ദേവസ്വം സംവരണത്തെക്കുറിച്ച് ബിജെപിയും കോണ്‍ഗ്രസും വാ തുറക്കാത്തതെന്തുകൊണ്ട്; കോടിയേരിയുടെ ചോദ്യം

ആലപ്പുഴ  ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ പിണറായി സര്‍ക്കാരിന്റെ തീരുമാനത്തില്‍ യുഡിഎഫും ബിജെപിയും നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മുസ്ളിംലീഗ് തീരുമാനത്തെ എതിര്‍ക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒരു നിലപാടും വ്യക്തമാക്കിയിട്ടില്ല. കേരളത്തിലെ ക്ഷേത്രങ്ങളെല്ലാം രാജക്കന്മാരുടെ ഉടമസ്ഥതയില്‍ ആയിരുന്നു. പിന്നീട് ദേവസ്വം ബോര്‍ഡ് രൂപീകരിച്ച ശേഷവും ക്ഷേത്രങ്ങള്‍ മുന്നോക്കക്കാരുടേതു മാത്രമായി തുടര്‍ന്നു. പിന്നോക്കക്കാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ലായിരുന്നു. 1970 വരെ ദേവസ്വം ബോര്‍ഡില്‍ രാജാവിന്റെ പ്രതിനിധിയുണ്ടായിരുന്നു. പിന്നോക്കക്കാര്‍ക്ക് ദേവസ്വം ഭരണത്തിലോ ജോലിയിലോ പങ്കാളിത്തമില്ലാതെ ഫ്യൂഡല്‍ ഭരണക്രമം തുടര്‍ന്നു. 2007 ല്‍ വിഎസ് മന്ത്രിസഭയുടെ കാലത്താണ് പട്ടികജാതിക്കാരനായ ഒരാള്‍ ദേവസ്വം ബോര്‍ഡ് അംഗമാകണമെന്ന് തീരുമാനിച്ചത്. ആ വര്‍ഷം തന്നെയാണ് ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട് നിയമഭേദഗതിയുണ്ടാക്കിയത്. 2014ല്‍ ഉണ്ടാക്കിയ സംവരണ വ്യവസ്ഥ നടപ്പാക്കാന്‍ യുഡിഎഫ് തയ്യാറായില്ല. 2015 ല്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചട്ടങ്ങള്‍ രൂപീകരിക്കുകയും അതില്‍ 32 ശതമാനം പിന്നോക്ക സംവരണം വ്യവസ്ഥ ചെയ്യുകയും ചെയ്തു.

എന്നാല്‍ ഒരാള്‍ക്കുപോലും യുഡിഎഫ് സര്‍ക്കാര്‍ ജോലി കൊടുത്തില്ല. ഉള്ള സംവരണ ആനുകൂല്യംകൂടി നിഷേധിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള പ്രായപരിധി ഇളവുപോലും പരിഗണിക്കാതെ അപേക്ഷകള്‍ തള്ളി. ഫലത്തില്‍ ദേവസ്വം ബോര്‍ഡില്‍ ഒരു പിന്നോക്കക്കാരനുപോലും നിയമനം ലഭിച്ചില്ല. എന്നാല്‍ 2016ല്‍ പിണറായി സര്‍ക്കാര്‍ പുതിയ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിച്ച് സംവരണതത്വം പാലിച്ച് 62 ശാന്തിക്കാരെ നിയമിച്ചു. അതില്‍ 36 പേര്‍ അബ്രാഹ്മണരാണ്. 6 പേര്‍ പട്ടികജാതിക്കാരും. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷമുള്ള ഏറ്റവും വലിയ സാമൂഹ്യ വിപ്ളവമായാണ് ഇത് വിലയിരുത്തപ്പെട്ടത്. ഈ സാഹചര്യത്തിലാണ് എല്ലാ ദേവസ്വം ബോര്‍ഡുകളിലും സംവരണതത്വം നടപ്പാക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ നടപ്പാക്കിയത് എന്‍എസ്എസിന്റെയോ എസ്എന്‍ഡിപിയുടെയോ സംവരണനയമല്ല, എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞതാണ്. 50 ശതമാനത്തിലധികം സംവരണം പാടില്ലെന്നാണ് ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളതും സുപ്രീംകോടതി വിധിയും. അതില്‍ കൂടുതല്‍ സംവരണം സര്‍ക്കാര്‍ കൊടുക്കുന്നില്ല.

40 ശതമാനം സംവരണം പിന്നോക്കക്കാര്‍ക്ക് കൊടുക്കുമ്പോള്‍ മുന്നോക്കക്കാരിലെ പാവങ്ങള്‍ക്ക് 10 ശതമാനം കൊടുക്കുന്നു. ഇത് ഭരണഘടനാ ലംഘനമല്ല.
സര്‍ക്കാര്‍ സര്‍വീസില്‍ പിഎസ്സി വഴി നിയമനം നടത്തുമ്പോള്‍ സാമ്പത്തികസംവരണം നടപ്പാക്കാനാകില്ല. കാരണം അതിന് ഭരണഘടന ഭേദഗതി ചെയ്യണം. ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ സ്ഥാപനവുമല്ല പ്രവര്‍ത്തനം സര്‍ക്കാര്‍ ഫണ്ടുകൊണ്ടുമല്ലാത്തതിനാല്‍ ഭരണഘടനാ ലംഘനത്തിന്റെ പ്രശ്നമുദിക്കുന്നില്ല.

അതുകൊണ്ടുതന്നെ സാമൂഹ്യമാറ്റം ആഗ്രഹിക്കുന്നവര്‍ സാമൂഹ്യനീതിക്കുവേണ്ടിയുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കൊപ്പം നില്‍ക്കണം.സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമത്തില്‍ പങ്കാളികളാകരുത്.

സംവരണം സബന്ധിച്ച പാര്‍ടി കാഴ്ചപ്പാട് 1990 നവംബറില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നുണ്ട്. വി പി സിംഗ് മന്ത്രിസഭയുടെ കാലത്ത് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ കേന്ദ്രസര്‍വീസില്‍ 27 ശതമാനം സംവരണം സിപിഐ എം ആവശ്യപ്പെട്ടു. അതോടൊപ്പം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്കും നിശ്ചിത ശതമാനംസംവരണം ആവശ്യപ്പട്ടു. 1991ല്‍ ലാകസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ഇക്കാര്യം വ്യക്തമാക്കി. നരേന്ദന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും സിപിഐ എം ഇക്കാര്യം പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News