ദിലീപ് എട്ടാം പ്രതി; മഞ്ജു സാക്ഷി; അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. അങ്കമാലി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നടി മഞ്ജു വാര്യര്‍ കേസില്‍ പ്രധാന സാക്ഷിയാകും.

ആദ്യ കുറ്റപത്രം സമർപ്പിച്ച് ആറുമാസത്തിന് ശേഷമാണ് കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നത്. 1500 ഓളം പേജുള്ള കുറ്റപത്രത്തിൽ ആകെ 12 പ്രതികളാണുള്ളത്.

എട്ടാം പ്രതിയായ ദിലീപിനെതിരെ കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, തുടങ്ങി പത്തോളം വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

തന്റെ ദാമ്പത്യം തകർന്നതിനു കാരണക്കാരിയായി കരുതുന്ന നടിയോടുള്ള പകയാണ് ദിലീപിനെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

നടിയെ ആക്രമിക്കുന്നതിന് മുൻപ് ദിലീപും പൾസർ സുനിയും തമ്മിൽ നിരവധി തവണ ഗൂഡാലോചന നടത്തിയിട്ടുണ്ടെന്ന് കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നു. ഗൂഢാലോചന തെളിയിക്കുന്ന പ്രധാന തെളിവുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദിലീപിനെയും പൾസർ സുനിയെയും ഒരുമിച്ച് കണ്ടതായുള്ള സാക്ഷിമൊഴികൾ, നടി ആക്രമിക്കപ്പെട്ട ദിവസങ്ങളിൽ താൻ ആശുപത്രിയിലായിരുന്നെന്ന ദിലീപിന്റെ വ്യാജ ചികിത്സ രേഖ, അറസ്റ്റിലായ ശേഷം പൾസർ സുനി ഒരു പോലീസുദ്യോഗസ്ഥന്റെ ഫോണിൽ നിന്ന് ദിലീപിനെ വിളിക്കാൻ ശ്രമിച്ചത്, പൾസർ സുനി ലക്ഷ്യയിലെത്തിയത് തുടങ്ങിയവയാണ് സുപ്രധാന തെളിവുകൾ.

ദിലീപിന്റെ ആദ്യ ഭാര്യയും നടിയുമായ മഞ്ജു വാര്യർ ഉൾപ്പടെ 355 പേർ കുറ്റപത്രത്തിൽ സാക്ഷികളാണ്.12 രഹസ്യമൊഴികൾ ഉൾപ്പടെ നാനൂറിൽപ്പരം നിർണ്ണായക രേഖകളാണ് കുറ്റപത്രത്തിലുള്ളത് .കസ്റ്റഡിയിലിരിക്കെ പൾസർ സുനിയെ ഫോൺ ചെയ്യാൻ സഹായിച്ച പോലീസുകാരൻ അനീഷ്, ജയിലിൽ വെച്ച് കത്തെഴുതാൻ സഹായിച്ച വിപിൻ ലാൽ എന്നിവർ മാപ്പുസാക്ഷികളാണ്.

ദിലീപിനെ കൂടാതെ മേസ്തിരി സുനി, വിഷ്ണു, അഭിഭാഷകരായ പ്രദീഷ് ചാക്കൊ, രാജു ജോസഫ് എന്നിവർ അനുബന്ധ കുറ്റപത്രത്തിൽ പ്രതികളാണ്.കൂടാതെ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പടെ ആദ്യ കുറ്റപത്രത്തിലെ 7 പേർ അനുബന്ധ കുറ്റപത്രത്തിലും പ്രതികളാണ്.

കുറ്റപത്രം സ്വീകരിക്കുന്ന അങ്കമാലി കോടതി പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയക്കും.പ്രതികൾ ഹാജരായാൽ  ഇവർക്ക് കുറ്റപത്രത്തിന്റെ പകർപ്പ് കൈമാറും. തുടർന്ന് കുറ്റപത്രം വിചാരണക്കോടതിയിലേയ്ക്ക് അയക്കുന്നതോടെ അങ്കമാലി കോടതിയിലെ നടപടികൾ പൂർത്തിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here