കണ്ണൂര്‍: കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന് ശനിയാഴ്ച 23 വര്‍ഷം പൂര്‍ത്തിയാകുന്നു. രാജ്യമാകെ യുവജനപോരാട്ടത്തിന് കരുത്ത് പകരുന്നതാണ് കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണ.

ജീവിക്കുന്ന രക്തസാക്ഷി പുഷ്പനും ആവേശത്തിന്റെ പ്രതീകം. ഇന്ത്യന്‍ യുവജനപോരാട്ട ചരിത്രത്തിലെ ത്രസിപ്പിക്കുന്ന അധ്യായത്തിന്റെ ഓര്‍മ പുതുക്കി ഡിവൈഎഫ്ഐ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

പതാക ഉയര്‍ത്തിയും അനുസ്മരണ റാലികളും പൊതുയോഗങ്ങളും സംഘടിപ്പിച്ചും നാട് രക്തതാരകങ്ങള്‍ക്ക് പ്രണാമമര്‍പ്പിക്കും.

ദിനാചരണ ഭാഗമായി അഞ്ച് രണധീരരും വെടിയേറ്റു വീണ സ്ഥലത്തുനിന്ന് വൈകിട്ട് നൂറുകണക്കിന് അത്ലറ്റുകളുടെ അകമ്പടിയോടെ ദീപശിഖാ റിലേ പുറപ്പെടും.

4.30ന് തൊക്കിലങ്ങാടിയും പുറക്കളവും കേന്ദ്രീകരിച്ച് വൈറ്റ് വളണ്ടിയര്‍ മാര്‍ച്ചും റാലിയും നടക്കും. കൂത്തുപറമ്പ് രക്തസാക്ഷി നഗറില്‍ അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറി എം സ്വരാജ്, പ്രസിഡന്റ് എ എന്‍ ഷംസീര്‍, സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ എന്നിവര്‍ സംസാരിക്കും.

വിദ്യാഭ്യാസ കമ്പോളവല്‍ക്കരണത്തിനും നിയമന അഴിമതിക്കുമെതിരായ പോരാട്ടത്തിനിടെയാണ് 1994 നവംബര്‍ 25ന് കെ കെ രാജീവന്‍, ഷിബുലാല്‍, കെ വി റോഷന്‍, മധു, ബാബു എന്നീ അഞ്ച് യുവ പോരാളികളെ നാടിന് നഷ്ടമായത്.

പുഷ്പന്‍ ശയ്യാവലംബിയായി. കൂത്തുപറമ്പ് അര്‍ബന്‍ ബാങ്ക് സായാഹ്ന ശാഖ ഉദ്ഘാടനത്തിനെത്തിയ അന്നത്തെ സഹകരണ മന്ത്രി എം വി രാഘവനെതിരെ കരിങ്കൊടി കാട്ടി സമാധാനപരമായി പ്രതിഷേധമുയര്‍ത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് നിഷ്കരുണം വെടിയുതിര്‍ക്കുകയായിരുന്നു.

വെടിവയ്പ് അനാവശ്യവും ഒഴിവാക്കാവുന്നതുമായിരുന്നെന്നും ഇതിന് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നുമായിരുന്നു സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്റെ റിപ്പോര്‍ട്ട്.

‘കോര്‍പറേറ്റ് നയങ്ങള്‍ക്കും മതാന്ധതയ്ക്കുമെതിരെ’ എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാനത്തെ എല്ലാ ബ്ളോക്ക് കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐ ശനിയാഴ്ച യുവജന റാലി സംഘടിപ്പിക്കും.