പേരാമ്പ്ര എസ്റ്റേറ്റില്‍ തൊഴിലാളി സമരം ശക്തമാകുന്നു

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുളള കോഴിക്കോട് പേരാമ്പ്ര എസ്റ്റേറ്റില്‍ തൊഴില്‍ സമരം ശക്തമാകുന്നു. ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടു.

സിഐടിയു നേതൃത്വത്തിലാണ് സസ്‌പെന്റ് ചെയ്ത തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടക്കുന്നത്.

പേരാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികളെ സസ്‌പെന്റ് ചെയ്ത മാനേജ്‌മെന്റ് നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 13 നാണ് സി ഐ ടി യു സമരം ആരംഭിച്ചത്. ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയെന്ന കാരണം പറഞ്ഞ് നൈറ്റ് സെക്യൂരിറ്റി ജീവനക്കാരായ 4 പേരെ മാനേജ് മെന്റ് സസ്‌പെന്റ് ചെയ്യുകയായിരുന്നു.

റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളായ ഇവരെ സെക്യൂരിറ്റി ചുമതലകൂടി ഏല്‍പ്പിച്ചത് തെറ്റാണെന്ന് കോഴിക്കോട് നടന്ന ചര്‍ച്ചക്കിടെ ജില്ലാ ലേബര്‍ ഓഫീസര്‍ പി പി സന്തോഷ് കുമാര്‍ വ്യക്തമാക്കി. എന്നാല്‍ ഇവര്‍ സെക്യൂരിറ്റി ചുമതല കൂടി ഏറ്റെടുക്കുകയായിരുന്നു എന്നാണ് മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം.

4 തൊഴിലാളികള്‍ക്ക് നേരെ എടുത്ത അച്ചടക്ക നടപടി പിന്‍വലിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവത്തതാണ് ചര്‍ച്ച അലസാന്‍ കാരണം.

സമരം 10 ദിവസം പിന്നിട്ടതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന് ഉണ്ടാകുന്നത്. ദിനംപ്രതി 3200 കിലേയോളം റബ്ബര്‍ പാല്‍ ലഭിക്കുന്ന എസ്റ്റേറ്റാണ് പേരാമ്പ്ര. 948 ഹെക്ടര്‍ വിസ്തൃതിയുളളതില്‍ 508 ഹെക്ടറിലും റബ്ബര്‍ കൃഷിയാണ്. സ്ഥിരം തൊഴിലാളികളടക്കം 300 ലധികം പേര്‍ ഇവിടെ ജോലി ചെയ്തുവരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel