കുറിഞ്ഞി സാങ്‌ച്വറി അതിര്‍ത്തി നിര്‍ണയത്തിനുള്ള സര്‍ക്കാര്‍ പദ്ധതി ഇങ്ങനെ

ഇടുക്കി; നിര്‍ദിഷ്ട കുറിഞ്ഞി സാങ്‌ച്വറിയുടെ അതിര്‍ത്തി നിര്‍ണ്ണയം ആറ്‌ മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന്‌ സര്‍ക്കാര്‍. ജനവാസ മേഖലയെ പൂര്‍ണ്ണമായും ഒഴിവാക്കിയാണ്‌ അതിര്‍ത്തി നിശ്ചയിക്കുന്നത്‌.

കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചും നിയമാനുസൃതം പട്ടയമുള്ളവരെ പുരധിവസിപ്പിച്ചുമായിരിക്കും അതിര്‍ത്തി നിര്‍ണ്ണയം പൂര്‍ത്തിയാക്കുന്നത്‌.

12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയെയും അവയുടെ ആവാസ്‌ വ്യവസ്ഥയായ ചോലക്കാടുകളെയും സംരക്ഷിക്കുന്നതിനായി 2006 ഒക്ടോബര്‍ ഏഴിനാണ്‌ ഇടുക്കി ജില്ലയിലെ കൊട്ടക്കമ്പൂര്‍, വട്ടവട പഞ്ചായത്തുകള്‍ ചേര്‍ന്ന പ്രദേശം കുറിഞ്ഞി സാങ്‌ച്വറിയായി പ്രഖ്യാപിച്ചത്‌.

സാങ്‌ച്വറിക്കായി 3200 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ഏറ്റെടുക്കുന്ന സ്ഥലത്തെ ഭൂമിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന്‌ ദേവികുളം സബ്‌കലക്ടറെ സെറ്റില്‍മെന്റ്‌ ഒഫീസറായി നിയമിക്കുകയും ചെയ്‌തിരുന്നു.

എന്നാല്‍ സാങ്‌ച്വറിയുടെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കാനായില്ല. കൃഷിയിടങ്ങള്‍ വിട്ട്‌ കൊടുക്കാന്‍ കര്‍ഷകര്‍ തയ്യാറാകാത്തതും കൃത്യമായി കയ്യേറ്റ ഭൂമി കണ്ടെത്തി ഒഴിപ്പിക്കാന്‍ കഴിയാത്തതും തിരിരച്ചടിയായി.

അതേസമയം, അടുത്ത വര്‍ഷമെത്തുന്ന കുറിഞ്ഞി പൂക്കാലത്തിന്‌ മുന്നെ അതിര്‍ത്തി നിര്‍ണ്ണയം പൂര്‍ത്തിയാക്കാനാണ്‌ സര്‍ക്കാര്‍ ശ്രമം. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനൊപ്പം നിയമാനുസൃതം പട്ടയം ഉള്ളവരെ പുനരധിവസിപ്പിച്ചുമായിക്കും അതിര്‍തി നിര്‍ണ്ണയം പൂര്‍ത്തിയാക്കുക.

ഇതുമായി ബന്ധപ്പെട്ട്‌ വിശദമായി പഠനം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ വനം വകുപ്പ്‌ മന്ത്രി സെറ്റില്‍മെന്റ്‌ ഒഫീസര്‍ക്ക്‌ നിര്‌ദേശം നല്‍കിയിട്ടുണ്ട്‌.

മന്ത്രിമാരായ എംഎം മണി, ഇ ചന്ദ്രശേഖരന്‍, കെ രാജു എന്നിവരടങ്ങുന്ന സമിതി വൈകാതെ കൊട്ടക്കമ്പൂര്‍, വട്ടവട മേഖലകള്‍ സന്ദര്‍ശിക്കും. ആറ്‌ മാസത്തിനകം അതിര്‍ത്തി നിര്‍ണ്ണയം പൂര്‍ത്തിയാക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News