അളന്ന് തിട്ടപ്പെടുത്തിയ ഭൂമി കയ്യേറ്റമെന്ന് കാണിച്ച് വിമുക്ത ഭടന് റവന്യൂ ഉദ്യോഗസ്ഥരുടെ നോട്ടീസ്

പാലക്കാട്: ഉദ്യോഗസ്ഥര്‍ അളന്ന് തിട്ടപ്പെടുത്തി നല്‍കിയ ഭൂമിയില്‍ പുറമ്പോക്കുണ്ടെന്ന് കാണിച്ച് കയ്യേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരുടെ നോട്ടീസ്.

പാലക്കാട് ഈസ്റ്റ് പരുത്തിപ്പുള്ളിയിലെ വിമുക്ത ഭടന്‍ രാജന്‍ പുറമ്പോക്ക് കൈയ്യേറിയെന്ന് കാണിച്ച് വീടിന്റെ ഒരുവശവും ചുറ്റുമതിലും പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ ഉദ്യോഗസ്ഥരുടെയും മുന്‍പത്തെ സ്ഥലമുടമയുടെയും സാന്നിധ്യത്തില്‍ അളന്ന് പരിശോധിച്ച് രേഖ നല്‍കി തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ് രാജന്‍ പറയുന്നത്.

കശ്മീരില്‍ അതിര്‍ത്തി രക്ഷാസേനയില്‍ ജോലി ചെയ്തിരുന്ന രാജന്‍ പരിചയക്കാരനില്‍ നിന്ന് 2010ലാണ് ആലത്തൂര്‍ താലൂക്കിലെ പെരിങ്ങോട്ടുകുറിശ്ശി1 വില്ലേജില്‍ ഈസ്റ്റ് പരുത്തിപ്പുള്ളിയില്‍ 10 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങിയത്. വില്ലേജ് ഓഫീസില്‍ നിന്ന് രേഖകള്‍ പരിശോധിച്ച് അളന്ന് തിട്ടപ്പെടുത്തിയ ശേഷമാണ് സ്ഥലം വാങ്ങിയത്.

2011ല്‍ പെരിങ്ങോട്ടുകുറിശ്ശി വില്ലേജ് ഓഫീസില്‍ നിന്ന് കൈവശാവകാശ രേഖ ലഭിച്ച ശേഷം ഇവിടെ വീടും വെച്ചു. എന്നാല്‍ കഴിഞ്ഞ റീസര്‍വ്വേ നടത്തിയതിനു ശേഷം രാജന്റെ സ്ഥലത്തില്‍ രണ്ട് സെന്റോളം പുറമ്പോക്കാണെന്നാണ് ഇപ്പോള്‍ താലൂക്ക് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പറയുന്നത്.

മതിലും വീടിന്റെ ഒരു വശവും പൊളിച്ച് നീക്കണമെന്ന് കാണിച്ച് രാജന് തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷമായി സ്ഥലത്തിന് നികുതിയും സ്വീകരിക്കുന്നില്ല. എന്നാല്‍ സ്ഥലം വാങ്ങിക്കുമ്പോള്‍ തന്നെ കമ്പി വേലി കെട്ടിത്തിരിച്ചിരുന്നുവെന്നാണ് രാജന്‍ പറയുന്നത്.

സ്ഥലം നല്‍കിയവരുടെയും ഉദ്യോഗസ്ഥരുടെയും വീഴ്ച മൂലം പുറമ്പോക്ക് കൈയ്യേറിയെന്ന അപമാനവും സാമ്പത്തിക നഷ്ടവും സഹിക്കേണ്ട അവസ്ഥയിലാണ് രാജന്‍.

സ്ഥലം വില്‍പന നടത്തി വഞ്ചിച്ചയാള്‍ക്കെതിരെയും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിനും കലക്ടര്‍ക്കുമുള്‍പ്പെടെ പരാതി നല്‍കിയിട്ടും പരിഗണിക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് രാജന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here