ഒടുവില്‍ പരസ്യമായി സൗരവ് ഗാംഗുലി മാപ്പുപറഞ്ഞു

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച നായകന്‍മാരുടെ നിരയിലാണ് സൗരവ് ഗാംഗുലിയെന്ന ദാദ. നായകനായിരുന്ന കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന് ഒട്ടേറെ സൂപ്പര്‍ താരങ്ങളെ സമ്മാനിക്കാനായെന്നതും ദാദയുടെ മികവായി ലോകം വാഴ്ത്തുന്നതാണ്.

അക്കൂട്ടത്തില്‍ പ്രമുഖനാണ് ഹര്‍ഭജന്‍ സിംഗ്. വിശ്വം വിജയം തേടിയെത്തിയ സ്റ്റീവോയുടെ കംഗാരുപ്പടയെ 2001 ല്‍ കൊല്‍ക്കത്തയില്‍ പിടിച്ചുകെട്ടിയതില്‍ നിര്‍ണായകമായത് ഹര്‍ഭജന്റെ അസാമാന്യപ്രകടനവുമായിരുന്നു.

പിന്നീട് ഏറെക്കാലം ഇന്ത്യന്‍ ബൗളിംഗിന്റെ മുഖമായിരുന്നു ഭാജി. സൗരവ് ഗാംഗുലിയുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്‍ എന്നു തന്നെ പറയാം. എന്നാല്‍ ഇപ്പോള്‍ ആശാന്‍ ശിഷ്യനോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

സുവര്‍ണ്ണ ക്ഷേത്രത്തിന് മുന്നില്‍ കുടുംബസമേതം നില്‍ക്കുന്ന ഒരു ചിത്രം ഭാജി ട്വീറ്റ് ചെയ്തതാണ് ഇക്കണ്ട പൊല്ലാപ്പൊക്കെ ഉണ്ടാക്കിയത്. ഭാജിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ കമന്റുമായി ദാദ രംഗത്തെത്തി.

ഭാര്യയും നടിയുമായ ഗീത ബസ്‌റയും മകള്‍ ഹിനയയുമൊന്നിച്ച് സുവര്‍ണ്ണ ക്ഷേത്രത്തില്‍ നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ഹര്‍ഭജന്‍ ട്വീറ്റു ചെയ്തത്.

ഭാജിയുടെ ട്വീറ്റിന് ആശംസയുമായെത്തിയ ദാദയ്ക്ക് പിഴക്കുകയായിരുന്നു. ഹര്‍ഭജന്റെ മകളെ മകനെന്ന് അഭിസംബോധന ചെയ്തത് സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചു.

നിന്റെ മകന്‍ സുന്ദരനായിരിക്കുന്ന ഭാജി അവന് വേണ്ടതിലധികം സ്‌നേഹം നല്‍കു എന്നായിരുന്നു പഴയ നായകന്റെ ഉപദേശം. സോഷ്യല്‍ മീഡിയിയല്‍ സൗരവിന്റെ അബദ്ധം ചര്‍ച്ചയായതോടെ ആശാന് കാര്യം പിടികിട്ടി.

ഇതിനുപിന്നാലെ അബദ്ധം പറ്റിയതിന് മാപ്പു ചോദിച്ചുകൊണ്ട് ദാദയുടെ ട്വീറ്റെത്തി. മാത്രമല്ല മകള്‍ സുന്ദരിയാണെന്നും തനിക്ക് പ്രായമാകുകയാണല്ലോ അതുകൊണ്ടാണ് അബദ്ധം പറ്റിയതെന്നും ദാദ വ്യക്തമാക്കി.

എന്നാല്‍ ഗാംഗുലിക്ക് പറ്റിയ അബദ്ധം ഭാജി കാര്യമാക്കിയിട്ടില്ല. എല്ലാം സ്‌നേഹം കൊണ്ടല്ലേ എന്നാണ് താരത്തിന്റെ പ്രതികരണം. ദാദയുടെ അനുഗ്രഹത്തിനുള്ള നന്ദി പ്രകടിപ്പിക്കാനും ഹര്‍ഭജന്‍ മറന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here