
തിരുവനന്തപുരം : സര്‍ക്കാരും പൊലീസും ശിശുക്ഷേമ സമിതിയും കരുതലോടെ കൈകോര്‍ത്തപ്പോള്‍ രാജസ്ഥാന്‍ സ്വദേശി രാഞ്ചോഡ് ലാല്‍ ഖരാടിക്ക് തിരികെ കിട്ടിയത് തന്റെ കുടുംബജീവിതം. ഒന്നരവര്‍ഷം മുന്‍പ് കാണാതായ ഭാര്യയേയും മകനേയും തിരികെ കിട്ടിയസന്തോഷത്തില്‍ കേരളത്തിനും മുഖ്യമന്ത്രിക്കും നന്ദി പറയാനും ഈ രാജസ്ഥാന്‍ സ്വദേശികള്‍ മറന്നില്ല.
2016 ജനുവരി 9 നാണ് രാജസ്ഥാന്‍ സ്വദേശി രാഞ്ചോഡ് ലാല്‍ ഖരാടിയുടെ ഭാര്യ റമീല ദേവിയെ തിരുവനന്തപുരം വലിയതുറ മേഖലയില്‍ അലഞ്ഞുതിരിയുന്നതായി കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇവരെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഒപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി. ഒരു വര്‍ഷത്തെ ചികിത്സയെത്തുടര്‍ന്ന് റമീല ദേവിയുടെ രോഗം ഭേദപ്പെട്ടു. തുടര്‍ന്ന് ഇവര്‍ നല്‍കിയ വിവരം അനുസരിച്ച് സര്‍ക്കാര്‍ രാജസ്ഥാന്‍ പൊലീസുമായി ബന്ധപ്പെട്ടു. അതിന്റെ ഫലമായാണ് രാജസ്ഥാനിലെ ബിച്ച വാഡ ഗ്രാമത്തില്‍ നിന്ന് റാഞ്ചോഡ് ലാല്‍ കേരളത്തില്‍ എത്തിയത്.
റമീല ദേവിയുടെ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായതെന്ന് പറയപ്പെടുന്നു. നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഈ കുടുംബത്തിന് സംരക്ഷണം നല്‍കാന്‍ രാജസ്ഥാന്‍ സര്‍ക്കാരുമായി കേരള സര്‍ക്കാര്‍ ബന്ധപ്പെട്ടിരുന്നു. തിരിച്ചുപോകുന്നതിനു മുമ്പ് ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ക്കും മാനസികാരോഗ്യകേന്ദ്രം ജീവനക്കാര്‍ക്കും സാമൂഹ്യ നീതി ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കുമൊപ്പമായിരുന്നു മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ ഇവര്‍ വന്നത്. മടക്കയാത്രയ്ക്കുള്ള ട്രെയിന്‍ ടിക്കറ്റ്, യാത്രാചിലവ്, കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയൊക്കെ നല്‍കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവരെ യാത്ര അയച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ അപൂര്‍വ സംഗമം സംബന്ധിച്ച് അറിയിച്ചത്. രാഞ്ചോഡ് ലാല്‍ ഖരാടിയുടെ ജീവിതത്തില്‍ വീണ്ടും തെളിഞ്ഞ വെളിച്ചം സന്തോഷിപ്പിക്കുന്നതാണെന്നും ഇത് കേരളത്തിന് അഭിമാനകരവുമാണെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here