അസംബന്ധങ്ങള്‍ അനുവദിക്കാനാകില്ല; ബിസിസിഐക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഭരണസമിതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് നായകന്‍ വിരാട് കോഹ്ലി രംഗത്തെത്തിയത്. കായിക താരങ്ങള്‍ക്ക് വിശ്രമം പോലുമില്ലാത്ത മത്സരക്രമം നിശ്ചയിക്കുന്നതാണ് നായകനെ പ്രകോപിപ്പിച്ചത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് വേണ്ടത്ര സജ്ജമാകാന്‍ സാധിക്കില്ലെന്നത് ചൂണ്ടികാട്ടിയാണ് കൊഹ്ലി പരസ്യവിമര്‍ശനം അഴിച്ചുവിട്ടത്. ബിസിസിഐയുടെ ആസൂത്രണമില്ലായ്മ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പര പൂര്‍ത്തിയാകുന്നതിനു തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തിരിക്കേണ്ട സാഹചര്യം ഉണ്ടാക്കിയതാണ് ഇന്ത്യന്‍ നായകനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

കേവലം രണ്ട് ദിവസത്തെ സമയം മാത്രമാണ് ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നതിന് മുമ്പ് വിശ്രമം ലഭിക്കുകയെന്നും കോഹ്ലി ചൂണ്ടികാട്ടി.

ലോകക്രിക്കറ്റിലെ വന്‍ ശക്തികളാണ് ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ എതിരിടുമ്പോള്‍ വിശ്രമമില്ലാത്തത് ടീമിനെ ബാധിക്കുമെന്നതില്‍ സംശയം വേണ്ടെന്നും നായകന്‍ തുറന്നടിച്ചു.

കഴിഞ്ഞ ദിവസവും ബിസിസിഐക്കെതിരെ വിമര്‍ശനവുമായി കോഹ്ലി രംഗത്തെത്തിയിരുന്നു. താനും കളിക്കാരും വിശ്രമമില്ലാതെ നിരന്തരമായി കളിക്കുകയാണ്. അമിത ജോലിഭാരം തന്നെ തളര്‍ത്തുന്നതായാണ് അന്ന് വിരാട് കോഹ്ലി തുറന്നടിച്ചത്.

ശ്രീലങ്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റിന് മുന്നോടിയായി നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് പരസ്യമായി കോഹ്ലി വിമര്‍ശനമുന്നയിച്ചത്.

താന്‍ റോബോട്ടൊന്നുമല്ലെന്നും തന്റെ ശരീരത്തിലും മുറിവുണ്ടായാല്‍ വരിക രക്തം തന്നെയാണെന്നും കോഹ്ലി പറഞ്ഞു. ഇന്ത്യന്‍ നായകന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ ക്രിക്കറ്റ് തലത്തില്‍ പുതിയ പോരാട്ടങ്ങളുടെ തുടക്കമാണെന്ന വിലയിരുത്തലുകളുയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here