ദില്ലിയിലെ ദ്വാരകയ്ക്ക് സമീപം പ്രമുഖ സ്വകാര്യ സ്കൂളിലെ നാലര വയസുകാരനെതിരെയാണ് മാനഭംഗ പരാതി. ക്ലാസ് റൂമില്‍ വെച്ചും വാഷ് റൂമില്‍ വെച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ബാലികയുടെ അമ്മയുടെ പരാതി.

വിരലുപയോഗിച്ചും പെന്‍സിലുപയോഗിച്ചും പയ്യന്‍ ഉപദ്രവിച്ചതായി പെണ്‍കുട്ടിയും പറയുന്നു. സ്വകാര്യഭാഗങ്ങളില്‍ മുറിവേറ്റ കുട്ടിയെ വേദന അസഹ്യമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പീഡനശ്രമം നടന്നതായി ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു.

മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ തന്നെയാണ് സഹപാഠിയായ ആണ്‍കുട്ടി ശ്രമിച്ചതെന്ന് ബാലികയുടെ അമ്മ സ്കൂള്‍ അധികൃതരോടും പൊലീസിനോടും ആവര്‍ത്തിച്ച് പറയുന്നു.

ക‍ഴിഞ്ഞ ദിവസം സ്കൂളില്‍ നിന്ന് തിരിച്ചെത്തിയ കുട്ടി അടിവയറ്റില്‍ വേദനയുണ്ടെന്ന് പറഞ്ഞെങ്കിലും ആദ്യമത് കാര്യമാക്കിയില്ലെന്നും രാത്രിയോടെ കുട്ടി കരഞ്ഞുകൊണ്ട് ആണ്‍കുട്ടി തന്നെ ഉപദ്രവിച്ചുവെന്ന് പറയുകയുമായിരുന്നുമെന്ന് അമ്മ പറയുന്നു.

മറ്റ് കുട്ടികള്‍ ക്ലാസ് വിട്ട് പോയപ്പോള്‍ ആണ്‍കുട്ടി തന്‍റെ പാന്‍റ് ആ‍ഴിപ്പിക്കുകയും വിരലുപയോഗിച്ച് ഉപദ്രവിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു. ടീച്ചര്‍മാരോ ആയമാരോ ഈ സമയത്ത് റൂമിലുണ്ടായിരുന്നില്ലെന്നും കുട്ടി പറയുന്നു.

രാത്രി തന്നെ സ്കൂള്‍ അധികൃതര്‍ക്ക് എസ് എം എസ് മുഖേന അമ്മ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇതിനിടെ വേദന അസഹ്യമായതോടെ കുട്ടിയെ രാത്രിയില്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് മെഡിക്കോ-ലീഗല്‍ കേസായി പരിഗണിച്ച് ആശുപത്രി അധികൃതര്‍ തന്നെ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഇതോടെ പോക്സോ ചുമത്തി ആണ്‍കുട്ടിക്കെതിരെ കേസെടുത്തു.

ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ ഏ‍ഴുവയസില്‍ താ‍ഴെയുള്ള കുട്ടികള്‍ക്കെതിരെ കുറ്റം ചുമത്തുന്നതിന് വിലക്കുണ്ട്. ഈ സാഹചര്യത്തില്‍ നാലര വയസുള്ള പ്രതിക്കെതിരെ എങ്ങിനെ കേസ് മുന്നോട്ടുകൊണ്ടുപോകുമെന്ന കാര്യത്തില്‍ പൊലീസിന് വ്യക്തതയില്ല.

അതേസമയം നാലര വയസുള്ള കുട്ടിക്ക് ലൈംഗിക താല്‍പര്യത്തോടെ പെരുമാറാന്‍ ക‍ഴിയില്ലെന്ന് ഒരു വിഭാഗം നിയമ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ ദ്വാരക സൗത്ത് പൊലീസ് കേസെടുത്തു.