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് ചാര്‍ജ് തിരിച്ചുകൊടുക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. യാത്രികരും പൈലറ്റുമാരും വൈകിയതിനാല്‍ പല വിമാനങ്ങളും പുറപ്പെടാന്‍ വൈകി.
ജിദ്ദ തുറമുഖത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവന്നു. വിമാനത്താവളത്തിലെ കാലാവസ്ഥ നിരീക്ഷണ ഉപകരണം ഇടിമിന്നലില്‍ തകരാറിലായെങ്കിലും പിന്നീട് ശരിയാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫിസുകള്‍ക്കും അവധി പ്രഖ്യാപിച്ചതിനാലാണ് അത്യാഹിതങ്ങള്‍ ഒഴിവായത്.ജനങ്ങള്‍ വീടുവിട്ടിറങ്ങരുതെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. മക്ക, മദീന, യാംബു എന്നിവിടങ്ങളിലും ശക്തമായ മഴയാണുണ്ടായത്.

ഇടിയോടു കൂടിയ മഴയുണ്ടാകുമെന്നും ജാഗ്രത വേണമെന്നും അധികൃതര്‍ തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. വലിയ മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here