നാല് ദശാബ്ദത്തിന് ശേഷം സിംബാബ്വെയില്‍ പുതിയ യുഗം; എമേഴ്‌സണ്‍ നാന്‍ഗാഗ്വ അധികാരമേറ്റു

ഹരാരേ: സിംബാബ്‌വെയില്‍ പുതിയ പ്രസിഡന്റായി എമേഴ്‌സണ്‍ നാന്‍ഗാഗ്വ അധികാരമേറ്റു. മുഗാബെ വൈസ്പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയശേഷം പ്രാണരക്ഷാര്‍ഥം രാജ്യംവിട്ട മുതിര്‍ന്ന നേതാവാണ് നാന്‍ഗാഗ്വ.

രണ്ടാഴ്ചയായി ദക്ഷിണാഫ്രിക്കയിലായിരുന്ന നാന്‍ഗാഗ്വ, മുഗാബെ പ്രസിഡന്റുസ്ഥാനം രാജിവച്ചതോടെ ബുധനാഴ്ച മടങ്ങിയെത്തിയത്. 2018 സെപ്തംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പുവരെ എമേഴ്‌സണ്‍ പ്രസിഡന്റായി തുടരുമെന്ന് സാനു പിഎഫ് പാര്‍ടി വക്താവ് പറഞ്ഞു.

രാജ്യത്തെ പുനര്‍നിര്‍മിക്കാന്‍ ജനത ഒറ്റക്കെട്ടായി ഒരുങ്ങണമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് ദക്ഷിണാഫ്രിക്കയില്‍നിന്ന് അയച്ച കത്തില്‍ നാന്‍ഗാഗ്വ അഭ്യര്‍ഥിച്ചിരുന്നു.

ഭരണകക്ഷിയായ സാനു പിഎഫ് പാര്‍ടി കഴിഞ്ഞദിവസം മുഗാബെയെ നീക്കി നാന്‍ഗാഗ്വയെ അധ്യക്ഷപദവിയിലേക്ക് അവരോധിച്ചിരുന്നു. നാന്‍ഗാഗ്വയെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയ മുഗാബെ ഭാര്യ ഗ്രേസിനെ പിന്‍ഗാമിയായി പ്രഖ്യാപിക്കാനിരിക്കെയാണ് സൈന്യം അധികാരം പിടിച്ചെടുത്ത് മുഗാബെയെ വീട്ടുതടങ്കലിലാക്കിയത്.

മുഗാബെയുടെ രാജിവാര്‍ത്ത സിംബാബ്വെക്കാര്‍ ആഘോഷിക്കുന്ന കാഴ്ചയാണ്. 37 വര്‍ഷത്തെ മുഗാബെഭരണത്തിന് അന്ത്യംകുറിച്ചതില്‍ ജനത ആഹ്‌ളാദത്തിലാണ്. ചൊവ്വാഴ്ച രാത്രിയാണ് മുഗാബെ രാജിവച്ചത്.

പാര്‍ലമെന്റില്‍ ഇംപീച്ച് നടപടി പുരോഗമിക്കവെയായിരുന്നു രാജിപ്രഖ്യാപനം. രാജ്യത്ത് സമാധാനപരമായ അധികാരകൈമാറ്റം സാധ്യമാക്കുന്നതിനായി താന്‍ രാജിവയ്ക്കുകയാണെന്നാണ് സ്പീക്കര്‍ ജേക്കബ് മണ്ടുഡോയ്ക്ക് അയച്ച കത്തില്‍ മുഗാബെ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here