ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്‌സും ജംഷഡ്പുര്‍ എഫ്‌സിയും ഇന്ന് ഏറ്റുമുട്ടും

ഐഎസ്എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേ‍ഴ്സും ജംഷഡ്പുര്‍ എഫ്സിയും ഏറ്റുമുട്ടും. ആദ്യ മത്സരം സമനില വ‍ഴങ്ങിയതിനാല്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്. ബ്ലാസ്റ്റേ‍ഴ്സിന്‍റെ മുന്‍ കോച്ച് സ്റ്റീവ് കോപ്പലിന്‍റെ പരിശീലനത്തില്‍ ജംഷഡ്പുര്‍ ഇറങ്ങുന്പോ‍ള്‍, ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് കളം നിറഞ്ഞ് ക‍ളിക്കാനാകും മഞ്ഞപ്പട ശ്രമിക്കുക.

കൊച്ചി സ്റ്റേഡിയത്തില്‍ നിറഞ്ഞുനിന്ന ആരാധകര്‍ക്ക് ആദ്യദിനം നിരാശ നല്‍കിയ മഞ്ഞപ്പട ഇന്ന് മികച്ച മുന്നേറ്റം നടത്തി ജയത്തോടെ തിരിച്ചുവരാനൊരുങ്ങുകയാണ്. ഐഎസ്എല്ലിലെ പുതിയ ടീമായ ജംഷഡ്പുര്‍ എഫ്സിയോടെ ഏറ്റുമുട്ടുന്പോള്‍ ബ്ലാസ്റ്റേ‍ഴ്സിന്‍റെ ജയത്തില്‍ കുറഞ്ഞതൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല.

ക‍ഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേ‍ഴ്സിനെ ഫൈനലില്‍ എത്തിച്ച സ്റ്റീവ് കോപ്പലിന്‍റ ശിക്ഷണത്തിലാണ് ജാംഷ്‌ഡെപൂര്‍ എത്തുന്നതും. അദ്ദേഹത്തിന്‍റെ ടീമിനെ പരാജയപ്പെടുത്തുന്നത്‌ ക്ലേശകരമാകുമെന്ന് ബ്ലാസ്റ്റേ‍ഴ്സ് കോച്ച് റെനെ മ്യൂലെന്‍സ്റ്റീന്‍ പറഞ്ഞു. ആക്രമണം ശക്തമാക്കാനുള്ള തയ്യാറെടുപ്പുകള്‍ നന്നായി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ മത്സരത്തില്‍ ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയില്‍ തളച്ച ജംഷഡ്പുരിനും ജയം അനിവാര്യമാണ്. ക‍ഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേ‍ഴ്സിന്‍റെ മുന്‍ നിര താരമായ ബെര്‍ഫോര്‍ട്ട്, മലയാളി അനസ് എടത്തൊടിക ഉള്‍പ്പെടെയു‍ള‍ളവര്‍ ഇത്തവണ ജംഷഡ്പുരിനായാണ് ഇറങ്ങുക.

ബ്ലാസ്റ്റേഴ്‌സില്‍ നിന്നും കോപ്പല്‍ കൊണ്ടുപോയ ഇഷ്‌ഫാഖ്‌ അഹമ്മദ് ജാംഷ്‌ഡെപൂരിന്റെ ടെക്‌നിക്കല്‍ സ്റ്റാഫാണ്‌. കൊച്ചിയില്‍ വീണ്ടും എത്തുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ കോപ്പല്‍ ബ്ലാസ്റ്റേ‍ഴ്സിന്‍റെ വെല്ലുവിളികള്‍ നേരിടാന്‍ ടീമിന് ക‍ഴിയുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

ബ്ലാസ്റ്റേ‍ഴ്സ് ടീമില്‍ ബെര്‍ബറ്റോ‍വും ഹ്യൂമും അടങ്ങുന്ന ആദ്യ ഇലവണില്‍ വലിയ മാറ്റം വരില്ലെന്ന സൂചനയാണ് മ്യൂലസ്റ്റീന്‍ നല്‍കുന്നത്. പരിക്കിന്‍റെ പിടിയിലായ വെസ് ബ്രൗണ്‍ ഭേദപ്പെട്ട് വരികയാണെന്നറിയിച്ച പരിശീലകന്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here