ദിലീപിന്റെ പക കുറ്റകൃത്യത്തിലേക്ക് നയിച്ചു; മഞ്ജുവുമായുള്ള ദാമ്പത്യം തകര്‍ത്തത് നടിയെന്ന് ദിലീപ് വിശ്വസിച്ചു; തെളിവുകള്‍ സത്യം പറയും

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദിലീപിനെതിരെ നിര്‍ണായക തെളിവുകള്‍ നിരത്തുന്നതാണ് അനുബന്ധ കുറ്റപത്രം.

നടി ആക്രമിക്കപ്പെടാനുള്ള യഥാര്‍ത്ഥ കാരണമെന്താണെന്നതടക്കമുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുന്നതാണ് ഇത്. നടി ആക്രമിക്കപ്പെടുന്നതിന്റെ ഒരേ ഒരു കാരണം ദിലീപിനുണ്ടായിരുന്ന പകയാണ്.

മഞ്ജുവുമായുണ്ടായിരുന്ന ദാമ്പത്യബന്ധം തകര്‍ത്തത് ആക്രമണത്തിനിരയായ നടിയാണെന്ന് ദിലീപ് ഉറച്ചുവിശ്വസിച്ചിരുന്നു. ഇതാണ് നടിയോട് അടങ്ങാത്ത പകയുണ്ടാകാന്‍ കാരണം. പക പിന്നീട് കുറ്റകൃത്യത്തിലേക്ക് വഴിമാറുകയായിരുന്നു.

പള്‍സര്‍ സുനിയടക്കമുള്ള മറ്റ് പ്രതികള്‍ക്ക് നടിയോട് വ്യക്തിപരമായി വൈരാഗ്യമില്ലത്തതും കുറ്റപത്രത്തില്‍ എടുത്തു പറയുന്നുണ്ട്. ദിലീപ് നല്‍കിയ ബലാത്സംഗക്വട്ടേഷന്‍ ഏറ്റെടുത്താണ് പള്‍സര്‍ സുനി ആക്രമണം നടത്തിയതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

അങ്കമാലി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായിരുന്ന മഞ്ജുവാര്യര്‍ കേസില്‍ പ്രധാന സാക്ഷിയാകും.

1555 പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450 ല്‍ അധികം രേഖകളും പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥന്‍ പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസാണ് അങ്കമാലി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഏഴു പേരെ പ്രതികളാക്കി ആക്രമണക്കേസിലെ കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചിരുന്നു.

അക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍. കേസിലെ 12 പ്രതികളില്‍ ദിലീപ് എട്ടാം പ്രതിയാണ്. ജയിലില്‍ നിന്നും സുനിക്ക് കത്തെഴുതി നല്‍കിയ വിപിന്‍ ലാലും ദിലീപിനെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ അനീഷും മാപ്പു സാക്ഷികളാണെന്നാണ് സൂചനയ

പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ച് നല്‍കിയ മേസ്തിരി സുനില്‍ സുനിയുടെ കത്ത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് എത്തിച്ച് നല്‍കിയ വിഷ്ണു തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച അഡ്വ. പ്രതീഷ് ചാക്കോ അഡ്വ രാജു ജോസഫ് എന്നിവരാണ് രണ്ടാം കുറ്റപത്രത്തിലെ മറ്റ് പ്രതികള്‍.

കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകളാണ് ദിലീപിന് മേല്‍ ചുമത്തിയിട്ടുളളത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന്് അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ ഉണ്ട്.

ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയതും കേസിലെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യമൊഴി നീക്കം തടഞ്ഞതും ദിലീപിന്റെ ഇടപെടല്‍ മൂലമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇതേത്തുടര്‍ന്ന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News