ഗോവയില്‍ അഞ്ചാം നാള്‍ മാതളം കായ്ച്ചു; അസര്‍ബൈജാന്‍ ചിത്രത്തിന് നിറഞ്ഞ കൈയ്യടി

ഗോവ: പതിഞ്ഞ താളമാണ് ഇത്തവണ ഗോവയ്ക്ക്. ചലച്ചിത്രമേളയുടെ മതില്‍ക്കെട്ടിനു പുറത്തെ ഗോവയുടെ തനതായ ആരവങ്ങളും ആഘോഷങ്ങളുമല്ലാതെ, എണ്ണം പറഞ്ഞ സിനിമകളൊന്നും എടുത്തു പറയാനില്ല.

ആരെയെങ്കിലും ആഴത്തില്‍ ബധിക്കുകയോ പിടിച്ചുലക്കുകയോ ചെയ്ത ഒരു ചലച്ചിത്ര സൃഷ്ടിയുടെയും പേര് പറഞ്ഞ് കേള്‍ക്കാനുമില്ല. എവിടെയും ഒരു ഉറക്കച്ചടവ്, മന്ദത.

സര്‍ഗ്ഗാത്മകതയുടെ വലിയ മുരടിപ്പുകള്‍ പോലെ പ്രബന്ധസമാനമായ ചില രചനകള്‍ക്ക് മുന്നില്‍ നിന്ന് പാതിയാകുമ്പോഴും എഴുന്നേറ്റ് വരേണ്ട സ്ഥിതിയാണ്.

ഇനി രണ്ടാം പകുതിയിലാണ് പ്രതീക്ഷ. അപ്പോഴാണ് അഞ്ചാംദിനം അസര്‍ബൈജാന്‍ ചിത്രം ഇഗാര്‍ നജാഫിന്റെ ‘പോമിഗ്രാനൈറ്റ് ഓര്‍ക്കാര്‍ഡ്’ വലിയ ആശ്വാസമായത്.

നിറയെ മാതളം കായ്ച്ച് നില്‍ക്കുന്ന ഒരു അസര്‍ബൈജാന്‍ ഗ്രാമം കാണിക്കുകയാണ് നജാഫ്. മാതളക്കര്‍ഷകനായ ഗാബിലിന്റെ സ്വകാര്യ അഹങ്കാരമാണ് തന്റെ തോട്ടം.

മകന്റെ ഭാര്യയും അവളുടെ 12കാരിയായ മകനുമാണ് തോട്ടത്തിലെ പഴയ വീട്ടില്‍ അയാള്‍ക്ക്് കൂടെയുള്ളത്. മാതളക്കൃഷിയില്‍ ഗാബിലിനെ വെല്ലാന്‍ മറ്റൊരാളില്ല.

അയാളുടെ മാതളം വാങ്ങാന്‍ വിലപേശുന്നവരോട് അയാള്‍ അതിന്റെ അഹങ്കാരം കാണിക്കുന്നുണ്ട്. കഥ അങ്ങനെയാണ് തുടരുന്നത്.

സിനിമ തുടങ്ങുന്നത് തന്നെ ജനലിനുള്ളിലൂടെ ചുവന്നു തുടുത്ത മാതളം കാണിച്ചുകൊണ്ടാണ്, പിന്നെ വര്‍ണ്ണാന്ധത ബാധിച്ചുകൊണ്ടിരിക്കുന്ന ഗാബിലിന്റെ പേരമകനിലേക്ക് ക്യാമറ നീളുകയാണ്.

മാതളത്തിന്റെ സമൃദ്ധിയുണ്ടായിട്ടും ജീവിതത്തിലേക്ക് അതിന്റെ ആഹ്ലാദം പന്തലിക്കാത്ത കുറേ മനുഷ്യരെ കാണിക്കുകയാണ് സിനിമ. ചുവന്നു തുടുത്തമാതളക്കാഴ്ച്ചകളുടെ സൗന്ദര്യം ജീവിതത്തില്‍ എടുത്തണിയാനാവാത്തവര്‍.

മാതളക്കര്‍ഷകനായ ഗാബിലിന്റെ താന്തോന്നിയെന്ന് സിനിമ വിശേഷിപ്പിക്കുന്ന മകന്‍ ഷാമില്‍ 12 വര്‍ഷം മുമ്പ് ഒരു വാക്കുപോലും പറയാതെ നാടു വിട്ടവനാണ്.

മകന്‍ എങ്ങോട്ടെന്നില്ലാതെ പോയപ്പോള്‍ മകന്റെ ഭാര്യയും പേരമകനും ആ വൃദ്ധ കര്‍ഷകന്റെ സംരക്ഷണയിലായി. ഒരു മഴ നിറഞ്ഞ രാത്രിയില്‍ ഷാമില്‍ ആ വീട്ടിലേക്ക് കടന്നു വരുന്നു.

മാതളത്തോട്ടങ്ങള്‍ക്കിടയില്‍ ജീവിതം പതുക്കെ സന്തോഷപ്രദമാകുന്നു. സ്വന്തം മകന്‍ വരെ ആദ്യം മടിച്ചുനിന്നാണ്
അയാളിലേക്ക് അടുക്കുന്നത്. ഭാര്യയും ആഹ്ലാദം വീണ്ടെടുക്കുന്നു. മാതളം നിറഞ്ഞ മച്ചില്‍ വെച്ച് അവര്‍ രമിക്കുന്നു.

അച്ഛന്‍-മകന്‍ സംഘര്‍ഷം പല സങ്കീര്‍ണ്ണ വൈകാരിക തലത്തില്‍ ഏറ്റുമുട്ടുമ്പോഴും ആകെക്കൂടി സന്തോഷത്തിന്റെ മാതളങ്ങള്‍ നിറഞ്ഞ് കായ്ക്കുന്നു. പക്ഷേ ആ സന്തോഷകാലം അധികം നീളാതെ തിരികെ വന്ന ഷാമില്‍ തിരിച്ചു പോവുകയാണ്.

അയാള്‍ക്ക് റഷ്യയില്‍ വേറൊരു കുടുംബമുണ്ടെന്നാണ് അയാളുടെ സുഹൃത്ത് പറയുന്നത്. എന്തോ, അയാളും തിരികെപ്പോകുമ്പോള്‍ ദുഖിതനാണ്. അയാള്‍ മകനോടും ഭാര്യയോടും യാത്ര പറയുന്നു.

കര്‍ഷകന്റെ ജീവിതം പഴയ പടിയാകുന്നു. മാതളങ്ങള്‍ നിറയെ കായ്ക്കുന്നുണ്ട് പക്ഷേ സന്തോഷം മാത്രം കായ്ക്കാത്തൊരു വീട്. വര്‍ണ്ണാന്ധത പൂര്‍ണ്ണമായും അയാളുടെ പേരമകനിലേക്ക് പടരുന്നു.

വര്‍ണ്ണാന്ധത ബാധിച്ച കണ്ണിലൂടെയെന്ന പോലെ ക്യാമറ കരിഞ്ഞ കായകള്‍ നിറഞ്ഞ മാതളമരം കാണിക്കുന്നു. സിനിമ തീരുന്ന അവസാനാത്തെ ഷോട്ട് അതാണ്.

കൈയ്യടക്കത്തിന്റെ കലയാകുകയാണ് ഇഗാര്‍ നജാഫിന്റെ സിനിമ പോമിഗ്രാനൈറ്റ് ഓര്‍ക്കാര്‍ഡ്. എവിടെയും അതിഭാവുകത്വം തുളുമ്പുന്നില്ല. വൈകാരിക മുഹുര്‍ത്തങ്ങളെല്ലാം ആഴത്തില്‍ അനുഭവിപ്പിക്കുകയാണ്.

അല്‍ഭുതങ്ങളാവാന്‍ എവിടെയും മുതിരുന്നില്ല. ഒരച്ഛന്റെയും മകന്റെയും ആത്മ സംഘര്‍ഷങ്ങള്‍, സ്ത്രീയുടെ സഹനങ്ങള്‍, ബാല്യത്തിന്റെ നിസ്സഹായത-സിനിമ ഏതാണ്ട് പറഞ്ഞ് പോകുന്നത് ഇതൊക്കെയാണ്.

ജീവിതത്തിന്റെ ഈ നിറഞ്ഞ അസര്‍ബൈജാന്‍ പഴത്തോട്ടത്തിലാണ് അഞ്ചാം നാള്‍ ഗോവ ആനന്ദം കണ്ടെത്തിയത്. മികച്ച വിദേശ ചിത്രത്തിനുള്ള അടുത്തവര്‍ഷത്തെ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചിരിക്കുന്ന ചിത്രമാണ് പോമിഗ്രാനൈറ്റ് ഓര്‍ക്കാര്‍ഡ്.

കാര്‍ലോവാരി മേളയിലും സിനിമ കൈയ്യടി വാങ്ങുകയായിരുന്നു. നേരത്തെ. പ്രത്യക്ഷത്തിലുള്ള രാഷ്ട്രീയ ചിത്രങ്ങള്‍ പലമാതിരി ഗോവയിലേക്ക് കൊടുത്തയച്ചിട്ടുള്ള നാടാണ് പഴയ സോവിയറ്റ് റിപ്പബ്ലിക്കായിരുന്ന അസര്‍ബൈജാന്‍.

ജീവിതത്തിന്റെ പ്രതിസന്ധിയില്‍ മുങ്ങിത്താഴുന്ന ഈ സിനിമയിലെ മനുഷ്യരും വൈകാരിക തലത്തിന് പുറത്ത് സൂഷ്മ രാഷ്ട്രീയത്തിന്റെ സന്തതികളാണ്. അത്തരത്തിലുള്ള ആഴത്തിലുള്ള പാരായണം വേറെ നടക്കേണ്ടതുണ്ട്. കേരള മേളയില്‍ മത്സര വിഭാഗത്തില്‍ നമുക്ക് ഈ മാതളത്തോട്ടം കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here